
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ രണ്ടിലെ ഇന്നത്തെ ആദ്യ മത്സരത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സും തൃശൂർ ടൈറ്റൻസും ഏറ്റുമുട്ടും. കളിച്ച മൂന്ന് മൽസരങ്ങളും ജയിച്ച് ആറ് പോയന്‍റുമായി പോയന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് കൊച്ചി ബ്ലൂ ടൈഗഴ്സ്. മൂന്ന് കളികളില്‍ രണ്ട് ജയവും ഒരു തോല്‍വിയും അടക്കം നാല് പോയന്‍റുള്ള തൃശൂർ മൂന്നാം സ്ഥാനത്താണ്. രണ്ടാം മൽസരത്തിൽ ആലപ്പി റിപ്പിൾസ് കാലക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ നേരിടും. ഒരു മൽസരം മാത്രം ജയിച്ച ഇരു ടീമുകൾക്കും രണ്ട് പോയന്‍റ് വീതമാണുള്ളത്. എന്നാൽ മികച്ച റൺ ശരാശരിയുള്ള ഗ്ലോബ് സ്റ്റാർസ് നാലാം സ്ഥാനത്തും ആലപ്പി റിപ്പിൾസ് ആറാം സ്ഥാനത്തുമാണ്.
സഞ്ജു വീണ്ടും ക്രീസില്‍
കഴിഞ്ഞ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ വെടിക്കെട്ട് സെഞ്ചുറിയിലൂടെ ടീമിന്‍റെ വിജിയത്തില്‍ നിര്‍ണായക പങ്കുവഹിച്ച സഞ്ജു സാംസണായിരിക്കും ഇന്നത്തെ ആദ്യ മത്സരത്തില്‍ ശ്രദ്ധാകേന്ദ്രം. ഏഷ്യാ കപ്പ് ടീമില്‍ ഓപ്പണറായി ഇടം നേടിയ സഞ്ജു ഇന്ന് തൃശൂരിനെതിരെയും ഓപ്പണറായി ഇറങ്ങാനാണ് സാധ്യത. കെസിഎല്ലിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ സഞ്ജു മധ്യനിരയിലായിരുന്നു കളിച്ചത്. ആദ്യ മത്സരത്തില്‍ ബാറ്റ് ചെയ്യാനിറങ്ങാതിരുന്ന സഞ്ജു ആലപ്പി റിപ്പിള്‍സിനെതിരായ രണ്ടാം മത്സരത്തില്‍ ആറാമനായി ക്രീസിലെത്തിയെങ്കിലും 22 പന്തില്‍ 13 റണ്‍സ് മാത്രം നേടാനെ കഴിഞ്ഞുള്ളു. ഒരു ബൗണ്ടറി പോലും നേടാതെ സഞ്ജു മടങ്ങിയത് ആരാധകരെ നിരാശരാക്കുകയും ചെയ്തിരുന്നു.
എന്നാൽ ഏരീസ് കൊല്ലം സെയ്‌ലേഴ്സിനെതിരായ മൂന്നാം മത്സരത്തില്‍ ഓപ്പണറായി തിരിച്ചെത്തിയ സഞ്ജു 51 പന്തില്‍ 121 റണ്‍സെടുത്ത് ടീമിന്‍റെ വിജയത്തില്‍ സുപ്രധാന പങ്കുവഹിച്ചു. ആദ്യം ബാറ്റ് ചെയ്ത കൊല്ലം 20 ഓവറില്‍ 236 റണ്‍സടിച്ചിട്ടും സഞ്ജുവിന്‍റെ വെടിക്കെട്ട് സെഞ്ചുറിയാണ് കൊച്ചിക്ക് വിജയം സമ്മാനിച്ചത്. സഞ്ജുവിന്‍റെ സെഞ്ചുറിക്ക് ദേശീയ മാധ്യമങ്ങളിലടക്കം വലിയ പ്രാധാന്യമാണ് ലഭിച്ചത്. ഏഷ്യാ കപ്പ് ടീമില്‍ ശുഭ്മാന്‍ ഗില്ലിനും അഭിഷേക് ശര്‍മക്കുമൊപ്പം ഓപ്പണറായി ഇടം നേടിയിട്ടുള്ള സഞ്ജുവിന്‍റെ കെസിഎല്ലിലെ ബാറ്റിംഗ് ഫോം ദേശിയ തലത്തിലും ചര്‍ച്ചയാവുമെന്നതിനാല്‍ ഇന്നത്തെ മത്സരത്തിലും മികവ് കാട്ടേണ്ടത് സഞ്ജുവിന് അനിവാര്യമാണ്. സ്ഥിരത പുലര്‍ത്തുന്നില്ലെന്ന വാദം തെറ്റാണെന്ന് തെളിയിക്കാനും സഞ്ജുവിന് ഇന്ന് മികവ് തുടര്‍ന്നേ മതിയാവു.