വിഷ്ണുവിന്‍റെ സെഞ്ചുറിക്ക് പിന്നാലെ, അപരാജിതിന് അഞ്ച് വിക്കറ്റ്; ത്രിപുരയെ 145 റണ്‍സിന് തകര്‍ത്ത് കേരളം

Published : Dec 24, 2025, 04:53 PM IST
Vishnu Vinod

Synopsis

വിജയ് ഹസാരെ ട്രോഫിയിൽ ത്രിപുരയെ 145 റൺസിന് തകർത്ത് കേരളം. വിഷ്ണു വിനോദിന്റെ സെഞ്ചുറിയും (102), രോഹൻ കുന്നുമ്മലിന്റെ 94 റൺസും കേരളത്തെ 348 എന്ന കൂറ്റൻ സ്കോറിലെത്തിച്ചg. 

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ ത്രിപുരയ്‌ക്കെതിരായ മത്സരത്തില്‍ കേരളത്തിന് 145 റണ്‍സിന്റെ ജയം. അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സാണ് നേടിയത്. 62 പന്തില്‍ 102 റണ്‍സ് നേടിയ വിഷ്ണു വിനോദാണ് കേരളത്തെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗിനെത്തിയ ത്രിപുര 36.5 ഓവറില്‍ 203ന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ ബാബ അപരാജിതാണ് ത്രിപുരയെ തകര്‍ത്തത്. 67 റണ്‍സ് നേടിയ ശ്രിദം പോളാണ് ത്രിപുരയുടെ ടോപ് സ്‌കോറര്‍.

പോളിന് പുറമെ തേജസ്വി ജയ്‌സ്വാളിന് (59 പന്തില്‍ 40) മാത്രമാണ് ത്രിപുര നിരയില്‍ തിളങ്ങാന്‍ സാധിച്ചത്. ഉദിയന്‍ ബോസ് (29), രജത് ഡേ (21) എന്നിവരാണ് ത്രിപുര നിരയില്‍ രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ത്രിപുരയ്ക്ക് വേണ്ടി അതിഥി താരമായി കളിക്കുന്ന വിജയ് ശങ്കര്‍ക്ക് (8) തിളങ്ങാന്‍ സാധിച്ചില്ല.

നേരത്തെ കേരളത്തിന് വേണ്ടി വിഷ്ണുവിന് പുറമെ രോഹന്‍ കുന്നുമ്മല്‍ (92 പന്തില്‍ 94), ബാബാ അപരാജിത് (73 പന്തില്‍ 64) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ടോസ് നഷ്ടത്തില്‍ പിന്നാലെ ക്രീസിലിറങ്ങിയ കേരളത്തിന് ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മലും അഭിഷേക് പി നായരും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 49 റണ്‍സെടുത്തു. അഭിഷേക് പി നായര്‍ പുറത്തായശേഷം ക്രീസിലെത്തിയ അഹമ്മദ് ഇമ്രാന്‍ ഗോള്‍ഡന്‍ ഡക്കായെങ്കിലും ബാബാ അപരാജിതും രോഹനും ചേര്‍ന്ന് കേരളത്തെ 30 ഓവറില്‍ 178 റണ്‍സിലെത്തിച്ച് മികച്ച അടിത്തറയിട്ടു. സെഞ്ചുറിക്ക് അരികെ രോഹന്‍ കുന്നുമ്മലിനെ വീഴ്ത്തിയ വിജയ് ശങ്കര്‍ ത്രിപുരക്ക് പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് ക്രീസിലെത്തിയ വിഷ്ണു വിനോദ് തകര്‍പ്പനടികളോടെ സ്‌കോറുയര്‍ത്തി.

191 റണ്‍സിലെത്തി നില്‍ക്കെ ബാബാ അപരാജിതും മടങ്ങിയെങ്കിലും അങ്കിത് ശര്‍മയുടെ(28) പിന്തുണയില്‍ വിഷ്ണു തകര്‍ത്തടിച്ചതോടെ കേരളം കൂറ്റന്‍ സ്‌കോര്‍ ഉറപ്പാക്കി. 62 പന്തില്‍ 102 റണ്‍സുമായി പുറത്താകാതെ നിന്ന വിഷ്ണു ഒമ്പത് ഫോറും ആറ് സിക്‌സും പറത്തി. വാലറ്റത്ത് അഖില്‍ സ്‌കറിയ(18) വിഷ്ണുവിന് പിന്തുണ നല്‍കിയതോടെ കേരളം 348 റണ്‍സിലെത്തി. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര കളിച്ചെത്തിയ സഞ്ജു സാംസണ്‍ ആദ്യ മത്സരത്തില്‍ കളിക്കാനിറങ്ങിയില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സെഞ്ചുറിയോടെ ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ച് കോലി; രോഹിത്തിന്റെ സെഞ്ചുറി കരുത്തില്‍ മുംബൈയും
രോഹിത്തിന് പിന്നാലെ വിരാട് കോലിക്കും സെഞ്ചുറി; ആന്ധ്രയ്‌ക്കെതിരെ ഡല്‍ഹി വിജയത്തിലേക്ക്