വിജയ് ഹസാരെ ട്രോഫിയില്‍ ആന്ധ്രയ്‌ക്കെതിരെ ഡല്‍ഹിക്ക് വേണ്ടി വിരാട് കോലി സെഞ്ചുറി നേടി.
ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ ആന്ധ്രാ പ്രദേശിനെതിരായ മത്സരത്തില്‍ ഡല്‍ഹിക്ക് വേണ്ടി കളിക്കുന്ന വിരാട് കോലിക്ക് സെഞ്ചുറി. 299 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഡല്‍ഹി കോലിയുടെ (94 പന്തില്‍ പുറത്താവാതെ 118) സെഞ്ചുറി കരുത്തില്‍ 29 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സെടുത്തിട്ടുണ്ട്. കോലിക്കൊപ്പം, നിതീഷ് റാണ (47) ക്രീസിലുണ്ട്. നേരത്തെ മുംബൈക്ക് വേണ്ടി രോഹിത് ശര്‍മ, ജാര്‍ഖണ്ഡിന് വേണ്ടി ഇഷാന്‍ കിഷന്‍, ബിഹാറിന് വേണ്ടി വൈഭവ് സൂര്യവന്‍ഷി എന്നിവര്‍ സെഞ്ചുറി നേടിയിരുന്നു.
വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹിക്ക് ആദ്യ ഓവറില്‍ തന്നെ അര്‍പിത് റാണയുടെ (0) വിക്കറ്റ് നഷ്ടമായി. പിന്നീട് കോലി - പ്രിയാന്‍ഷ് ആര്യ (74) സഖ്യം 113 റണ്‍സ് കൂട്ടിചേര്‍ത്തു. 13-ാം ഓവറില്‍ ആര്യ മടങ്ങിയെങ്കിലും നിതീഷ് റാണയ്‌ക്കൊപ്പം മറ്റൊരു കൂട്ടുകെട്ടുണ്ടാക്കാന്‍ കോലിക്ക് സാധിച്ചു. ഇതുവരെ 94 പന്തുകള്‍ നേരിട്ട കോലി മൂന്ന് സിക്‌സും 12 ഫോറും നേടിയിട്ടുണ്ട്. നിതീഷ് റാണയ്‌ക്കൊപ്പം ഇതുവരെ 116 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്.
അതേസമയം, സിക്കിമിനെതിരെ 61 പന്തിലാണ് രോഹിത് സെഞ്ചുറി തികച്ചത്. 12 ഫോറും എട്ട് സിക്‌സും പറത്തിയ രോഹിത് 94 പന്തില്‍ 155 റണ്‍സെടുത്ത് പുറത്തായി. 18 ഫോറും 9 സിക്‌സും അടങ്ങുന്നതാണ് രോഹിത്തിന്റെ ഇന്നിംഗ്‌സ്. രോഹിത്തും അംഗ്രിഷ് രഘുവംശിയും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 19.4 ഓവറില്‍ 141 റണ്‍സ് അടിച്ച് മുംബൈക്ക് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത് . 38 റണ്‍സെടുത്ത അംഗ്രിഷ് രഘുവംശി പുറത്തായശേഷം ക്രീസിലെത്തിയ മുഷീര്‍ ഖാനും സഹോദരന്‍ സര്‍ഫറാസ് ഖാനുമാണ് ക്രീസിലുള്ളത്.

