
രാജ്‌കോട്ട്: വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടറില്‍ രാജസ്ഥാനെതിരെ കേരളത്തിന് 268 റണ്‍സ് വിജയലക്ഷ്യം. രാജ്‌കോട്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന് മഹിപാല്‍ ലോംറോറിന്റെ (114 പന്തില്‍ പുറത്താവാതെ 122) സെഞ്ചുറിയാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. കുനാല്‍ സിംഗ് റാത്തോറും (66) രാജസ്ഥാന്‍ നിരയില്‍ തിളങ്ങി. മറ്റാര്‍ക്കും 20ന് അപ്പുറമുള്ള സ്‌കോര്‍ പോലും നേടാന്‍ സാധിച്ചിരുന്നില്ല. അഖിന്‍ സത്താര്‍ കേരളത്തിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. ബേസില്‍ തമ്പിക്ക് രണ്ട് വിക്കറ്റുണ്ട്.
സ്ഥിരം ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് പറന്ന സാഹചര്യത്തില്‍ രോഹന്‍ കുന്നുമ്മലിന്റെ നേതൃത്വത്തിലാണ് കേരളം ഇറങ്ങിയത്. ഓപ്പണര്‍മാരായ അഭിജിത് തോമര്‍ (15), റാം മോഹന്‍ ചൗഹാന്‍ (18) എന്നിവരെ പെട്ടന്ന് മടക്കാന്‍ കേരളത്തിനായി. ക്യാപ്റ്റന്‍ ദീപക് ഹൂഡ (9), കരണ്‍ ലാംബ (9) എന്നിവരും രാജസ്ഥാന്‍ നിരയില്‍ നിരാശപ്പെടുത്തി. ഇതോടെ നാലിന് 108 എന്ന നിലയിലായി രാജസ്ഥാന്‍.
പിന്നീട് ലോംറോര്‍ - റാതോര്‍ സഖ്യമാണ് രാജസ്ഥാനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. ഇരുവരും 116 റണ്‍സ് കൂട്ടിചേര്‍ത്തു. 45-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. അഖിന്റെ പന്തില്‍ റാതോര്‍ പുറത്ത്. 52 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും ഏഴ് ഫോറും നേടി. തുടര്‍ന്നെത്തിയ കുക്‌ന അജയ് സിംഗ് (2), രാഹുല്‍ ചാഹര്‍ (4), അറാഫത്ത് ഖാന്‍ (2) എന്നിവര്‍ക്ക് തിളങ്ങാനായില്ല. അനികേത് ചൗധരി (4), ലോംറോറിനൊപ്പം പുറത്താവാതെ നിന്നു. 114 പന്തുകള്‍ നേരിട്ട താരം ആറ് വീതം സിക്‌സും ഫോറും നേടിയിരുന്നു.
കേരള ടീം: രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസറുദ്ദീന്‍, കൃഷ്ണ പ്രസാദ്, വിഷ്ണു വിനോദ്, സച്ചിന്‍ ബേബി, അബ്ദുള്‍ ബാസിത്, ശ്രേയസ് ഗോപാല്‍, അഖില്‍ സ്‌കറിയ, ബേസില്‍ തമ്പി, വൈശാഖ് ചന്ദ്രന്‍, അഖിന്‍.
മറ്റൊരാളെ കുറിച്ച് ചിന്തിക്കുകയേ വേണ്ട! ടി20 ആര് ഇന്ത്യയെ നയിക്കണമെന്ന് വ്യക്തമാക്കി ഗൗതം ഗംഭീര്‍