
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മ്മയും കഴിഞ്ഞ വര്‍ഷം ഒരാഴ്ചയുടെ വ്യത്യാസത്തിലാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഐപിഎല്‍ 2025 സീസണില്‍ രോഹിത് ശര്‍മ വിരമിച്ചതിന് പിന്നാലെയാണ് കോലിയും അപ്രതീക്ഷിതമായി റെഡ്-ബോള്‍ ക്രിക്കറ്റിനോട് വിടപറഞ്ഞത്. ഇംഗ്ലണ്ട് പര്യടനത്തിന് ടീം തയ്യാറെടുക്കുന്നതിനിടെയുണ്ടായ ഈ പ്രഖ്യാപനം ആരാധകരെയും ക്രിക്കറ്റ് ലോകത്തെയും ഒരുപോലെ ഞെട്ടിച്ചിരുന്നു.
വിരാട് കോലിയുടെ പെട്ടെന്നുള്ള വിരമിക്കലിന് പിന്നില്‍ അന്നത്തെ ബിസിസിഐ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ ഭാഗത്തുനിന്നുള്ള മോശം പെരുമാറ്റമാണെന്ന് തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ രംഗത്ത്.
തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് ജാഫര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ''കോലിക്ക് ഒട്ടേറെ ടെസ്റ്റ് മത്സരങ്ങള്‍ കൂടി കളിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ തന്നോട് പെരുമാറിയ രീതിയില്‍ കോലി അല്പം അമര്‍ഷത്തിലാണെന്ന് തോന്നിപ്പിച്ചു. ഒരു താരമെന്ന നിലയില്‍ കോലിക്ക് ആരാധകരെ സ്റ്റേഡിയത്തിലേക്ക് ആകര്‍ഷിക്കാനുള്ള വലിയ സ്വാധീനമുണ്ട്. ഇംഗ്ലണ്ട് പര്യടനത്തിനായി അദ്ദേഹംക്കൂടെ തയ്യാറെടുപ്പുകള്‍ നടത്തിവരികയായിരുന്നു. കോലി സ്വന്തം വായ്‌കൊണ്ട് ഇക്കാര്യം പറയുന്നതുവരെ നമുക്ക് യഥാര്‍ത്ഥ കാരണം പൂര്‍ണമായി അറിയാന്‍ കഴിയില്ലെങ്കിലും, സെലക്ടര്‍മാരുടെ ഭാഗത്തുനിന്നുള്ള നീതികേടില്‍ അദ്ദേഹം അസംതൃപ്തനായിരുന്നു.'' ജാഫര്‍ പറഞ്ഞു.
125 ടെസ്റ്റ് മത്സരങ്ങള്‍ എന്ന നാഴികക്കല്ലിലെത്താന്‍ വെറും രണ്ട് മത്സരങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കോലി വിരമിച്ചത്. സുനില്‍ ഗാവസ്‌കര്‍ക്ക് ശേഷം 10,000 ടെസ്റ്റ് റണ്‍സ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാകാന്‍ അദ്ദേഹത്തിന് വേണ്ടിയിരുന്നത് വെറും 770 റണ്‍സ് മാത്രമായിരുന്നു. കൂടാതെ അഞ്ച് സെഞ്ചുറികള്‍ കൂടി നേടിയിരുന്നെങ്കില്‍ ടെസ്റ്റില്‍ 35 സെഞ്ചുറികള്‍ നേടുന്ന ലോകത്തിലെ എട്ടാമത്തെ താരമായി കോലി മാറുമായിരുന്നു.
2025-ന്റെ തുടക്കത്തില്‍ നടന്ന ഓസ്‌ട്രേലിയന്‍ പര്യടനമായിരുന്നു കോലിയുടെ കരിയറിലെ അവസാന ടെസ്റ്റ് പരമ്പര. ആ പരമ്പരയില്‍ 5 ടെസ്റ്റുകളില്‍ നിന്നായി 23.75 ശരാശരിയില്‍ 190 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. ഈ മോശം ഫോമും സെലക്ഷന്‍ കമ്മിറ്റിയുടെ സമ്മര്‍ദ്ദവുമാകാം പെട്ടെന്നുള്ള തീരുമാനത്തിലേക്ക് കോലിയെ നയിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!