ക്രൈസ്റ്റ്ചർച്ചിൽ നടന്ന ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ടെസ്റ്റിൽ ആകാശ് ദീപിന് നേരെ തുടരെ ബൗൺസറുകൾ എറിഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി കെയ്ൽ ജാമിസൺ. ഇന്ത്യൻ താരങ്ങൾ നേരത്തെ പ്രകടിപ്പിച്ച ആക്രമണോത്സുകതയ്ക്ക് മറുപടിയായാണ് താൻ ഇപ്രകാരം ചെയ്തതെന്ന് ജാമിസൺ വ്യക്തമാക്കി. കടുത്ത ആക്രമണം നേരിട്ടിട്ടും ആകാശ് ദീപ് 29 റൺസ് നേടി മികച്ച ചെറുത്തുനിൽപ്പ് നടത്തി.
ക്രൈസ്റ്റ്ചര്‍ച്ച്: ഹാഗ്ലി ഓവലില്‍ നടന്ന ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിവസം ന്യൂസിലന്‍ഡ് പേസര്‍ കൈല്‍ ജാമിസണ്, ആകാശ് ദീപിന് നേരെ തുടരെ ഷോര്‍ട്ട് പിച്ച് പന്തുകളെറിഞ്ഞിരുന്നു. വാലറ്റക്കാരനോട് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ ജാമിസണ് നടത്തിയ ആക്രമണോത്സുക സ്പെല്ലിനിടെ ഇന്ത്യന്‍ പേസറുടെ ഹെല്‍മെറ്റില്‍ രണ്ട് തവണ പന്ത് കൊണ്ടു. ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 356 റണ്‍സിന് മറുപടി പറഞ്ഞ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെന്ന നിലയില്‍ പരുങ്ങുമ്പോഴായിരുന്നു സംഭവം.
ആകാശിന് നേരെ ബൗണ്‍സറുകള്‍ തുടരുന്നത് എന്തുകൊണ്ടെന്ന് ന്യൂസിലന്‍ഡ് ടീമിലെ ഒരു താരം ചോദ്യം ചെയ്തപ്പോള്‍ ജാമിസണ് തന്റെ നിലപാട് വ്യക്തമാക്കി. ''അവന് നമുക്ക് തന്നതാണ്. ഞാന്‍ എന്തിന് അവനെ കരുതിയിരിക്കണം? എന്തിന്? അവന് നമുക്ക് തന്നാല്‍, നമ്മള് തിരിച്ച് കൊടുക്കും. നമ്മളല്ല തുടങ്ങിയത്, പക്ഷേ നമ്മള് അവസാനിപ്പിക്കും.'' ജാമിസണ് പറഞ്ഞു. ആദ്യ ഷോര്‍ട്ട് ബോള്‍ ആകാശ് ദീപിന്റെ ഹെല്‍മെറ്റിന്റെ ഗ്രില്ലിലാണ് കൊണ്ടത്. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ ടീം ഫിസിയോ ഗ്രൗണ്ടിലെത്തി പരിശോധന നടത്തി. കണ്‍കഷന്‍ പരിശോധനയ്ക്ക് ശേഷം ദീപിന് ബാറ്റിങ് തുടരാന്‍ അനുമതി ലഭിച്ചു. എന്നാല്‍ നാല് പന്തുകള്‍ക്ക് ശേഷം ജാമിസണ് എറിഞ്ഞ മറ്റൊരു ബൗണ്‍സറും ദീപിന്റെ ഹെല്‍മെറ്റില്‍ കൊണ്ടു. തുടര്‍ന്ന് ഹെല്‍മെറ്റ് മാറിയ ശേഷമാണ് ദീപ് ഇന്നിങ്സ് പുനരാരംഭിച്ചത്.
പരമ്പരയില്‍ ഇന്ത്യ സ്വീകരിച്ച ആക്രമണോത്സുക ശൈലിയാണ് ജാമിസണിന്റെ ഈ പ്രതികരണത്തിന് കാരണമെന്നാണ് സൂചന. ഇതിന് മുന്‍പ് നടന്ന ഏകദിന പരമ്പരയ്ക്കിടെ ഗുര്‍നൂര്‍ ബ്രാര്‍ ന്യൂസിലന്‍ഡ് താരങ്ങളുമായി രൂക്ഷമായ വാക്പോരില്‍ ഏര്‍പ്പെട്ടിരുന്നു. നിലവിലെ ടെസ്റ്റിലും ബ്രാര്‍ ഷോര്‍ട്ട്-പിച്ച് പന്തുകളിലൂടെ ജാമിസണിനെ പരീക്ഷിക്കുകയും, ഒരു ബൗണ്‍സര്‍ ന്യൂസിലന്‍ഡ് ബാറ്ററുടെ കൈത്തണ്ടയില്‍ കൊള്ളുകയും ചെയ്തിരുന്നു.
ഇതിനുള്ള മറുപടിയായാണ് കിവീസ് പേസര്‍ ആകാശ് ദീപിനെ ലക്ഷ്യം വെച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. എങ്കിലും, ആകാശ് ദീപിനെ ലക്ഷ്യം വെച്ചതിനെക്കുറിച്ച് വിശദീകരിക്കുമ്പോള്‍ ജാമിസണ് ബ്രാറിന്റെ പേര് നേരിട്ട് പരാമര്‍ശിച്ചില്ല.
കടുത്ത ബൗണ്‍സര്‍ ആക്രമണത്തിനിടയിലും 52 പന്തില്‍ 29 റണ്‍സ് നേടിയ ആകാശ്, ജുറലിനൊപ്പം എട്ടാം വിക്കറ്റില്‍ വിലപ്പെട്ട 46 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിങ്സില്‍ 99 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ പേസര്‍ നേരത്തെയും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

