
മുംബൈ: 2025-26 ആഭ്യന്തര ക്രിക്കറ്റ് സീസണിനുള്ള ഷെഡ്യൂളുകള്‍ ബിസിസിഐ പുറത്തുവിട്ടു. രഞ്ജി ട്രോഫി മത്സരങ്ങള്‍ രണ്ട് ഘട്ടങ്ങളിലായിട്ടാണ് നടക്കുക. ആദ്യഘട്ടം ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 19 വരെയും നോക്കൗട്ട് മത്സരങ്ങള്‍ ഫെബ്രുവരി 6 മുതല്‍ 28 വരെയും നടക്കും. കേരളത്തിന് കടുപ്പമേറിയ മത്സരങ്ങളാണ് കാത്തിരിക്കുന്നത്. രഞ്ജിയില്‍ എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് കേരളം കളിക്കുക. സൗരാഷ്ട്ര, ചണ്ഡിഗഡ്, കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ്, ഗോവ എന്നീ ടീമുകളാണ് കേരളത്തിനൊപ്പം ഗ്രൂപ്പ് ബിയിലുള്ളത്.
നവംബര്‍ 16 മുതല്‍ ഡിസംബര്‍ 16 വരെയാണ് സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റ്. മുംബൈ, വിദര്‍ഭ, ആന്ധ്രപ്രദേശ്, റെയില്‍വേസ്, അസം, ഛത്തീസ്ഗഡ്, ഒഡീഷ എന്നിവര്‍ ഉള്‍പ്പെടുന്ന എലൈറ്റ് ഗ്രൂപ്പ് എയിലാണ് കേരളം. വിജയ് ഹസാരെ ട്രോഫിയിലാകട്ടെ കര്‍ണാടക, രാജസ്ഥാന്‍, തമിഴ്‌നാട്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, പോണ്ടിച്ചേരി, ത്രിപുര എന്നിവര്‍ക്കെതിരെ കേരളത്തിന് മത്സരങ്ങളുമണ്ട്. കേരളത്തിനൊപ്പം എലൈറ്റ് ഗ്രൂപ്പ് എയില്‍ ഉള്ളത്.
അതേസമയം, ഇന്ത്യയുടെ ടി20 ലോകകപ്പ് ഒരുക്കങ്ങള്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയോടെ. കിവീസിനെതിരെ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക. ഇതില്‍ അവസാന ടി20 മത്സരം തിരുവനന്തപുരം, കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. അടുത്ത വര്‍ഷം ജനുവരി 11ന് ബറോഡയിലാണ് ആദ്യ ഏകദിനം. രണ്ടാം ഏകദിനത്തിന് ജനുവരി 14നാണ് രാജ്കോട്ട് വേദിയാകും. മൂന്നാം ഏകദിനം 18ന് ഇന്‍ഡോറില്‍ നടക്കും.
ജനുവരി 21നാണ് ടി20 പരമ്പരയ്ക്ക് തുടക്കമാവുന്നത്. നാഗ്പൂരിലാണ് മത്സരം. രണ്ടാം 23ന് റായ്പൂരില്‍ നടക്കും. 25ന് നടക്കുന്ന മൂന്നാം ടി20യ്ക്ക് ഗുവാഹത്തിയും വേദിയാകും. നാലാം ടി20 28ന് വിശാഖപട്ടണത്താണ്. ജനുവരി 31ന് നടക്കുന്ന മത്സരത്തിനാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവുക.