സയ്യിദ് മുഷ്താഖ് അലി ടി20: സൂപ്പര്‍ ലീഗ് പോരാട്ടത്തില്‍ കേരളം നാളെ വിദര്‍ഭയ്‌ക്കെതിരെ

Published : Nov 29, 2026, 06:32 PM IST
Sanju

Synopsis

സയ്യിദ് മുഷ്താഖ് അലി ടി20 സൂപ്പർ ലീഗ് പോരാട്ടത്തിൽ കേരളം നാളെ വിദർഭയെ നേരിടും. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം സൂപ്പർ ലീഗിലെത്തിയ കേരളം മികച്ച ബാറ്റിംഗ്-ബൗളിംഗ് നിരയുമായാണ് കളത്തിലിറങ്ങുന്നത്.

നാഗ്പൂര്‍: സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിന്റെ സൂപ്പര്‍ ലീഗ് പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം. ആദ്യ മത്സരത്തില്‍ കേരളം നാളെ വിദര്‍ഭയെ നേരിടും. നാഗ്പൂരില്‍ രാവിലെ 11 മണിക്കാണ് മത്സരം. പ്രാഥമിക റൗണ്ടിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ആത്മവിശ്വാസവുമായാണ് കേരളം സൂപ്പര്‍ ലീഗ് പോരാട്ടങ്ങള്‍ക്കിറങ്ങുന്നത്.

നീണ്ട പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളം സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിന്റെ സൂപ്പര്‍ ലീഗില്‍ കടക്കുന്നത്. സി ഗ്രൂപ്പില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് കേരളത്തിന്റെ മുന്നേറ്റം. മികച്ച ഫോമിലുള്ള ബാറ്റിങ് നിരയാണ് കേരളത്തിന്റെ ഏറ്റവും വലിയ കരുത്ത്. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ആന്ധ്രപ്രദേശിനേക്കാള്‍ മികച്ച റണ്‍റേറ്റായിരുന്നു കേരളത്തിന്റേത്.

അവസാന മൂന്ന് മത്സരങ്ങളിലും ടീമിന് തകര്‍പ്പന്‍ തുടക്കം നല്‍കിയ ഓപ്പണര്‍മാരുടെ പ്രകടനമാണ് കേരളത്തിന് സൂപ്പര്‍ ലീഗിലേക്ക് വഴിതുറക്കുന്നതില്‍ നിര്‍ണായകമായത്. പോണ്ടിച്ചേരിക്കും അസമിനുമെതിരെ ഓപ്പണിങ് വിക്കറ്റില്‍ നൂറിലേറെ റണ്‍സ് കൂട്ടിച്ചേര്‍ത്ത മുഹമ്മദ് അസറുദ്ദീനും രോഹന്‍ കുന്നുമ്മലും ചേര്‍ന്ന് ഹിമാചലിനെതിരെ 5.2 ഓവറില്‍ 82 റണ്‍സും അടിച്ചെടുത്തു. അസമിനെതിരെ 93-ഉം ഹിമാചലിനെതിരെ 101-ഉം റണ്‍സെടുത്ത മുഹമ്മദ് അസറുദ്ദീന്‍ തന്നെയാണ് ബാറ്റിങ് നിരയിലെ പ്രധാന ശ്രദ്ധാകേന്ദ്രം. മധ്യനിരയില്‍ സഞ്ജു സാംസണ്‍, സല്‍മാന്‍ നിസാര്‍, വിഷ്ണു വിനോദ്, അബ്ദുള്‍ ബാസിദ് തുടങ്ങി ബി?ഗ് ഹിറ്റര്‍മാരുടെ നീണ്ട നിരതന്നെ കേരളത്തിനുണ്ട്. തുടക്കം മുതല്‍ ആക്രമിച്ചു കളിക്കാനും ആവശ്യമുള്ള ഘട്ടങ്ങളില്‍ ഇന്നിങ്‌സ് വേ?ഗത്തിലാക്കാനും സാധിക്കുന്ന ബാറ്റര്‍മാരുടെ സാന്നിധ്യം സൂപ്പര്‍ ലീഗിലെ കരുത്തരായ എതിരാളികള്‍ക്കെതിരെ കേരളത്തിന് മുതല്‍ക്കൂട്ടാകും.

ബാറ്റിങ്ങിനൊപ്പം തന്നെ സ്ഥിരതയാര്‍ന്ന ബൗളിങ് പ്രകടനമാണ് ടൂര്‍ണ്ണമെന്റിലുടനീളം ഇത്തവണ കേരളം പുറത്തെടുത്തത്. പ്രാഥമിക റൗണ്ടില്‍ 15 വിക്കറ്റ് വീതം വീഴ്ത്തി ബൗളിങ് പട്ടികയില്‍ ഒന്നാമതുള്ള മൂന്ന് താരങ്ങളിലൊരാള്‍ കേരളത്തിന്റെ എം ഡി നിധീഷാണ്. രണ്ട് മത്സരങ്ങളില്‍ നാല് വിക്കറ്റ് വീതം വീഴ്ത്തിയ നിധീഷിന്റെ പ്രകടനം ടീമിന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമായിരുന്നു. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ വീഴ്ത്തി എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാനും അവസാന ഓവറുകളില്‍ റണ്‍സ് നിയന്ത്രിക്കാനും കേരള ബൗളര്‍മാര്‍ക്ക് സാധിക്കുന്നുണ്ട്.

സൂപ്പര്‍ ലീഗില്‍ ഓരോ ടീമിനും മൂന്ന് മത്സരങ്ങള്‍ വീതമാണുള്ളത്. വിദര്‍ഭ, ബറോഡ, ഡല്‍ഹി എന്നിവരാണ് കേരളത്തിന്റെ എതിരാളികള്‍. ഇതില്‍ ഡല്‍ഹിയും ബറോഡയും ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായാണ് സൂപ്പര്‍ ലീഗിലേക്ക് യോഗ്യത നേടിയത്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളായ പ്രിയാന്‍ഷ് ആര്യയും യഷ് ദുള്ളും അടങ്ങുന്ന ശക്തമായ നിരയാണ് ഡല്‍ഹിയുടേത്. സൂപ്പര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന രണ്ട് ടീമുകളാണ് ഫൈനലിലേക്ക് യോഗ്യത നേടുക. ഡിസംബര്‍ ആറിനാണ് കലാശപ്പോരാട്ടം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കൂച്ച് ബെഹാര്‍ ട്രോഫി: കേരളവും പോണ്ടിച്ചേരിയും തമ്മിലുള്ള മത്സരം സമനിലയില്‍
'ഇങ്ങോട്ട് കിട്ടിയത് അങ്ങോട്ട് കൊടുക്കുന്നു'; ആകാശ് ദീപിനെ നേരെ ബൗണ്‍സര്‍ എറിഞ്ഞതില്‍ വിശദീകരണവുമായി കെയ്ല്‍ ജാമിസണ്‍