വിജയ് ഹസാരെ:  കേരളത്തിന് നിരാശപ്പെടുത്തുന്ന തോല്‍വി, ഝാര്‍ഖണ്ഡിന്റെ ജയം അവസാന ഓവറില്‍

By Web TeamFirst Published Oct 2, 2019, 5:23 PM IST
Highlights

വിജയ് ഹസാരെ ട്രോഫിയില്‍ കേരളം തോല്‍വി ചോദിച്ചുവാങ്ങി. ബംഗളൂരുവില്‍ ഝാര്‍ഖണ്ഡിനെ അവസാന ഓവര്‍ വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ അഞ്ച് റണ്‍സിനായിരുന്നു കേരളത്തിന്റെ തോല്‍വി.

ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ കേരളം തോല്‍വി ചോദിച്ചുവാങ്ങി. ബംഗളൂരുവില്‍ ഝാര്‍ഖണ്ഡിനെ അവസാന ഓവര്‍ വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ അഞ്ച് റണ്‍സിനായിരുന്നു കേരളത്തിന്റെ തോല്‍വി. മോശം കാലാവസ്ഥ കാരണം മത്സരം 36 ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഝാര്‍ഖണ്ഡ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ കേരളത്തിന് 36 ഓവറില്‍ നഷ്ടത്തില്‍ 253 റണ്‍സിന് എല്ലാവരും പുറത്തായി. അവസാന ഓവറില്‍ മൂന്ന് വിക്കറ്റടക്കം നാല് പേരെ പുറത്താക്കിയ അനുകൂല്‍ റോയിയാണ് മത്സരം ഝാര്‍ഖണ്ഡിന് അനുകൂലമാക്കിയത്.

അവസാന ഓവറില്‍ മൂന്ന് വിക്കറ്റ് കയ്യിലിരിക്കെ ജയിക്കാന്‍ ഏഴ് റണ്‍സ് മതിയായിരുന്നു കേരളത്തിന്. എന്നാല്‍ ഒരു റണ്‍സ് മാത്രമാണ് കേരളത്തിന് നേടാന്‍ സാധിച്ചത്. സച്ചിന്‍ ബേബി (49 പന്തില്‍ 60), വിഷ്ണു വിനോദ് (44 പന്തില്‍ 56), സഞ്ജു സാംസണ്‍ (40 പന്തില്‍ 48), പി രാഹുല്‍ (42 പന്തില്‍ 36) എന്നിവരുടെ ഇന്നിങ്‌സാണ് കേരളത്തിന് പ്രതീക്ഷ നല്‍കിയത്. ജലജ് സക്‌സേന (25), റോബിന്‍ ഉത്തപ്പ (1), മുഹമ്മദ് അസറുദ്ദീന്‍ (3), ബേസില്‍ തമ്പി (5), എം ഡി നിതീഷ് (0), സന്ദീപ് വാര്യര്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. കെ എം ആസിഫ് (1) പുറത്താവാതെ നിന്നു. വിഷ്ണു- സഞ്ജു കൂട്ടുക്കെട്ട് കൂട്ടിച്ചേര്‍ത്ത 63 റണ്‍സാണ് കേരളത്തിന് മികച്ച തുടക്കം നല്‍കിയത്. ഇരുവരും പുറത്തായ ശേഷം സച്ചിനും രാഹുലും ശ്രദ്ധയോടെ ബാറ്റേന്തിയെങ്കിലും വിജയിപ്പിക്കാനായില്ല.

നേരത്തെ ഝാര്‍ഖണ്ഡ് മുന്‍നിര പരാജയപ്പെട്ടെങ്കിലും മധ്യനിര ബാറ്റ്‌സ്മാന്‍മാരുടെ കരുത്തില്‍ ഝാര്‍ഖണ്ഡ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു. കുമാര്‍ ദിയോബ്രത് (54), സൗരഭ് തിവാരി (49 റിട്ടയേര്‍ഡ് ഹര്‍ട്ട്), ഇഷാന്‍ കിഷന്‍ (47), അനുകൂല്‍ റോയ് (31) എന്നിവരുടെ പ്രകടനം ഝാര്‍ഖണ്ഡിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. ആനന്ദ് സിങ് (26), ഉത്കാര്‍ഷ് സിങ് (15) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സുമിത് കുമാര്‍ (3), വിവേക് തിവാരി (0) എന്നിവര്‍ പുറത്താവാതെ നിന്നു. കേരളത്തിന് വേണ്ടി സന്ദീപ് വാര്യര്‍ മൂന്നും കെ എം ആസിഫ്, എം ഡി നിധീഷ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

click me!