
ഭിലായ്: അണ്ടര്‍ 23 വനിതാ ട്വന്റി 20 ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളം മഹാരാഷ്ട്രയോട് തോല്‍വി വഴങ്ങി. എട്ട് വിക്കറ്റിനായിരുന്നു മഹാരാഷ്ട്രയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മഹാരാഷ്ട്ര 17.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് രണ്ടാം ഓവറില്‍ തന്നെ ദിയ ഗിരീഷിന്റെ (4) വിക്കറ്റ് നഷ്ടമായെങ്കിലും അമീറ ബീഗവും ശ്രേയ സിജുവും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ആറ് ഓവര്‍ അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റിന് 54 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു കേരളം. എന്നാല്‍ ആചല്‍ അഗര്‍വാള്‍ എറിഞ്ഞ ഏഴാം ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ വീണത് കേരളത്തിന് തിരിച്ചടിയായി. ഓവറിലെ ആദ്യ പന്തില്‍ അമീറ ബീഗം (29) പുറത്തായപ്പോള്‍ അനന്യ പ്രദീപും നജ്ല നൗഷാദും അതേ ഓവറില്‍ തന്നെ അക്കൗണ്ട് തുറക്കാതെ മടങ്ങി. അഞ്ചാം വിക്കറ്റില്‍ ശ്രേയ സിജുവും ക്യാപ്റ്റന്‍ വി.ജെ. ജോഷിതയും ചേര്‍ന്ന് 52 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും തുടര്‍ന്നെത്തിയവര്‍ നിരാശപ്പെടുത്തിയതോടെ കേരളത്തിന്റെ സ്‌കോര്‍ 128-ല്‍ അവസാനിച്ചു. ശ്രേയ 41-ഉം ജോഷിത 34-ഉം റണ്‍സെടുത്തു. മഹാരാഷ്ട്രയ്ക്ക് വേണ്ടി ആചല്‍ അഗര്‍വാളും രോഷ്ണി പര്‍ദ്ദിയും മൂന്ന് വിക്കറ്റ് വീതവും ശ്വേത സാവന്ത് രണ്ട് വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മഹാരാഷ്ട്രയ്ക്ക് ഓപ്പണര്‍മാരായ ദ്യനന്ദ നികവും ഈശ്വരി സവാക്കരും നല്‍കിയ തകര്‍പ്പന്‍ തുടക്കം മുതല്‍ക്കൂട്ടായി. ദ്യനന്ദ 32 പന്തുകളില്‍ 53-ഉം ഈശ്വരി 53 പന്തുകളില്‍ 59-ഉം റണ്‍സ് നേടി. 16 പന്തുകള്‍ ബാക്കിനില്‍ക്കെ മഹാരാഷ്ട്ര അനായാസം ലക്ഷ്യത്തിലെത്തി. കേരളത്തിന് വേണ്ടി നജ്ല നൗഷാദും നിയ നസ്‌നീനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!