രഞ്ജി ട്രോഫി:  എറിഞ്ഞൊതുക്കി ആന്ധ്ര, കേരളം തകര്‍ന്നു

By Web TeamFirst Published Jan 27, 2020, 3:14 PM IST
Highlights

ആന്ധ്രാ പ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് ബാറ്റിങ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ആദ്യ ഇന്നിങ്‌സില്‍ 162ന് പുറത്താവുകയായിരുന്നു. ടോപ് ഓര്‍ഡര്‍ തകര്‍ത്ത് അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ എസ് എം ഡി റാഫിയാണ് കേരളത്തെ പ്രതിരോധത്തിലാക്കിയത്.

വിശാഖപട്ടണം: ആന്ധ്രാ പ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് ബാറ്റിങ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ആദ്യ ഇന്നിങ്‌സില്‍ 162ന് പുറത്താവുകയായിരുന്നു. ടോപ് ഓര്‍ഡര്‍ തകര്‍ത്ത് അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ എസ് എം ഡി റാഫിയാണ് കേരളത്തെ പ്രതിരോധത്തിലാക്കിയത്. 42 റണ്‍സെടുത്ത ബേസില്‍ തമ്പിയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ് ആരംഭിച്ച ആന്ധ്ര ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെടുത്തിട്ടുണ്ട്. 17 റണ്‍സോടെ പ്രശാന്ത് കുമാറും 16 റണ്‍സുമായി ജ്യോതി സായ് കൃഷ്ണയും ക്രീസില്‍. 14 റണ്‍സെടുത്ത ഗണേശ്വരാണ് പുറത്തായത്. അഭിഷേക് മോഹനാണ് വിക്കറ്റ്.

ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ശേഷം ജലജ് സക്‌സേനയ്ക്ക് കീഴില്‍ കേരളത്തിന്റെ ആദ്യ മത്സരമായിരുന്നിത്.ബേസിലിന് പുറമെ പി രാഹുല്‍ (7), റോബിന്‍ ഉത്തപ്പ (17), രോഹന്‍ പ്രേം (19), സച്ചിന്‍ ബേബി (15), സല്‍മാന്‍ നിസാര്‍ (14), ജലജ് സക്‌സേന (18), വിഷ്ണു വിനോദ് (6), അഭിഷേക് മോഹന്‍ (8), എം ഡി നിതീഷ് (11) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. എന്‍ പി ബേസില്‍ (0) പുറത്താവാതെ നിന്നു. സ്‌കോര്‍ ബോര്‍ഡില്‍ 24 റണ്‍സ് മാത്രമുള്ളപ്പോള്‍ ഉത്തപ്പ മടങ്ങി. മൂന്ന് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ രാഹുലും പവലിയനില്‍ തിരിച്ചെത്തി. 

ഈ തകര്‍ച്ചയില്‍ നിന്ന് അല്‍പം ആശ്വാസമായത് സച്ചിന്‍- രോഹന്‍ കൂട്ടുകെട്ടാണ്. 24 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ 19 റണ്‍സിന്റെ ഇടവേളയില്‍ ഇരുവരും മടങ്ങിയത് കേരളത്തിന് തിരിച്ചടിയായി. ലഞ്ചിന് ശേഷം തുടക്കത്തില്‍ സല്‍മാനും പവലിയനില്‍ തിരിച്ചെത്തി. പുതിയ ക്യാപ്റ്റന്‍ സക്‌സേന നാല് ബൗണ്ടറി നേടി നന്നായി തുടങ്ങിയെങ്കിലും മുതലാക്കാനായില്ല. വാലറ്റത്ത് അഭിഷേക്- ബേസില്‍ തമ്പി സഖ്യം 28 കൂട്ടിച്ചേര്‍ത്തു. നാല് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ബേസിലിന്റെ ഇന്നിങ്‌സ്.

റാഫിക്ക് പുറമെ പൃഥ്വിരാജ് യാര മൂന്നും കെ വി ശശികാന്ത് രണ്ടും വിക്കറ്റ് വീഴ്ത്തി. രഞ്ജിയില്‍ കേരളം തരം താഴ്ത്തല്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്.

click me!