ഗാംഗുലി സ്വന്തം ടീമംഗങ്ങളെ പരസ്യമായി വിമർശിച്ചു എന്ന തരത്തിൽ ഉണ്ടാക്കിയ വ്യാജ പത്രവാർത്തയുടെ ക്ലിപ്പിംഗുകളായിരുന്നു ഇതിനായി ഉപയോഗിച്ചത്.
ചണ്ഡീഗഡ്: ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച നായകന്‍മാരൂടെ കൂട്ടത്തില്‍ മുന്‍നിരയിലുള്ള താരമാണ് സൗരവ് ഗാംഗുലി. എന്നാൽ സഹതാരങ്ങൾ ചേര്‍ന്ന് ഉണ്ടാക്കിയ ഒരു 'ഏപ്രിൽ ഫൂൾ' പ്രാങ്ക് കാരണം നായകസ്ഥാനം വരെ രാജി വെക്കാൻ സൗരവ് ഗാംഗുലി തുനിഞ്ഞ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ താരം ഹർഭജൻ സിംഗ്. 2005-ൽ പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കിടെയായിരുന്നു നാടകീയ സംഭവം. ഏപ്രിൽ ഫൂൾ ദിനത്തിൽ ഗാംഗുലിയെ പറ്റിക്കാൻ യുവരാജ് സിംഗിന്‍റെ നേതൃത്വത്തിലാണ് കളിക്കാർ പദ്ധതി തയ്യാറാക്കിയതെന്ന് ഹര്‍ഭജൻ പറഞ്ഞു.
ഗാംഗുലി സ്വന്തം ടീമംഗങ്ങളെ പരസ്യമായി വിമർശിച്ചു എന്ന തരത്തിൽ ഉണ്ടാക്കിയ വ്യാജ പത്രവാർത്തയുടെ ക്ലിപ്പിംഗുകളായിരുന്നു ഇതിനായി ഉപയോഗിച്ചത്. യുവരാജ് സിംഗ് ഒരു പാർട്ടി പ്രേമിയാണെന്നും, ഹർഭജൻ സിംഗിന് ഒന്നിനെക്കുറിച്ചും ശ്രദ്ധയില്ലെന്നും, സഹീർ ഖാനും ആശിഷ് നെഹ്റയും സ്വന്തം ലോകത്താണെന്നുമൊക്കെ ഗാംഗുലി മാധ്യമങ്ങളോട് പറഞ്ഞെന്നായിരുന്നു വ്യാജ വാർത്ത. ടീം ഒന്നടങ്കം ഡ്രസ്സിംഗ് റൂമിൽ ഇരിക്കുമ്പോൾ യുവരാജ് ഈ വാർത്ത ഗാംഗുലിയുടെ മുന്നിൽ വെച്ച് ചോദ്യം ചെയ്തുവെന്ന് ഹര്‍ഭജന്‍ പറഞ്ഞു.
താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ഗാംഗുലി വിശദീകരിച്ചെങ്കിലും, കളിക്കാർ വ്യാജ പത്രക്കട്ടിംഗ് കാണിച്ചുകൊടുത്തു. യുവി അടക്കമുള്ള താരങ്ങളെ പിന്തുണച്ച് സച്ചിൻ ടെൻഡുൽക്കറും രാഹുൽ ദ്രാവിഡും കൂടി രംഗത്തെത്തി. സച്ചിൻ ചെന്ന് "ദാദ, നീ ഇത് ചെയ്തത് ശരിയായില്ല" എന്ന് പറയുകയും ദ്രാവിഡ് അത് ശരിവെക്കുകയും ചെയ്തതോടെ ഗാംഗുലി ശരിക്കും ടെന്‍ഷനിലായി. താൻ അങ്ങനെയൊന്നും ചെയ്തിട്ടില്ലെന്ന് ദൈവത്തെ തൊട്ട് സത്യം ചെയ്ത ഗാംഗുലി, ഞാൻ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ ഇപ്പോൾ തന്നെ ക്യാപ്റ്റൻസി ഉപേക്ഷിക്കാം എന്നും പ്രഖ്യാപിച്ചു.
സംഭവം കൊഴുപ്പിക്കാനായി ഏതാനും കളിക്കാർ കിറ്റ് ബാഗുമെടുത്ത് ഡ്രസ്സിംഗ് റൂമിൽ നിന്ന് ഇറങ്ങിപ്പോകാൻ തുടങ്ങി. ഇതോടെ പരിഭ്രാന്തനായ ഗാംഗുലി നാളെ മത്സരമുള്ളതാണ്, നിങ്ങൾ എന്താണ് ഈ കാണിക്കുന്നത്" എന്ന് പറഞ്ഞ് അവരുടെ പുറകെ ഓടി. ഒടുവിൽ തമാശ പരിധി വിട്ടെന്ന് മനസിലാക്കി സച്ചിനും സംഘവും അത് ഏപ്രിൽ ഫൂൾ പ്രങ്ക് ആയിരുന്നു എന്ന് വെളിപ്പെടുത്തുകയായിരുന്നു. ദാദ തങ്ങൾക്ക് ഒരു ക്യാപ്റ്റനേക്കാൾ മുതിർന്ന സഹോദരനെപ്പോലെ ആയിരുന്നതുകൊണ്ടാണ് ഇത്രയും വലിയൊരു തമാശ കാണിക്കാൻ കഴിഞ്ഞതെന്നും, പിന്നീട് അദ്ദേഹത്തെ ഇത്രയധികം വിഷമിപ്പിച്ചതിൽ കുറ്റബോധം തോന്നിയെന്നും ഹർഭജൻ സിംഗ് കൂട്ടിച്ചേർത്തു.
