
വയനാട്: 19 വയസില്‍ താഴെയുള്ളവരുടെ കൂച്ച് ബെഹാര്‍ ട്രോഫിയില്‍ കേരളത്തിനെതിരെ പോണ്ടിച്ചേരിയുടെ ആദ്യ ഇന്നിങ്‌സ് 332 റണ്‍സിന് അവസാനിച്ചു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിന് 62 റണ്‍സെന്ന നിലയിലാണ്.
അഞ്ച് വിക്കറ്റിന് 207 റണ്‍സെന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ പോണ്ടിച്ചേരിക്ക് മൂന്നാം ഓവറില്‍ തന്നെ ഹാരിസ് മരയ്ക്കാറുടെ വിക്കറ്റ് നഷ്ടമായി. 96 റണ്‍സെടുത്ത ഹാരിസിനെ ലെറോയ് ജോക്വിനാണ് പുറത്താക്കിയത്. എന്നാല്‍ ആറാം വിക്കറ്റില്‍ ഒന്നിച്ച സായ് കൃഷ്ണയും ശ്രുജന്‍ സിന്‍ഹാസനും ചേര്‍ന്ന് 77 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 39 റണ്‍സെടുത്ത ശ്രുജനെ പുറത്താക്കി ഹര്‍ഷിത് ഹരീഷ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടതോടെ പോണ്ടിച്ചേരിയുടെ ഇന്നിങ്‌സ് അധികം നീണ്ടില്ല.
42 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകള്‍ കൂടി വീണതോടെ പോണ്ടിച്ചേരിയുടെ ഇന്നിങ്‌സിന് 332-ല്‍ അവസാനമായി. സായ് കൃഷ്ണ 71 റണ്‍സെടുത്തു. കേരളത്തിന് വേണ്ടി ഹര്‍ഷിത് ഹരീഷ് നാലും ലെറോയ് ജോക്വിനും തോമസ് മാത്യുവും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് വേണ്ടി അര്‍ജുന്‍ ഹരിയും കെ.ആര്‍. രോഹിതും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 22 റണ്‍സെടുത്ത അര്‍ജുന്‍, ഡൊണോവന്റെ പന്തില്‍ പുറത്തായി. കളി നിര്‍ത്തുമ്പോള്‍ കെ.ആര്‍. രോഹിത് 32-ഉം സംഗീത് സാഗര്‍ ഏഴും റണ്‍സ് നേടി ക്രീസിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!