ചെന്നൈ സൂപ്പർ കിംഗ്‌സ് ഇതിഹാസ താരം എംഎസ് ധോണി ഐപിഎല്ലിൽ നിന്ന് വിരമിച്ചു. അടുത്ത സീസൺ മുതൽ ധോണി ടീമിന്റെ മെന്ററായി പ്രവർത്തിക്കും.

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണി ഐപിഎല്ലില്‍ നിന്ന് വിരമിച്ചു. അടുത്ത ഐപിഎൽ സീസൺ മുതൽ ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ 'മെന്‍റർ' (ഉപദേഷ്ടാവ്) റോളിലേക്ക് ധോണി മാറും. 2008-ൽ ആരംഭിച്ച ഐപിഎല്ലിലെ കളിക്കാരനും ഒരു ടീമും തമ്മിലുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ ബന്ധത്തിനാണ് ഇതോടെ അവസാനമാകുന്നത്.

2007-ലെ പ്രഥമ ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചതിന് പിന്നാലെ 2008-ൽ ചെന്നൈ സൂപ്പർ കിംഗ്സ് ആദ്യമായി സ്വന്തമാക്കിയ താരമായിരുന്നു ധോണി. അന്ന് അതൊരു പരീക്ഷണമായാണ് പലരും കണ്ടതെങ്കിലും, പിന്നീട് അഞ്ച് ഐപിഎൽ കിരീടങ്ങളും ലോകത്തിലെ തന്നെ ഏറ്റവും വലിയ കായിക ബ്രാൻഡുകളിൽ ഒന്നുമായി ചെന്നൈയെ മാറ്റിയെടുക്കാൻ ധോണിക്ക് സാധിച്ചു.

ചെന്നൈയുടെ സ്വന്തം 'തല'

2010, 2011, 2018, 2021, 2023 വർഷങ്ങളിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ ഐപിഎൽ കിരീടങ്ങളിലേക്ക് നയിച്ച ധോണി, മുംബൈ ഇന്ത്യൻസിനൊപ്പം ലീഗിലെ ഏറ്റവും വിജയകരമായ ടീമായി ചെന്നൈയെ മാറ്റി. ഇതിനുപുറമെ 2010-ലും 2014-ലും ചാമ്പ്യൻസ് ലീഗ് ടി20 കിരീടങ്ങളും ധോണിക്ക് കീഴിൽ ചെന്നൈ സ്വന്തമാക്കി. കളിച്ച സീസണുകളിലെല്ലാം കിരീടപ്പോരാട്ടത്തിലുണ്ടായിരുന്ന സിഎസ്കെയെ 10 ഐപിഎൽ ഫൈനലുകളിലേക്കാണ് 'ക്യാപ്റ്റൻ കൂൾ' നയിച്ചത്.

2016, 2017 സീസണുകളിൽ ചെന്നൈയ്ക്ക് വിലക്ക് നേരിട്ടപ്പോൾ റൈസിംഗ് പൂനെ സൂപ്പർ ജയന്റ്സിനായി കളിച്ച ധോണി, 2018-ൽ മഞ്ഞക്കുപ്പായത്തിലേക്ക് മടങ്ങിയെത്തി. തിരിച്ചുവരവ് സീസണിൽ തന്നെ ടീമിനെ കിരീടമണിയിച്ചുകൊണ്ട് ധോണി ചെന്നൈയുടെ സുവർണ്ണകാലത്തിന് വീണ്ടും തുടക്കമിട്ടു. 2023-ൽ അഹമ്മദാബാദിൽ മഴ തടസ്സപ്പെടുത്തിയ ആവേശകരമായ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ പരാജയപ്പെടുത്തിയതായിരുന്നു ധോണിയുടെ അവസാന കിരീടനേട്ടം. അവസാന പന്തിൽ രവീന്ദ്ര ജഡേജ നേടിയ ബൗണ്ടറിയിലൂടെ അഞ്ചാം കിരീടം ഉറപ്പിച്ചപ്പോൾ ജഡേജയെ എടുത്തുയർത്തി ആഘോഷിച്ച ധോണിയുടെ ചിത്രം ആരാധകരുടെ മനസ്സിൽ ഇന്നും മായാതെയുണ്ട്.

2023-ലെ കിരീടനേട്ടത്തിന് ശേഷം കാൽമുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ധോണി 2024 സീസണിലും കളിക്കളത്തിലേക്ക് മടങ്ങിയെത്തി. കരിയറിന്റെ അവസാന ഘട്ടത്തിൽ ഇന്നിംഗ്സിന്റെ അവസാന ഓവറുകളിൽ തകർത്തടിക്കുന്ന 'ഫിനിഷർ' റോളിലേക്കായിരുന്നു ധോണിയുടെ മാറ്റം. 2023-ൽ 182-ലധികം സ്ട്രൈക്ക് റേറ്റിൽ 104 റൺസ് നേടിയ അദ്ദേഹം, 2024-ൽ 11 ഇന്നിംഗ്സുകളിൽ നിന്ന് 220.54 എന്ന അവിശ്വസനീയ സ്ട്രൈക്ക് റേറ്റിൽ 161 റൺസ് അടിച്ചുകൂട്ടി.

2025 സീസണിൽ 14 മത്സരങ്ങളിലും കളിച്ച ധോണി 196 റൺസ് നേടി. കൈമുട്ടിനേറ്റ പരിക്കുമൂലം ഋതുരാജ് ഗെയ്ക്‌വാദ് പുറത്തായതോടെ ആ സീസണിൽ ധോണിക്ക് വീണ്ടും ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കേണ്ടി വന്നു. എന്നാൽ സ്ഥിരതയ്ക്ക് പേരുകേട്ട ചെന്നൈ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തായാണ് ആ സീസൺ അവസാനിപ്പിച്ചത്.

OFFICIAL ANNOUNCEMENT 🦁💛

Scroll to load tweet…

2026 സീസൺ ഒരു കളിക്കാരനെന്ന നിലയിൽ ധോണിയുടെ അവസാന സീസണായിരുന്നു. എന്നാൽ ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണം ആ സീസണിൽ ഒരു മത്സരത്തിൽ പോലും ധോണിക്ക് കളിക്കാനായില്ല. 45-ാം വയസ്സിൽ ഐപിഎല്ലിന്റെ കഠിനമായ ശാരീരിക വെല്ലുവിളികൾ നേരിടുക പ്രയാസകരമായതോടെയാണ് ധോണി വിരമിക്കാൻ തീരുമാനിച്ചത്. ഓരോ സീസണിന് മുമ്പും ധോണി കളിക്കുമോ എന്നതിനെച്ചൊല്ലിയുള്ള ആകാംക്ഷകൾക്കും അനിശ്ചിതത്വങ്ങൾക്കുമാണ് ഇതോടെ വിരാമമാകുന്നത്.

ഐപിഎല്ലിലെ ധോണിയുടെ കണക്കുകൾ

ആകെ 278 ഐപിഎൽ മത്സരങ്ങളിൽ നിന്നായി 38.30 ശരാശരിയിലും 137.45 സ്ട്രൈക്ക് റേറ്റിലും 5,439 റൺസാണ് ധോണി നേടിയത്. ഇതിൽ 24 അർദ്ധസെഞ്ച്വറികളും 264 സിക്സറുകളും 375 ഫോറുകളും ഉൾപ്പെടുന്നു. ചെന്നൈ സൂപ്പർ കിംഗ്സിനായി മാത്രം 272 മത്സരങ്ങളിൽ നിന്ന് 5,314 റൺസ് നേടിയ ധോണി, ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും രണ്ടാമത്തെ വലിയ റൺവേട്ടക്കാരനുമായാണ് കളിക്കളത്തോട് വിടപറയുന്നത്.

'ധോണിയില്ലാതെ സിഎസ്കെയെക്കുറിച്ച് ചിന്തിക്കാനാവില്ല': എൻ. ശ്രീനിവാസൻ

ധോണിയുടെ വിരമിക്കലിന് പിന്നാലെ വികാരനിർഭരമായ പ്രതികരണമാണ് സിഎസ്കെ ഉടമ എൻ. ശ്രീനിവാസൻ നടത്തിയത്. എം.എസ്. ധോണിയില്ലാതെ സിഎസ്കെയെക്കുറിച്ച് ചിന്തിക്കാനാവില്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞു. ഏകദേശം രണ്ട് പതിറ്റാണ്ടുകളായി വിജയങ്ങളിലും തിരിച്ചടികളിലും ഞങ്ങൾ ഒരുമിച്ച് നടന്നു. പരസ്പരമുള്ള അചഞ്ചലമായ വിശ്വാസമാണ് ഈ ബന്ധത്തെ ഇത്രത്തോളം ശക്തമാക്കിയത്. 2008-ൽ ധോണി സിഎസ്കെയുടെ ഭാഗമാകണമെന്ന് ഞാൻ നിർബന്ധം പിടിച്ചിരുന്നു. എന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമായിരുന്നു അത്. ധോണി എന്നും ഞങ്ങളുടെ സ്വത്വത്തിന്‍റെ ഭാഗമായിരിക്കും. ഇതായിരിക്കും എന്നും അദ്ദേഹത്തിന്‍റെ വീട്- ശ്രീനിവാസൻ പറഞ്ഞു.

Scroll to load tweet…

യുവതാരങ്ങൾക്ക് വഴികാട്ടിയാകാൻ ധോണി

ടീം പരിവർത്തന ഘട്ടത്തിലൂടെ കടന്നുപോകുന്ന സമയത്ത് ധോണിയുടെ സാന്നിധ്യം അമൂല്യമാണെന്ന് സിഎസ്കെ ഉടമ രൂപ ഗുരുനാഥ് വ്യക്തമാക്കി. ധോണിയെപ്പോലൊരു താരം ഒരു തലമുറയിൽ ഒരിക്കൽ മാത്രമേ ഉണ്ടാകു. കളിക്കളത്തിനകത്തും പുറത്തും അദ്ദേഹം ഞങ്ങൾക്ക് നൽകിയ സംഭാവനകൾ വലുതാണ്. ടീമിൽ നിരവധി യുവതാരങ്ങളുള്ള ഈ ഘട്ടത്തിൽ മെന്‍റർ എന്ന നിലയിലുള്ള ധോണിയുടെ അനുഭവസമ്പത്ത് സിഎസ്കെയുടെ അടുത്ത തലമുറയെ വാർത്തെടുക്കാൻ സഹായിക്കുമെന്നും രൂപ ഗുരുനാഥ് പറഞ്ഞു. 

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ധോണി ചെന്നൈ നഗരത്തെ ഹൃദയത്തോട് ചേർത്തുവെച്ചതുപോലെ ചെന്നൈയും അദ്ദേഹത്തെ സ്വന്തമായി ഏറ്റെടുത്തുവെന്ന് സിഎസ്കെ മാനേജിംഗ് ഡയറക്ടർ കാശി വിശ്വനാഥൻ അനുസ്മരിച്ചു. മഞ്ഞക്കുപ്പായത്തിൽ അദ്ദേഹത്തെ ഇനി കളിക്കളത്തിൽ കാണാനാകില്ല എന്നത് വലിയ നഷ്ടമാണെങ്കിലും, ടീമിനെ നയിക്കാൻ അദ്ദേഹം ഒപ്പമുണ്ടെന്നത് സന്തോഷം നൽകുന്നു. നേടിയ കിരീടങ്ങൾക്കൊപ്പം തന്നെ അവ നേടിയെടുത്ത രീതിയും എന്നും ഓർമ്മിക്കപ്പെടുമെന്ന് കാശി വിശ്വനാഥൻ കൂട്ടിച്ചേർത്തു.
YouTube video player