
റാഞ്ചി: സീനിയര്‍ വനിതാ ഏകദിന ടൂര്‍ണമെന്റില്‍ കേരളത്തിന് തുടര്‍ച്ചയായ മൂന്നാം വിജയം. ത്രിപുരയെ അറുപത് റണ്‍സിനാണ് കേരളം തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ത്രിപുരയ്ക്ക് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് മാത്രമാണ് നേടാനായത്. സെഞ്ച്വറി നേടുകയും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ക്യാപ്റ്റന്‍ ടി ഷാനിയാണ് കേരളത്തിന്റെ വിജയശില്പി.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ഷാനിയും അക്ഷയയും ചേര്‍ന്ന് മികച്ച തുടക്കമാണ് കേരളത്തിന് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 84 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 41 റണ്‍സെടുത്ത് അക്ഷയ മടങ്ങിയെങ്കിലും മറുവശത്ത് ഉറച്ചുനിന്ന ഷാനിയുടെ ഇന്നിങ്‌സ് കേരളത്തിന് തുണയായി. മൂന്നാം വിക്കറ്റില്‍ സജന സജീവനൊപ്പം ചേര്‍ന്ന് ഷാനി അനായാസം ഇന്നിങ്‌സ് മുന്നോട്ടുനീക്കി. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ടില്‍ 61 റണ്‍സ് പിറന്നു. 19 റണ്‍സെടുത്ത സജനയ്ക്ക് ശേഷമെത്തിയ എസ് ആശയും മികച്ച രീതിയില്‍ ബാറ്റ് വീശി. 26 പന്തില്‍ 34 റണ്‍സാണ് ആശ നേടിയത്. മറുവശത്ത് സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഷാനി റണ്ണൗട്ടാവുകയായിരുന്നു. 123 പന്തില്‍ 17 ബൗണ്ടറികളടക്കം 111 റണ്‍സാണ് ഷാനി നേടിയത്. നജ്‌ല സി.എം.സി 18 റണ്‍സുമായി പുറത്താകാതെ നിന്നു. ത്രിപുരയ്ക്ക് വേണ്ടി അംബേശ ദാസ് നാലും തമന്ന നിഗം രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ത്രിപുരയെ കൃത്യതയാര്‍ന്ന ബൗളിങ്ങിലൂടെ കേരളം പ്രതിരോധത്തിലാക്കി. തുടര്‍ച്ചയായ പന്തുകളില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി വി.എസ്. മൃദുലയാണ് ത്രിപുരയ്ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. മൂന്നാം വിക്കറ്റില്‍ മൊചൈതി ദേബ്‌നാഥും ക്യാപ്റ്റന്‍ ആര്‍ ആര്‍ സാഹയും ചേര്‍ന്നുള്ള 88 റണ്‍സിന്റെ കൂട്ടുകെട്ട് ത്രിപുരയ്ക്ക് പ്രതീക്ഷ നല്കി. എന്നാല്‍ 32 റണ്‍സെടുത്ത ക്യാപ്റ്റന്‍ സാഹയെ റണ്ണൗട്ടാക്കി മൃദുല കേരളത്തിന് നിര്‍ണ്ണായക വഴിത്തിരിവ് സമ്മാനിച്ചു. തുടര്‍ന്നുള്ള മൂന്ന് ഓവറുകളിലായി മൂന്ന് വിക്കറ്റുകള്‍ കൂടി വീണതോടെ കളി കേരളത്തിന്റെ വരുതിയിലായി. എട്ടാം വിക്കറ്റില്‍ ആര്‍ ആര്‍ മാനെ, എ ബി ദാസ് എന്നിവര്‍ ചേര്‍ന്നുള്ള 60 റണ്‍സ് കൂട്ടുകെട്ടാണ് ത്രിപുരയുടെ തോല്‍വിയുടെ കാഠിന്യം കുറച്ചത്. മാനെ 26-ഉം എ ബി ദാസ് പുറത്താകാതെ 29-ഉം റണ്‍സെടുത്തു. 66 റണ്‍സെടുത്ത മൊചൈതി ദേബ്‌നാഥാണ് ത്രിപുരയുടെ ടോപ് സ്‌കോറര്‍. കേരളത്തിന് വേണ്ടി മൃദുല, ആശ, ഷാനി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!