ആവേശപ്പോരില്‍ എമറാള്‍ഡിനെ വീഴ്ത്തി, കെസിഎ പിങ്ക് ടി20 കിരീടം പേൾസിന്; നജ്‌ല സിഎംസി ടൂര്‍ണമെന്‍റിലെ താരം

Published : May 15, 2025, 04:03 PM ISTUpdated : May 15, 2025, 04:05 PM IST
ആവേശപ്പോരില്‍ എമറാള്‍ഡിനെ വീഴ്ത്തി, കെസിഎ പിങ്ക്  ടി20 കിരീടം പേൾസിന്; നജ്‌ല സിഎംസി ടൂര്‍ണമെന്‍റിലെ താരം

Synopsis

221 റൺസും 15 വിക്കറ്റുകളും നേടി ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ എമറാൾഡ് ക്യാപ്റ്റൻ നജ്‌ല സിഎംസിയാണ് ടൂർണ്ണമെന്‍റിന്‍റെ താരം. സാഫയറിന്‍റെ ക്യാപ്റ്റൻ അക്ഷയ സദാനന്ദൻ ടൂർണ്ണമെന്‍റിലെ മികച്ച ബാറ്ററായും റൂബിയുടെ വിനയ സുരേന്ദ്രൻ മികച്ച ബൗളറായും തെരഞ്ഞെടുക്കപ്പെട്ടു.

തിരുവനന്തപുരം: കെസിഎ പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണ്ണമെന്‍റിൽ പേൾസ് ചാമ്പ്യന്മാർ. ഫൈനലിൽ എമറാൾഡിനെ പത്ത് റൺസിന് തോൽപിച്ചാണ് പേൾസ് കിരീടം ഉയർത്തിയത്. ആദ്യം ബാറ്റ് ചെയ്ത പേൾസ് 20 ഓവറിൽ 81 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ എമറാൾഡ് 17.3 ഓവറിൽ 71 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. പേൾസിന് വേണ്ടി 16 റൺസെടുക്കുകയും രണ്ട് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്ത മൃദുല വി എസ് ആണ് പ്ലെയർ ഓഫ് ദി മാച്ച്.

ഇരു ടീമുകളുടെയും ബാറ്റർമാർ നിരാശപ്പെടുത്തിയ മൽസരത്തിൽ ബൗളർമാരുടെ പ്രകടനമാണ് നിർണായകമായത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പേൾസിന് തുടക്കം മുതൽ വിക്കറ്റുകൾ മുറയ്ക്ക് വീണു. 17 റൺസെടുത്ത നിയ നസ്നീന്‍റെയും 16 റൺസെടുത്ത മൃദുല വി എസിന്‍റെയും പ്രകടനമാണ് പേൾസിന്‍റെ സ്കോർ 81 വരെയെത്തിച്ചത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ നജ്‌ല സിഎംസിയും രണ്ട് വിക്കറ്റെടുത്ത അലീന എം പിയുമാണ് എമറാൾഡിന് വേണ്ടി മികച്ച രീതിയിൽ പന്തെറിഞ്ഞത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ എമറാൾഡിന് അഞ്ച് റൺസെടുത്ത ഓപ്പണർ മാളവിക സാബുവിന്‍റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. വൈഷ്ണയും നിത്യയും ചേർന്ന കൂട്ടുകെട്ട് എമറാൾഡിന് പ്രതീക്ഷ നൽകിയെങ്കിലും സ്കോർ 35ൽ നിൽക്കെ തുടരെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടത് തിരിച്ചടിയായി. വൈഷ്ണ 14ഉം നിത്യ 16ഉം ക്യാപ്റ്റൻ നജ്‌ല പൂജ്യത്തിനും പുറത്തായി.

തുടർന്നെത്തിയവരിൽ 15 റൺസെടുത്ത അനുഷ്കയ്ക്ക് മാത്രമാണ് പിടിച്ചു നിൽക്കാനായത്. 71 റൺസിന് എമറാൾഡ് ഓൾ ഔട്ടായതോടെ പേൾസിനെ തേടി പത്ത് റൺസിന്‍റെ വിജയവും കീരിടവുമെത്തി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ ഷാനിയാണ് പേൾസ് ബൗളിങ് നിരയിൽ തിളങ്ങിയത്. മൃദുല, കീർത്തി ജെയിംസ്, നിയ നസ്നീൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

221 റൺസും 15 വിക്കറ്റുകളും നേടി ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ എമറാൾഡ് ക്യാപ്റ്റൻ നജ്‌ല സിഎംസിയാണ് ടൂർണ്ണമെന്‍റിന്‍റെ താരം. സാഫയറിന്‍റെ ക്യാപ്റ്റൻ അക്ഷയ സദാനന്ദൻ ടൂർണ്ണമെന്‍റിലെ മികച്ച ബാറ്ററായും റൂബിയുടെ വിനയ സുരേന്ദ്രൻ മികച്ച ബൗളറായും തെരഞ്ഞെടുക്കപ്പെട്ടു. പേൾസിന്‍റെ 14 വയസ്സ് മാത്രം പ്രായമുള്ള കൗമാര താരം ആര്യനന്ദ എൻ എസ് ആണ് ഭാവിതാരത്തിനുള്ള പുരസ്ക്കാരത്തിന് അർഹയായത്. 172 റൺസും ഒൻപത് വിക്കറ്റും നേടി ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു പോലെ തിളങ്ങിയ മികവാണ് ആര്യനന്ദയെ പുരസ്കാരത്തിന് അർഹയാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ഏകദിന റാങ്കിംഗ്, ഒന്നാം സ്ഥാനം നിലനിര്‍ത്തി രോഹിത് ശര്‍മ, വിരാട് കോലി തൊട്ടുപിന്നില്‍, രാഹുലിനും നേട്ടം
ഗില്ലിന് പകരം ഓപ്പണറായി സഞ്ജു?, ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20 നാളെ, സാധ്യതാ ഇലവൻ