കേരളത്തിന്‍റെ ക്രിക്കറ്റ് മാമാങ്കത്തിന് ഇന്ന് തുടക്കം; സഞ്ജു വീണ്ടും ക്രീസില്‍, ആദ്യ മത്സരം കൊല്ലം സെയ്‌ലേഴ്സും കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും തമ്മിൽ

Published : Aug 21, 2025, 07:49 AM IST
KCL Season 2 Captains

Synopsis

കാര്യവട്ടം ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. റണ്ണൊഴുകുന്ന പിച്ചിൽ കൂറ്റൻ സ്കോറുകൾ പ്രതീക്ഷിക്കാമെന്നാണ് പരിശീലന മത്സരം നൽകുന്ന സൂചന.

തിരുവനന്തപുരം: ഇനി ക്രിക്കറ്റ് ആവേശത്തിൻ്റെ മൂന്നാഴ്ച്ചക്കാലം. അനന്തപുരിയിൽ കേരളത്തിൻ്റെ ക്രിക്കറ്റ് പൂരത്തിന് അരങ്ങുണരുകയാണ്. ആറ് ടീമുകൾ, 33 മത്സരങ്ങൾ. ഉശിരൻ പോരാട്ടങ്ങൾക്കൊപ്പം പുത്തൻ താരോദയങ്ങൾക്കുമായുള്ള കാത്തിരിപ്പിലാണ് കേരളത്തിലെ ക്രിക്കറ്റ് ആരാധക‌‍ർ. കാര്യവട്ടം ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. റണ്ണൊഴുകുന്ന പിച്ചിൽ കൂറ്റൻ സ്കോറുകൾ പ്രതീക്ഷിക്കാമെന്നാണ് പരിശീലന മത്സരം നൽകുന്ന സൂചന.

അദാനി ട്രിവാൺഡ്രം റോയൽസ്, ഏരീസ് കൊല്ലം സെയിലേഴ്സ്, ആലപ്പി റിപ്പിൾസ്, കൊച്ചി ബ്ലൂ ടൈ​ഗേഴ്സ്, ഫിന്സ് തൃശൂ‍ർ ടൈറ്റൻസ്, കാലിക്കറ്റ് ​ഗ്ലോബ് സ്റ്റാ‍ർസ് എന്നിവയാണ് ലീഗിൽ പങ്കെടുക്കുന്ന ടീമുകൾ. ഓരോ ദിവസം രണ്ട് മത്സരങ്ങൾ വീതമാണുള്ളത്. ഉച്ചയ്ക്ക് 2.30നാണ് ആദ്യ മത്സരം തുടങ്ങുക. ആദ്യ ദിനമൊഴികെ മറ്റെല്ലാ ദിവസവും വൈകിട്ട് 6.45ന് രണ്ടാം മത്സരവും നടക്കും. ലീ​ഗ് ഘട്ടത്തിൽ ഓരോ ടീമുകളും പരസ്പരം രണ്ട് തവണ വീതം ഏറ്റുമുട്ടും. കൂടുതൽ പോയിൻ്റുള്ള നാല് ടീമുകൾ സെമിയിലേക്ക് മുന്നേറും. സെപ്റ്റംബ‍ർ അഞ്ചിനാണ് സെമി ഫൈനൽ മത്സരങ്ങൾ നടക്കുക. ഏഴിന് ഫൈനൽ പോരാട്ടവും അരങ്ങേറും.

കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ കൊല്ലം സൈലേഴ്സും കാലിക്കറ്റ് ഗ്ലോബ്സ്റ്റാറും ആദ്യ മത്സരത്തിൽ ഏറ്റമുട്ടുക. കളിക്ക് ശേഷം ഔദ്യോ​ഗിക ഉദ്ഘാടന ചടങ്ങുകൾ അരങ്ങേറും. വർണാഭമായി നടത്തുന്ന പരിപാടിയിൽ കെ.സി.എൽ ബ്രാൻഡ് അംബാസിഡർ മോഹൻലാൽ പങ്കെടുക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് അമ്പത് കലാകാരന്മാർ പങ്കെടുക്കുന്ന കേരളത്തിന്റെ വിവിധ കലാരൂപങ്ങൾ കോർത്തിണക്കിയുള്ള നൃത്ത-സം​ഗീത വിരുന്നും അരങ്ങേറും.

തുട‍ർന്ന് 7.45ന് ട്രിവാൻഡ്രവും കൊച്ചിയും തമ്മിലുള്ള രണ്ടാം മത്സരവും നടക്കും. കഴിഞ്ഞ സീസണിലെ കരുത്തരെ നില‍നി‍ർത്തിയും വിഷ്ണു വിനോദിനെയും എം എസ് അഖിലിനെയും പോലുള്ള പുതിയ താരങ്ങളെ ഉൾപ്പെടുത്തിയും കൂടുതൽ കരുത്തോടെയാണ് കൊല്ലം സെയിലേഴ്സ് ഇത്തവണ ടൂ‍ർണ്ണമെൻ്റിനെത്തുന്നത്. ക്യാപ്റ്റൻ സച്ചിൻ ബേബിയും ഷറഫുദ്ദീനും അഭിഷേക് ജെ നായരും, വത്സൽ ​ഗോവിന്ദും, ബിജു നാരായണനും തുടങ്ങി പ്രതിഭകളുടെ നീണ്ടൊരു നിര തന്നെ കൊല്ലം ടീമിലുണ്ട്. മറുവശത്ത് കാലിക്കറ്റും കരുത്തരാണ്. രോഹൻ കുന്നുമ്മൽ നയിക്കുന്ന ടീമിൽ സൽമാൻ നിസാ‍ർ, അഖിൽ സ്കറിയ, അൻഫൽ പള്ളം തുടങ്ങിയവരാണ് ശ്രദ്ധേയ താരങ്ങൾ. ഇവരെ കൂടാതെ വെടിക്കെട്ട് ബാറ്റ‍ർ സച്ചിൻ സുരേഷ്, മുതി‍ർന്ന താരവും ഓൾ റൗണ്ടറുമായ മനു കൃഷ്ണ തുടങ്ങിയവരെയും പുതുതായി ടീമിലെത്തിച്ചിട്ടുമുണ്ട്.

രണ്ടാം മത്സത്തിൽ ഏറ്റുമുട്ടുന്ന ട്രിവാൻഡ്രവും കൊച്ചിയും ഒപ്പത്തിനൊപ്പം നില്ക്കുന്ന ടീമുകളാണ്. സാലി വിശ്വനാഥ് നയിക്കുന്ന കൊച്ചിയുടെ പ്രധാന കരുത്ത് സഞ്ജു സാംസൻ്റെ സാന്നിധ്യം തന്നെ. ടൂർണ്ണമെൻ്റിന് മുന്നോടിയായുള്ള പ്രദ‍ർശന മത്സരത്തിലൂടെ താൻ ഫോമിലാണെന്ന് സഞ്ജു വ്യക്തമാക്കിക്കഴിഞ്ഞു. പരിചയസമ്പത്തും യുവനിരയും ഒന്നിക്കുന്നൊരു ടീമാണ് ഇത്തവണ കൊച്ചിയുടേത്. ജോബിൻ ജോബി, നിഖിൽ തോട്ടത്ത്, വിപുൽ ശക്തി, ആൽഫി ഫ്രാൻസിസ് ജോൺ തുടങ്ങിയവ‍രാണ് ബാറ്റ‍ർമാർ. വിനൂപ് മനോഹരൻ, കെ ജെ രാകേഷ്, ജെറിൻ പി എസ്, തുടങ്ങിയ ഓൾ റൗണ്ട‍ർമാരും കെ എം ആസിഫും അഖിൻ സത്താറുമടങ്ങുന്ന കരുത്തുറ്റൊരു ബൗളിങ് നിരയും കൊച്ചിയ്ക്കുണ്ട്. 

കൃഷ്ണപ്രസാദ് എന്ന പുതിയ ക്യാപ്റ്റന് കീഴിലാണ് ഇത്തവണ ട്രിവാൻഡ്രം റോയൽസിൻ്റെ വരവ്. അബ്ദുൾ ബാസിദ്, ​ഗോവിന്ദ് പൈ, സുബിൻ എസ്, റിയ ബഷീ‍ർ എന്നിവരടങ്ങുന്ന കരുത്തുറ്റ ബാറ്റിങ് നിരയാണ് റോയൽസിൻ്റേത്. ബേസിൽ തമ്പിയുടെയും വി അജിത്തിൻ്റെയും വരവോടെ ബൗളിങ് നിരയും ശക്തം. പരിശീലന മല്സരത്തിൽ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളങ്ങിയ അഭിജിത് പ്രവീൺ ആണ് റോയൽസിൻ്റെ മറ്റൊരു പ്രതീക്ഷ.

ആദ്യ സീസണെ അപേക്ഷിച്ച് കൂടുതൽ തയ്യാറെടുപ്പുകളോടെയും പുതുമകളോടെയുമാണ് രണ്ടാം സീസൺ എത്തുന്നത്. അമ്പയർമാരുടെ തീരുമാനം പുനപരിശോധിക്കാനുള്ള ഡിആ‍ർഎസ് സംവിധാനം ഇത്തവണ കെസിഎല്ലിലുമുണ്ട്. ഇത്തവണ മുഴുവൻ മല്സരങ്ങളും സ്റ്റാർ സ്പോർട്സ്- 3, ഏഷ്യാനെറ്റ് പ്ലസ് തുടങ്ങിയ ചാനലുകളിൽ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. ഏഷ്യാനെറ്റ് പ്ലസിലൂടെ ​ഗൾഫ് നാടുകളിലുള്ളവർക്കും മത്സരം കാണാൻ കഴിയും. കൂടാതെ, ഫാൻകോഡ് ആപ്പിലൂടെയും തത്സമയം ആസ്വദിക്കാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലണ്ടനിലേക്ക് മടങ്ങി വിരാട് കോലി, ഇനി പോരാട്ടം വിജയ് ഹസാരെ ട്രോഫിയില്‍ ഡല്‍ഹിക്കായി
ജിതേഷ് ശര്‍മ പുറത്തേക്ക്, സഞ്ജു വീണ്ടും പ്ലേയിംഗ് ഇലവനിൽ?, ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം