രഞ്ജിയിൽ നാണംകെട്ട് കേരളം; ചണ്ഡിഗഢിനോട് തോറ്റത് ഇന്നിംഗ്സിനും 92 റൺസിനും; ക്വാർട്ടർ കാണാതെ പുറത്ത്

Published : Jan 24, 2026, 03:44 PM IST
Keralavs Chandigarh Ranji Trophy

Synopsis

തോല്‍വിയോടെ നിലവിലെ റണ്ണറപ്പുകളായ കേരളം ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. എലൈറ്റ് ഗ്രൂപ്പ് ബിയില്‍ ആറ് കളികളില്‍ 8 പോയന്‍റുമായി അവസാന സ്ഥാനത്താണ് കേരളം.

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചണ്ഡിഗഢിനെതിരെ കേരളത്തിന് ഇന്നിംഗ്സ് തോൽവി. ഇന്നിങ്സിനും 92 റൺസിനുമാണ് ചണ്ഡിഗഢ് കേരളത്തെ പരാജയപ്പെടുത്തിയത്. ആദ്യ ഇന്നിങ്സിൽ 277 റൺസിന്‍റെ കൂറ്റൻ ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിംഗ്സിൽ 185 റൺസിന് പുറത്താവുകയായിരുന്നു. ചണ്ഡിഗഢിന് വേണ്ടി രണ്ട് ഇന്നിങ്സുകളിലുമായി ഏഴ് വിക്കറ്റുകൾ വീഴ്ത്തിയ രോഹിത് ധൻദയാണ് പ്ലെയർ ഓഫ് ദി മാച്ച്.

തോല്‍വിയോടെ നിലവിലെ റണ്ണറപ്പുകളായ കേരളം ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. എലൈറ്റ് ഗ്രൂപ്പ് ബിയില്‍ ആറ് കളികളില്‍ 8 പോയന്‍റുമായി അവസാന സ്ഥാനത്താണ് കേരളം. സീസണില്‍ ഒരു മത്സരത്തില്‍ പോലും ജയിക്കാന്‍ കേരളത്തിനായിരുന്നില്ല. രണ്ട് സമനിലകളും നാലു തോല്‍വികളുമാണ് കേരളത്തിന്‍റെ അക്കൗണ്ടിലുള്ളത്. സ്കോർ: കേരളം-139,185. ചണ്ഡിഗഢ്- 416.

രണ്ട് വിക്കറ്റിന് 21 റൺസെന്ന നിലയിൽ മൂന്നാം ദിവസം കളി തുടങ്ങിയ കേരളത്തിന് തുടക്കത്തിലേ പ്രഹരമേറ്റു. സച്ചിൻ ബേബിയും ബാബ അപരാജിത്തും അടുത്തടുത്ത ഓവറുകളിൽ പുറത്തായി. ആറ് റൺസെടുത്ത സച്ചിൻ ബേബിയെ രോഹിത് ധൻദയും, 17 റൺസെടുത്ത ബാബ അപരാജിത്തിനെ ജഗ്ജിത് സിങ് സന്ധുവുമാണ് പുറത്താക്കിയത്. പിന്നീട് ഒത്തുചേർന്ന വിഷ്ണു വിനോദും സൽമാൻ നിസാറും ചേർന്ന് 63 റൺസ് കൂട്ടിച്ചേർത്തത് കേരളത്തിന് പ്രതീക്ഷ നൽകി. എന്നാൽ ഒരോവറിൽ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടതോടെ കളിയുടെ വിധി നിശ്ചയിക്കപ്പെട്ടു.

25-ാം ഓവറിലെ ആദ്യ പന്തിൽ വിഷ്ണു വിനോദിനെ പുറത്താക്കിയ രോഹിത് ധൻദ അതേ ഓവറിൽ തന്നെ മുഹമ്മദ് അസറുദ്ദീനെയും അങ്കിത് ശർമ്മയെയും കൂടി മടക്കി. 43 പന്തുകളിൽ 12 ബൗണ്ടറികളടക്കം 56 റൺസാണ് വിഷ്ണു വിനോദ് നേടിയത്. അസറുദ്ദീനും അങ്കിത് ശർമ്മയും അക്കൗണ്ട് തുറക്കാതെ മടങ്ങി. സൽമാൻ നിസാർ ഒരറ്റത്ത് ഒറ്റയാൾ പോരാട്ടവുമായി നിലയുറപ്പിച്ചെങ്കിലും പിന്തുണ നൽകാൻ ആരുമുണ്ടായില്ല. 185 റൺസിന് കേരളത്തിന്റെ ഇന്നിങ്സ് അവസാനിച്ചു. സൽമാൻ നിസാർ 53-ഉം ഏദൻ ആപ്പിൾ ടോം 14-ഉം നിധീഷ് എം.ഡി. 12-ഉം റൺസ് നേടി. ചണ്ഡിഗഢിനായി രോഹിത് ധൻദ നാല് വിക്കറ്റും വിഷു കശ്യപ് മൂന്ന് വിക്കറ്റും വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

468 ദിവസത്തെ വരള്‍ച്ചയ്ക്ക് അന്ത്യം; സൂര്യകുമാര്‍ യാദവ് തുടരും, ഇനി സ്കൈ ഈസ് ദ ലിമിറ്റ്
ടീമിൽ വൻ അഴിച്ചുപണി, 6 താരങ്ങൾ പുറത്ത്, വനിതാ ടീമിനെ പ്രഖ്യാപിച്ചു