
വയനാട്: 23 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള സി കെ നായിഡു ട്രോഫിയില്‍ പോണ്ടിച്ചേരിക്കെതിരെ കേരളം മികച്ച സ്‌കോറിലേക്ക്. ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ കേരളം അഞ്ച് വിക്കറ്റിന് 373 റണ്‍സെന്ന നിലയിലാണ്. സെഞ്ച്വറി നേടിയ അഹ്മദ് ഇമ്രാന്റെ പ്രകടനമാണ് കേരളത്തെ ശക്തമായ നിലയിലെത്തിച്ചത്.
ടോസ് നേടിയ പോണ്ടിച്ചേരി കേരളത്തെ ആദ്യം ബാറ്റ് ചെയ്യാന്‍ അയയ്ക്കുകയായിരുന്നു. 14 റണ്‍സെടുത്ത ഓപ്പണര്‍ എ.കെ. ആകര്‍ഷിന്റെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ അഭിഷേക് ജെ. നായരും എസ്.എസ്. അക്ഷയും ചേര്‍ന്ന് 41 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 24 റണ്‍സെടുത്ത അക്ഷയും മൂന്ന് റണ്‍സെടുത്ത ഗോവിന്ദ് ദേവ് പൈയും പുറത്തായതോടെ മൂന്ന് വിക്കറ്റിന് 86 റണ്‍സെന്ന നിലയിലായിരുന്നു കേരളം.
തുടര്‍ന്ന് അഭിഷേക് ജെ. നായരും അഹ്മദ് ഇമ്രാനും ചേര്‍ന്ന 174 റണ്‍സിന്റെ കൂട്ടുകെട്ടാണ് കേരളത്തിന്റെ ഇന്നിങ്‌സിന് കരുത്ത് പകര്‍ന്നത്. 91 റണ്‍സെടുത്ത അഭിഷേക് പുറത്തായതോടെയാണ് ഈ കൂട്ടുകെട്ടിന് അവസാനമായത്. മറുവശത്ത് ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ അഹ്മദ് ഇമ്രാന് സെഞ്ച്വറി പൂര്‍ത്തിയാക്കി. 149 പന്തുകളില്‍ 20 ഫോറും മൂന്ന് സിക്‌സുമടക്കം 150 റണ്‍സ് നേടിയ അഹ്മദ് ഇമ്രാന്‍ റണ്ണൗട്ടാവുകയായിരുന്നു. കളി നിര്‍ത്തുമ്പോള്‍ 51 റണ്‍സോടെ മുഹമ്മദ് ഇനാനും 11 റണ്‍സോടെ ജിഷ്ണു മണികണ്ഠനുമാണ് ക്രീസില്‍. പോണ്ടിച്ചേരിക്ക് വേണ്ടി രാഹുല്‍ രാജീവ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!