
തിരുവനന്തപുരം: 23 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള സി.കെ. നായിഡു ട്രോഫിയില്‍ ജമ്മു കശ്മീരിനെ 88 റണ്‍സിന് തോല്‍പിച്ച് കേരളം. വിജയലക്ഷ്യമായ 260 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ജമ്മു കശ്മീര്‍ 171 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയ ശേഷം ശക്തമായി തിരിച്ചുവന്നാണ് കേരളം വിജയം സ്വന്തമാക്കിയത്. സ്‌കോര്‍: കേരളം: ഒന്നാം ഇന്നിങ്‌സ് - 165, രണ്ടാം ഇന്നിങ്‌സ് - 268. ജമ്മു കശ്മീര്‍: ഒന്നാം ഇന്നിങ്‌സ് - 174, രണ്ടാം ഇന്നിങ്‌സ് - 171.
ഒന്‍പത് വിക്കറ്റിന് 142 റണ്‍സ് എന്ന നിലയില്‍ അവസാന ദിവസം കളി തുടങ്ങിയ ജമ്മു കശ്മീരിന് അധികം നേരം പിടിച്ചു നില്‍ക്കാനായില്ല. മധ്യനിര ബാറ്റര്‍ റൈദ്ദാമിന്റെ ഒറ്റയാള്‍ പോരാട്ടമാണ് കേരളത്തിന്റെ വിജയം വൈകിപ്പിച്ചത്. 63 റണ്‍സെടുത്ത റൈദ്ദാമിനെ പവന്‍ രാജ് റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കിയതോടെ കശ്മീരിന്റെ ഇന്നിങ്‌സ് 171 റണ്‍സില്‍ അവസാനിച്ചു. റൈദ്ദാം തന്നെയാണ് കശ്മീരിന്റെ ടോപ് സ്‌കോറര്‍. കേരളത്തിന് വേണ്ടി ജെ.എസ്. അനുരാജ് നാലും പവന്‍ രാജ് മൂന്നും ഷോണ്‍ റോജര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
സി.കെ. നായിഡു ട്രോഫിയില്‍ ഈ സീസണില്‍ കേരളത്തിന്റെ ആദ്യ വിജയമാണിത്. വിജയത്തോടെ 21 പോയിന്റുമായി കേരളം എ ഗ്രൂപ്പില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇനിയുള്ള മത്സരങ്ങളില്‍ മേഘാലയയും ഗോവയും ഝാര്‍ഖണ്ഡുമാണ് കേരളത്തിന്റെ എതിരാളികള്‍. 30-ന് മേഘാലയയുമായാണ് കേരളത്തിന്റെ അടുത്ത മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!