കോലി-രോഹിത്, ഗംഭീര്‍ ഭിന്നത രൂക്ഷം; ഡ്രസിംഗ് റൂമില്‍ ഇന്ത്യന്‍ പരിശീലകനെ അവഗണിച്ചു

Published : Dec 02, 2025, 09:53 AM IST
Virat Kohli, Rohit Sharma, and Gautam Gambhir

Synopsis

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സീനിയർ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമ്മയും മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും തമ്മിലുള്ള ഭിന്നത രൂക്ഷമാവുകയാണ്. 

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും തമ്മിലുള്ള ഭിന്നത രൂക്ഷം. പ്രശ്‌നപരിഹാരത്തിനായി അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് ബിസിസിഐ. ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായതിന് പിന്നാലെയാണ് വിരാട് കോലിയും രോഹിത് ശര്‍മയും അപ്രതീക്ഷിതമായി ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിച്ചത്. മുഖ്യ പരിശീലകന്‍ അജിത് അഗാര്‍ക്കറിനെ കൂട്ടുപിടിച്ച് രോഹിത്തിനെ മാറ്റി ശുഭ്മാന്‍ ഗില്ലിനെ ഏകദിന ടീമിന്റെ നായകനാക്കിയതും ഗംഭീറിന്റെ അണിയറ നീക്കമായിരുന്നു.

ഏകദിനത്തില്‍ മാത്രം കളിക്കുന്ന കോലിയും രോഹിത്തും ഉഗ്രന്‍ പ്രകടനത്തോടെ ബാറ്റുകൊണ്ട് മറുപടി നല്‍കുന്നതിനൊപ്പം ഡ്രസ്സിംഗ് റൂമില്‍ ഗംഭീറിനെ പൂര്‍ണമായും അവഗണിക്കുകയാണ്. റാഞ്ചി കദിനത്തിന് ശേഷം പുറത്തുവന്ന ദൃശ്യങ്ങള്‍ ഇത് വ്യക്തമാക്കുന്നു. ഡ്രസ്സിംഗ് റൂമിലേക്ക് തിരിച്ചെത്തിയകോലി, ഗംഭീറിന് മുഖംകൊടുക്കാന്‍ പോലും തയ്യാറായില്ല. മത്സരശേഷം ഗംഭീറും രോഹിത്തും നടത്തുന്ന അസ്വാഭാവിക സംഭാഷണത്തിന്റെ ദൃശ്യങ്ങളും പുറത്തുവുന്നു. കോലിയുടെ സെഞ്ച്വറിയുടെ മികവില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച ഇന്ത്യന്‍ ടീം ഹോട്ടലില്‍ കേക്ക് മുറിച്ചാണ് വിജയം ആഘോഷിച്ചത്.

നായകന്‍ കെ എല്‍ രാഹുല്‍ കേക്ക് മുറിച്ചപ്പോള്‍, സഹതാരങ്ങള്‍ നിര്‍ബന്ധിച്ചിട്ടും കോലി ആഘോഷത്തില്‍ പങ്കാളിയായില്ല. ക്ഷണം നിരസിച്ച് കോലി നടന്ന് നീങ്ങുകയായിരുന്നു. മുന്‍പ് ഇത്തരം ആഘോഷപരിപാടികളില്‍ പാട്ടും ഡാന്‍സുമായി മുന്നില്‍ നിന്ന താരമായിരുന്നു കോലി. ഗംഭീറുമായുളള കോലിയുടെയും രോഹിത്തിന്റെയും പടലപ്പിണക്കത്തില്‍ ജൂനിയര്‍ താരങ്ങള്‍ എന്തുചെയ്യണമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ്. ഇതോടെയാണ് പ്രശ്‌നത്തില്‍ എത്രയുംവേഗം ഇടപെടാന്‍ ബിസിസിഐ തീരുമാനിച്ചത്.

റായ്പൂരില്‍ നാളെ നടക്കുന്ന ഇന്ത്യ, ദക്ഷിണാഫ്രിക്ക മത്സത്തിന് മുന്നോടിയായി അടിന്തയരയോഗം വിളിച്ചു. ഗംഭീറിനൊപ്പം മുഖ്യസെലക്ടര്‍ അഗാര്‍ക്കറോടും യോഗത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രോഹിത്തും കോലിയും അഗാര്‍ക്കറുമായും ഭിന്നതയിലാണിപ്പോള്‍. ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ, ജോയിന്റ് സെക്രട്ടറി, പ്രഭ്‌തേജ് സിംഗ് ഭാട്ടിയ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. പ്രസിഡന്റ് മിഥുന്‍ മനാസ് യോഗത്തില്‍ പങ്കെടുക്കുമോയെന്ന് ഉറപ്പില്ല.

PREV
Read more Articles on
click me!

Recommended Stories

'ഇന്ത്യയെ തോല്‍പിച്ചത് ഇന്നിംഗ്സിനൊടുവിൽ ജഡേജയുടെ മെല്ലെപ്പോക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
2026 ടി20 ലോകകപ്പിതാ മുന്നില്‍; അവകാശവാദം ഉന്നയിച്ച് യുവതാരങ്ങള്‍, ഇതാ ചില മിന്നും പ്രകടനങ്ങള്‍