
വിജയവാഡ: അണ്ടര്‍ 23 വനിതാ ട്വന്റി 20 ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് മഹാരാഷ്ട്രയോട് തോല്‍വി. അവസാന പന്ത് വരെ നീണ്ട ആവേശപ്പോരാട്ടത്തില്‍ നാല് വിക്കറ്റിനായിരുന്നു മഹാരാഷ്ട്രയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മഹാരാഷ്ട്ര ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ബി എം മിറാജ്കറുടെ പ്രകടനമാണ് മഹാരാഷ്ട്രയ്ക്ക് വിജയമൊരുക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ക്യാപ്റ്റന്‍ നജ്‌ല സിഎംസിയുടെയും ശ്രദ്ധ സുമേഷിന്റെയും ഇന്നിങ്‌സുകളാണ് കരുത്ത് പകര്‍ന്നത്. കേരളത്തിന് വേണ്ടി ഇന്നിങ്‌സ് തുറന്ന വൈഷ്ണ എം പിയും ശ്രദ്ധയും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 24 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ അടുത്തടുത്ത ഓവറുകളില്‍ കേരളത്തിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. വൈഷ്ണ 14 റണ്‍സെടുത്ത് പുറത്തായപ്പോള്‍ അബിന റണ്ണെടുക്കാതെ മടങ്ങി. തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ ശ്രദ്ധയും നജ്‌ലയും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 31 റണ്‍സാണ് കേരളത്തിന്റെ ഏറ്റവും മികച്ച കൂട്ടുകെട്ട്. ശ്രദ്ധ 33 റണ്‍സും നജ്‌ല 41 റണ്‍സും നേടി. അവസാന ഓവറുകളില്‍ മികച്ച പ്രകടനം കാഴ്ച വച്ച നജ്‌ലയുടെ ഇന്നിങ്‌സാണ് കേരളത്തിന്റെ സ്‌കോര്‍ 125ല്‍ എത്തിച്ചത്. മഹാരാഷ്ട്രയ്ക്ക് വേണ്ടി ബി എം മിറാജ്കര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മഹാരാഷ്ട്രയ്ക്ക് തുടക്കത്തില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. എന്നാല്‍ ഒരറ്റത്ത് വിക്കറ്റുകള്‍ മുറയ്ക്ക് വീഴുമ്പോഴും മറുവശത്ത് ഉറച്ച് നിന്ന ഓപ്പണര്‍ ഈശ്വരി അവസാരെയുടെ പ്രകടനം മഹാരാഷ്ട്രയ്ക്ക് തുണയായി. ഈശ്വരി 41 റണ്‍സെടുത്തു. ഈശ്വരി മടങ്ങിയ ശേഷമെത്തിയ ബി എം മിറാജ്കറുടെ പ്രകടനമാണ് കളി മഹാരാഷ്ട്രയ്ക്ക് അനുകൂലമാക്കിയത്. 27 പന്തുകളില്‍ നിന്ന് 31 റണ്‍സാണ് മിറാജ്കര്‍ നേടിയത്. ഇരുപതാം ഓവറിലെ നാലാം പന്തില്‍ മിറാജ്കര്‍ റണ്ണൌട്ടായെങ്കിലും അവസാന പന്തില്‍ മഹാരാഷ്ട്ര ലക്ഷ്യത്തിലെത്തി. കേരളത്തിന് വേണ്ടി ഐശ്യര്യ എ കെ രണ്ട് വിക്കറ്റ് വീഴ്ത്തി.
കേരളം - 20 ഓവറില്‍ ഏഴ് വിക്കറ്റിന് 125
മഹാരാഷ്ട്ര - 20 ഓവറില്‍ ആറ് വിക്കറ്റിന് 126
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!