
തിരുവനന്തപുരം: രഞ്ജി ട്രോഫി പുതിയ സീസണിന് ഒരുങ്ങുകയാണ് കേരള ടീം. കഴിഞ്ഞ തവണ ഫൈനല്‍ കളിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് തയ്യാറെടുപ്പുകളെന്ന് കേരള താരം സല്‍മാന്‍ നിസാറും പരിശീലകന്‍ അമയ് ഖുറേസിയയും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രഞ്ജി ട്രോഫിയില്‍ ചരിത്രം കുറിച്ച കേരള ടീം പുതിയ സീസണിന് ഒരുങ്ങുന്നത് വര്‍ദ്ധിത ഊര്‍ജത്തോടെയാണ്. പോരായ്മകള്‍ പരിഹരിച്ച് മുന്നേറാന്‍ തയ്യാറെടുപ്പുകള്‍ ഇത്തവണ നേരത്തേ തുടങ്ങി. തിരുവനന്തപുരത്താണ് ആദ്യ ഘട്ട ഫിറ്റ്‌നെസ് ക്യാമ്പും ട്രെയിനിംഗും. സഞ്ജു സാംസണും ജലജ് സക്സേനയും ഉള്‍പ്പെടെ പരിശീലന ക്യാമ്പില്‍ പങ്കെടുക്കും.
മുഖ്യപരിശീലകന്‍ അമയ് ഖുറേസിയയുടെ കീഴിലാണ് പരിശീലനം. ഈ സീസണിലും മികച്ച പ്രകടനം നടത്തുമെന്നും അതിനായി കളിക്കാരുടെ ശാരീരികക്ഷമത നിലനിര്‍ത്തുന്നതിനടക്കം പ്രത്യേക ശ്രദ്ധ നല്‍കുമെന്നും കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി വിനോദ് എസ് കുമാര്‍ പറഞ്ഞു.
ഈ സീസണില്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് കോച്ച് അമയ് ഖുറേസിയ വ്യക്തമാക്കി. ആദിത്യ സര്‍വാതെ ഈ സീസണില്‍ കേരളത്തിനൊപ്പമില്ല. പകരം ഒരു ഇടംകൈയന്‍ സ്പിന്നറെ അതിഥിതാരമായി ഉള്‍പ്പെടുത്തും. സഞ്ജു സാംസണ്‍ ഇത്തവണ കേരളത്തിനായി കളിക്കുമെന്നാണ് കോച്ചിന്റെ പ്രതീക്ഷ. രാജ്യത്തും പുറത്തുമായി കൂടുതല്‍ സൗഹൃദമത്സരങ്ങള്‍ കളിക്കാനാണ് പദ്ധതി. ചില പരിശീലന മത്സരങ്ങള്‍ കശ്മീരില്‍ നടക്കും. അടുത്തിടെ ഒമാന്‍ ദേശീയ ടീമിനോട് കേരളം സൗഹൃദമത്സരം കളിച്ചിരുന്നു.
കഴിഞ്ഞ സീസണില്‍ റണ്ണറപ്പായെങ്കിലും മുന്‍നിര ബാറ്റര്‍മാര്‍ തിളങ്ങാത്തതായിരുന്നു പോരായ്മ. ഇത്തവണ സഞ്ജു കൂടി എത്തുന്നതോടെ ഇത് പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഖുറേസിയ. രഞ്ജിയില്‍ കരുത്തരായ സൗരാഷ്ട്ര, ചണ്ഡീഗഢ്, കര്‍ണാടക, മഹാരാഷ്ട്ര, പഞ്ചാബ്, ഗോവ എന്നീ ടീമുകളുള്‍പ്പെട്ട എലൈറ്റ് ഗ്രൂപ്പ് ബി യിലാണ് കേരളം. ആദ്യ ഘട്ടം ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 19 വരെയും, നോക്കൗട്ട് മത്സരങ്ങള്‍ അടുത്ത വര്‍ഷം ഫെബ്രുവരി ആറുമുതല്‍ 28 വരെയും നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!