
സതാംപ്‍ടണ്‍: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ(ENG vs IND T20Is) ആദ്യ മത്സരത്തിനുള്ള സ്ക്വാഡില്‍ മാത്രം ഉള്‍പ്പെടുത്തിയിട്ടും മലയാളി ബാറ്റർ സഞ്ജു സാംസണിനെ(Sanju Samson) കളിപ്പിക്കാതിരുന്നതില്‍ ടീം മാനേജ്‍മെന്‍റ് കടുത്ത വിമർശനം നേരിടുകയാണ്. സഞ്ജുവിന്‍റെ കരിയർ തകർക്കുകയാണ് മാനേജ്‍മെന്‍റ് എന്നാരോപിച്ച് ആരാധകർ കടുത്ത പ്രതിഷേധവുമായി സാമൂഹ്യമാധ്യമങ്ങളില്‍ രംഗത്തെത്തി. സഞ്ജുവിന്‍റെ കടുത്ത ആരാധകനായ മന്ത്രി വി ശിവന്‍കുട്ടിയും(V Sivankutty) താരത്തെ തഴഞ്ഞതിലുള്ള പ്രതിഷേധം അറിയിച്ചിരിക്കുകയാണ്.
'ഇതും ഒരു കളി...' എന്നാണ് കാണികളെ അഭിവാദ്യം ചെയ്യുന്ന സഞ്ജു സാംസണിന്‍റെ ചിത്രം സഹിതം മന്ത്രി വി ശിവന്‍കുട്ടിയുടെ ട്വീറ്റ്. സഞ്ജുവിന് പിന്തുണയുമായി വി ശിവന്‍കുട്ടി രംഗത്തെത്തുന്നത് ഇതാദ്യമല്ല. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ഒരു മത്സരത്തില്‍ മാത്രം മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയതിനെ മന്ത്രി നേരത്തെ അതിശക്തമായി വിമർശിച്ചിരുന്നു. സഞ്ജുവിനോട് കാട്ടുന്നത് അനാദരവാണ്, സഞ്ജുവിനെ ലോകകപ്പ് ടീമിൽ നിന്ന് മാറ്റിനിർത്താനുള്ള ഗൂഢ തന്ത്രമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നായിരുന്നു ഫേസ്ബുക്കില്‍ വി ശിവന്‍കുട്ടിയുടെ കുറിപ്പ്.
'ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി20 മത്സരത്തിനുള്ള ടീമിൽ മാത്രം മലയാളി ക്രിക്കറ്റർ സഞ്ജു സാംസണെ ഉൾപ്പെടുത്തിയത് അദ്ദേഹത്തിന്റെ പ്രതിഭയോടുള്ള അനാദരവാണ്. അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയിലും സഞ്ജുവിന് ഒരു മത്സരത്തിൽ മാത്രമാണ് കളിക്കാൻ അവസരം നൽകിയത്. ആ മത്സരത്തിൽ ഇന്ത്യൻ വിജയത്തിൽ നിർണായകമായ 77 റൺസ് നേടിയിട്ടും സഞ്ജുവിനെ വേണ്ടവിധം പരിഗണിക്കാത്തത് ലോകകപ്പ് ടീമിൽ നിന്ന് മാറ്റിനിർത്താനുള്ള ഗൂഢ തന്ത്രമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു'- എന്നായിരുന്നു അന്ന് വി ശിവന്‍കുട്ടിയുടെ എഫ്ബി പോസ്റ്റ്. സഞ്ജുവിനെ ആർക്കാണ് പേടി എന്നെഴുതിയ ചിത്രവും ഇതിനൊപ്പമുണ്ടായിരുന്നു.
ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20ക്ക് മാത്രമുള്ള സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടും കളിക്കാന്‍ സഞ്ജുവിന് അവസരം നല്‍കാതിരുന്നതില്‍ പ്രതിഷേധം ശക്തമാണ്. ബിസിസിഐയുടെ രാഷ്ട്രീയം കാരണമാണ് സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവന് പുറത്തായതെന്നാണ് ഒരുവിഭാഗം ആരാധകരുടെ വിമർശനം. സഞ്ജുവിന്‍റെ കരിയർ തകർക്കുകയാണ് ഇന്ത്യന്‍ മാനേജ്‍മെന്റ് എന്നായിരുന്നു ഒരു ആരാധകന്‍റെ ട്വീറ്റ്. സഞ്ജു ഇന്ത്യന്‍ ക്രിക്കറ്റ് അടക്കിഭരിക്കുന്ന കാലം വരുമെന്ന് മറ്റൊരു ആരാധകന്‍ കമന്‍റ് ചെയ്തു. ഇംഗ്ലണ്ടിനെതിരെ രണ്ടും മൂന്നും ടി20ക്കുള്ള സ്ക്വാഡിലില്ലാത്തതിനാല്‍ ഇംഗ്ലണ്ടില്‍ നിന്ന് മടങ്ങുകയാണ് സഞ്ജു സാംസണ്‍.
അയർലന്‍ഡിനെതിരെ 42 പന്തില്‍ 9 ഫോറും നാല് സിക്സറും സഹിതം 183 സ്ട്രൈക്ക് റേറ്റോടെ 77 റണ്‍സ് നേടിയിട്ടും തൊട്ടടുത്ത മത്സരത്തില്‍ സഞ്ജു പുറത്തിരിക്കുകയായിരുന്നു. ഇനി വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലാണ് സഞ്ജുവിനെ ഇന്ത്യന്‍ കുപ്പായത്തില്‍ ആരാധകർ കാണുക.