
മുംബൈ: അടുത്ത മാസം ഗോവയിൽ നടക്കുന്ന ഐപിഎൽ മിനി ലേലത്തിന് മുന്നോടിയായി ടീമുകള്‍ നിലനിർത്തിയ കളിക്കാരുടെയും ഒഴിവാക്കയവരുടെയും അന്തിമ പട്ടിക ഇന്ന് പുറത്തുവിടും. മിക്ക ടീമുകളും തങ്ങളുടെ പ്രധാന താരങ്ങളെ നിലനിർത്താൻ ഒരുങ്ങുമ്പോൾ, കഴിഞ്ഞ സീസണിൽ വൻ തുകയ്ക്ക് സ്വന്തമാക്കിയ പല സൂപ്പർ താരങ്ങളും ടീമുകൾ വിടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
2020 മുതൽ രാജസ്ഥാൻ റോയൽസിന്‍റെ വിശ്വസ്ത ഓപ്പണറായ ഇന്ത്യൻ യുവതാരം യശസ്വി ജയ്‌സ്വാൾ ടീം വിട്ടേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. മറ്റേതെങ്കിലും ടീമിൽ നായകസ്ഥാനം ഏറ്റെടുക്കാനുള്ള താൽപ്പര്യമാണ് ജയ്‌സ്വാളിനെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിക്കുന്നത്. രാജസ്ഥാന്‍ അടുത്ത സീസണിലേക്കും റിയാന്‍ പരാഗിനെ നായകനായി പ്രഖ്യാപിച്ചതിനാല്‍ കൊല്‍ക്കത്തയാണ് ജയ്സ്വാളില്‍ താല്‍പര്യം അറിയിച്ചിരിക്കുന്ന ഒരു ടീം. കഴിഞ്ഞ സീസണില്‍ നായകനായിരുന്ന അജിങ്ക്യാ രഹാനെ പ്രഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനാല്‍ കൊല്‍ക്കത്തയിലെത്തിയാല്‍ ജയ്സ്വാളിന് നായകസ്ഥാനം ലഭിച്ചേക്കും.
കഴിഞ്ഞ ലേലത്തിൽ 25.20 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ, 18 കോടി രൂപയ്ക്ക് ടീമിലെത്തിച്ച ശ്രീലങ്കൻ പേസർ മതീഷ പതിരാന, 9.20 കോടിക്ക് വാങ്ങിയ ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാൻ എന്നിവരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒഴിവാക്കാൻ സാധ്യതയേറെയാണ്. മുസ്തഫിസുറിനെ വിവാദത്തെ തുടര്‍ന്ന് ടീമില്‍ നിന്നൊഴിവാക്കേണ്ടി വന്നിരുന്നു. ഗ്രിനിനും പതിരാനക്കും പ്രതീക്ഷയ്ക്കൊത്ത് ഉയരാനുമായില്ല.
2025 മെഗാ ലേലത്തിൽ 12.50 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ ന്യൂസിലൻഡ് പേസർ ട്രെന്‍റ് ബോൾട്ടിനെ ടീം റിലീസ് ചെയ്തേക്കും. കഴിഞ്ഞ സീസണിൽ റൺസ് വഴങ്ങുന്നതിൽ നിയന്ത്രണമില്ലാതിരുന്നതും പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്തായതും ബോൾട്ടിന് തിരിച്ചടിയായി. ഹാർദിക് പാണ്ഡ്യയെ പഞ്ചാബിന് നൽകി പകരം അർഷ്ദീപ് സിംഗിനെ മുംബൈ ട്രേഡ് ചെയ്തതിനാലും, ദീപക് ചാഹർ, ഷാർദുൽ താക്കൂർ, കോർബിൻ ബോഷ്, അശ്വനി കുമാർ, കൃഷ് ഭഗത് എന്നിവർ ടീമിലുള്ളതിനാലും ലേലത്തുക വർദ്ധിപ്പിക്കാൻ ബോൾട്ടിനെ ഒഴിവാക്കാനാണ് സാധ്യത. ദീപക് ചാഹറിനെയും ഒഴിവാക്കിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.
2022 മുതൽ ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ മധ്യനിരയിലെ കരുത്തായ ഇന്ത്യൻ ഓൾറൗണ്ടർ ശിവം ദുബെ ടീം വിടുമെന്ന വാർത്തകൾ ശക്തമായിരുന്നെങ്കിലും താരം ചെന്നൈയിൽ തന്നെ തുടരാനാണ് സാധ്യത. മറുവശത്ത്, ഹാർദിക് പാണ്ഡ്യ ടീമിലെത്തിയതോടെ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസിനെ പഞ്ചാബ് കിംഗ്സ് ഒഴിവാക്കിയേക്കും. 10 കോടിയിലധികം രൂപ പ്രതിഫലമുള്ള സ്റ്റോയിനിസിനെ റിലീസ് ചെയ്യുന്നത് പഞ്ചാബിന്‍റെ ലേലത്തുക വർദ്ധിപ്പിക്കും. അസ്മത്തുള്ള ഒമർസായി, മാർക്കോ യാൻസൻ എന്നിവർ പഞ്ചാബ് നിരയിലുണ്ട്.
ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയെയും ഇടംകൈയ്യൻ സ്പിന്നർ എം. സിദ്ധാർത്ഥിനെയും രാജസ്ഥാൻ റോയൽസിന് കൈമാറി പകരം ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറനെ സ്വന്തമാക്കാൻ ഒരുങ്ങുന്നു. കഴിഞ്ഞ വർഷം ചെന്നൈയിൽ നിന്ന് രാജസ്ഥാനിലെത്തിയ സാം കറന് പരിക്ക് കാരണം ഒരു മത്സരം പോലും കളിക്കാൻ സാധിച്ചിരുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!