
ഹൈദരാബാദ്: 19 വയസില്‍ താഴെയുള്ളവര്‍ക്കായുള്ള കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഹൈദരാബാദിനെതിരെ ശക്തമായി തിരിച്ചടിച്ച് കേരളം. 114 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റിന് 322 റണ്‍സെന്ന നിലയിലാണ്. സെഞ്ച്വറി നേടിയ ജോബിന്‍ ജോബിയുടെ ഇന്നിങ്‌സാണ് കേരളത്തിന് കരുത്ത് പകര്‍ന്നത്. കേരളത്തിന് ഇപ്പോള്‍ 208 റണ്‍സിന്റെ ലീഡുണ്ട്. മൂന്നാം ദിവസം കളിയുടെ ഗതി നിര്‍ണ്ണയിച്ചത് ജോബിന്‍ ജോബിയുടെ ഉജ്ജ്വല ഇന്നിങ്സ് തന്നെയായിരുന്നു.
ആക്രമണോത്സുക ബാറ്റിംഗിന് പേര് കേട്ട ജോബിന്‍, തന്റെ പതിവ് ശൈലിയില്‍ നിന്നും വ്യത്യസ്തമായൊരു ഇന്നിങ്‌സായിരുന്നു കാഴ്ചവച്ചത്. സാഹചര്യങ്ങള്‍ക്കനുസരിച്ച്, കരുതലോടെയായിരുന്നു ജോബിന്‍ ഇന്നിങ്‌സ് മുന്നോട്ടു നീക്കിയത്. തോമസ് മാത്യു മികച്ച പിന്തുണ നല്കിയപ്പോള്‍ ഇരുവരും ചേര്‍ന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 111 റണ്‍സ് പിറന്നു. 89 പന്തുകളില്‍ നിന്ന് 67 റണ്‍സെടുത്ത തോമസ് മാത്യുവിനെ യഷ് വീറാണ് പുറത്താക്കിയത്. തുടര്‍ന്നെത്തിയ ഹൃഷികേശ് 21 റണ്‍സ് നേടി. അമയ് മനോജ് രണ്ട് റണ്‍സെടുത്ത് പുറത്തായി.
മൂന്ന് റണ്‍സിനിടെ വീണ രണ്ട് വിക്കറ്റുകള്‍ സമ്മര്‍ദ്ദ നിമിഷങ്ങള്‍ സമ്മാനിച്ചെങ്കിലും തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ മാനവ് കൃഷ്ണയും ജോബിനും ചേര്‍ന്ന് ഇന്നിങ്‌സ് ശ്രദ്ധയോടെ മുന്നോട്ട് നീക്കി. കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ മാനവ് അതേ ഫോമിലാണ് ബാറ്റിങ് തുടര്‍ന്നത്. മറുവശത്ത് കരുതലോടെ ജോബിനും നിലയുറപ്പിച്ചതോടെ കേരളത്തിന്റെ സ്‌കോര്‍ മുന്നൂറും പിന്നിട്ട് മുന്നേറി. കളി നിര്‍ത്തുമ്പോള്‍ ജോബിന്‍ 120ഉം മാനവ് കൃഷ്ണ 76ഉം റണ്‍സോടെ ക്രീസിലുണ്ട്. ഇരുവരും ചേര്‍ന്ന് ഇതിനകം 123 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 257 പന്തുകളില്‍ 12 ബൗണ്ടറികളടക്കമാണ് ജോബിന്‍ 120 റണ്‍സ് നേടിയത്. 89 പന്തുകളില്‍ ഏഴ് ഫോറും മൂന്നു സിക്‌സുമടങ്ങുന്നതാണ് മാനവിന്റെ ഇന്നിങ്‌സ്.
സ്‌കോര്‍
കേരളം ഒന്നാം ഇന്നിങ്‌സ് - 268, രണ്ടാം ഇന്നിങ്‌സ് നാല് വിക്കറ്റിന് 322
ഹൈദരാബാദ് ഒന്നാം ഇന്നിങ്സ് - 382.