
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ മധ്യ പ്രദേശിനെതിരായ മത്സരത്തില്‍ കേരളത്തിന് 47 റണ്‍സിന്റെ തോല്‍വി. അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ 215 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം 40.2 ഓവറില്‍ 167 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ ശുഭം ശര്‍മ, രണ്ട് പേരെ വീതം പുറത്താക്കിയ സരന്‍ഷ് ജെയ്ന്‍, ശിവാംഗ് കുമാര്‍ എന്നിവരാണ് മധ്യ പ്രദേശിന് ജയമൊരുക്കിയത്. വാലറ്റത്ത് ആഞ്ഞടിച്ച ഷറഫുദ്ദീനാണ് (29 പന്തില്‍ 42) കേരളത്തിന്റെ ടോപ് സ്‌കോറര്‍. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മധ്യ പ്രദേശ് തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഹിമാന്‍ഷു മന്ത്രിയുടെ (105 പന്തില്‍ 93) ഇന്നിംഗ്‌സിന്റെ കരുത്തില്‍ മാന്യമായ സ്‌കോര്‍ നേടുകയായിരുന്നു. കേരളത്തിന് വേണ്ടി അങ്കിത് ശര്‍മ നാലും ബാബാ അപരാജിത് മൂന്നും വിക്കറ്റ് വീഴ്ത്തി.
മോശം തുടക്കമായിരുന്നു കേരളത്തിന്. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ കൃഷ്ണ പ്രസാദിന്റെ (4) വിക്കറ്റ് കേരളത്തിന് നഷ്ടമായി. തുടര്‍ന്നെത്തിയ അങ്കിത് ശര്‍മ (13) എട്ടാം ഓവറില്‍ മടങ്ങി. സരന്‍ഷ് ജെയ്‌നിന്റെ ആദ്യ വിക്കറ്റായിരുന്നു അത്. പിന്നാലെ പത്താം ഓവറില്‍ ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലും (19) കൂടാരം കയറി. സരന്‍ഷിന് തന്നെയായിരുന്നു വിക്കറ്റ്. ബാബാ അപരാജിതിന് 24 പന്തില്‍ 9 റണ്‍സ് മാത്രമായിരുന്നു നേടാന്‍ സാധിച്ചത്. കുമാര്‍ കാര്‍ത്തികേയക്കായിരുന്നു വിക്കറ്റ്.
തുടര്‍ന്ന് മുഹമ്മദ് അസറുദ്ദീന്‍ (15) - സല്‍മാന്‍ നിസാര്‍ (30) സഖ്യം 27 റണ്‍സ് കൂട്ടിചേര്‍ത്ത് കേരളത്തിന് പ്രതീക്ഷ നല്‍കിയെങ്കിലും അധികനേരം ക്രീസില്‍ തുടരാന്‍ സാധിച്ചില്ല. അസറുദീനെ ശിവാംഗ് പുറത്താക്കി. പിന്നാല്‍ സല്‍മാന്‍, വിഷ്ണു വിനോദ് (20) എന്നിവരും മടങ്ങി. പേസര്‍മാരായ ഏദിന്‍ ആപ്പിള്‍ ടോം (2), നിധീഷ് (0) എന്നിവര്‍ക്ക് ബാറ്റുകൊണ്ട് സംഭാവന ചെയ്യാന്‍ സാധിച്ചില്ല. അവസാന വിക്കറ്റില്‍ വിഘ്‌നേഷ് പുത്തൂരിനൊപ്പം ചേര്‍ന്ന് 49 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കാന്‍ ഷറഫുദ്ദീന് സാധിച്ചെങ്കിലും വിജയത്തിലേക്ക് നയിക്കാന്‍ സാധിച്ചില്ല. 41-ാം ഓവറില്‍ ഷറഫുദ്ദീന്‍ പുറത്തായി. വിഘ്‌നേഷ് നാല് റണ്‍സുമായി പുറത്താവാതെ നിന്നു.
മോശമല്ലാത്ത തുടക്കമായിരുന്നു മധ്യ പ്രദേശിന്. ഒന്നാം വിക്കറ്റില്‍ ഹര്‍ഷ് ഗാവ്‌ലി (22) - യാഷ് ദുബെ (13) സഖ്യം 32 റണ്‍സ് ചേര്‍ത്തു. എന്നാല്‍ 10-ാം ഓവറില്‍ ദുബെയെ പുറത്താക്കി അങ്കിത് കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്ന് ഗാവ്‌ലി, ശുഭം ശര്‍മ (3) എന്നിവരെ അടുത്തടുത്ത ഓവറുകളില്‍ അങ്കിത് മടക്കി. തുടര്‍ന്ന് ക്രീസിലെത്തിയ വെങ്കടേഷ് അയ്യര്‍ (8) റണ്ണൗട്ടാവുകയും ചെയ്തത് മധ്യ പ്രദേശിന് തിരിച്ചടിയായി. 22-ാം ഓവറില്‍ രാഹുല്‍ ബതാമിനേയും (3) അങ്കിത് ബൗള്‍ഡാക്കി. ഇതോടെ അഞ്ചിന് 78 എന്ന നിലയിലായി മധ്യ പ്രദേശ്. തുടര്‍ന്ന് മന്ത്രി - സരന്‍ഷ് ജെയ്ന്‍ (9) സഖ്യം 24 റണ്‍സ് കൂട്ടിചേര്‍ത്തു.
എന്നാല്‍ ബാബാ അപരാജിതിന് മുന്നില്‍ ജെയ്ന്‍ കീഴടങ്ങി. സ്‌കോര്‍ ആറിന് 102. ശിവാംഗ് കുമാര്‍ (0), ആര്യന്‍ പാണ്ഡെ (15) എന്നിവരെ കൂടി അപരാജിത് ബൗള്‍ഡാക്കിയതോടെ മധ്യ പ്രേദശ് എട്ടിന് 144 എന്ന നിലയിലായി. പിന്നീടാണ് ടീമിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ച കൂട്ടുകെട്ടുണ്ടായത്. ത്രിപുരേഷ് സിംഗ് (37) - ഹിമാന്‍ഷു സഖ്യം 66 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 46-ാം ഓവറില്‍ ഹിമാന്‍ഷു മടങ്ങുമ്പോള്‍ മധ്യ പ്രദേശിന് 210 റണ്‍സായിരുന്നു. ഏദന്‍ ആപ്പിള്‍ ടോമിന് വിക്കറ്റ് നല്‍കിയ ഹിമാന്‍ഷു ഏഴ് ബൗണ്ടറികള്‍ നേടി. ത്രിപുരേഷ് 46-ാം ഓവറിലും വീണു. കുമാര്‍ കാര്‍ത്തികേയ (1) പുറത്താവാതെ നിന്നു.
അതേസമയം, തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സഞ്ജു സാംസണ്‍ ഇല്ലാതെയാണ് കേരളം ഇറങ്ങുന്നത്. ടീമില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തി. സല്‍മാന്‍ നിസാര്‍, കൃഷ്ണ പ്രസാദ്, ഷറഫുദ്ദീന്‍ എന്നിവര്‍ തിരിച്ചെത്തി. അഹമ്മദ് ഇമ്രാന്‍, അഭിഷേക് നായര്‍, അഖില്‍ സ്‌കറിയ എന്നിവരാണ് വഴി മാറിയത്.
കേരളം: രോഹന്‍ കുന്നുമ്മല്‍ (ക്യാപ്റ്റന്‍), സല്‍മാന്‍ നിസാര്‍, കൃഷ്ണ പ്രസാദ്, ബാബ അപരാജിത്, വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് ഷറഫുദ്ദീന്‍, അങ്കിത് ശര്‍മ്മ, എം ഡി നിധീഷ്, വിഘ്‌നേഷ് പുത്തൂര്‍, ഏദന്‍ ആപ്പിള്‍ ടോം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!