ബും ബും സ്റ്റെയ്‌ന്‍! പേസ് ഇതിഹാസത്തെ ബുമ്ര ഓര്‍മ്മിപ്പിക്കുന്നതായി പീറ്റേഴ്‌സണ്‍

By Web TeamFirst Published Sep 8, 2021, 2:27 PM IST
Highlights

ഓവല്‍ ടെസ്റ്റിന്‍റെ അഞ്ചാം ദിനത്തിലെ രണ്ടാം സെഷനില്‍ ബുമ്ര എറിഞ്ഞ സ്‌പെല്ലാണ് മത്സരം ഇന്ത്യയുടെ വരുതിയിലാക്കിയത്

ലണ്ടന്‍: ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്ര ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ഡെയ്‌ല്‍ സ്റ്റെയ്‌നെ ഓര്‍മ്മിപ്പിക്കുന്നതായി കെവിന്‍ പീറ്റേഴ്‌സണ്‍. ഓവല്‍ ടെസ്റ്റിലെ ബുമ്രയുടെ മിന്നും സ്‌പെല്ലിന് പിന്നാലെയാണ് ഇംഗ്ലീഷ് മുന്‍ ബാറ്റ്സ്‌മാന്‍ ഇന്ത്യന്‍ താരത്തെ പ്രകീര്‍ത്തിച്ചത്. ഓവലില്‍ അവസാന ദിനം തന്‍റെ രണ്ടാം സ്‌പെല്ലില്‍ 6-3-6-2 ആയിരുന്നു ബുമ്രയുടെ ബൗളിംഗ് പ്രകടനം. 

'തീവ്രതയില്‍, കൃത്യതയോടെ, വേഗത്തില്‍, അച്ചടക്കത്തോടെ ലോഗ് സ്‌പെല്ലുകള്‍ എറിയാന്‍ ജസ്‌പ്രീത് ബുമ്രക്കാകും. ഇക്കാര്യത്തില്‍ കഴിഞ്ഞ ആഴ്‌ച വിരമിക്കല്‍ പ്രഖ്യാപിച്ച ഡെയ്‌ല്‍ സ്റ്റെയ്‌നെയാണ് ബുമ്ര ഓര്‍മ്മിപ്പിക്കുന്നത്. സ്റ്റെയ്‌നാണ് എന്നെ സംബന്ധിച്ച് എക്കാലത്തെയും മികച്ച പേസര്‍. എല്ലാ സാഹചര്യങ്ങളിലും സ്റ്റെയ്‌ന്‍ മികച്ച പ്രകടനം പുറത്തെടുത്തു എന്നതാണ് കാരണം. സ്റ്റെയ്‌നോളം ഉയരത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും ലോകത്തിന്‍റെ ഏത് ഭാഗത്തും എതിരാളികളെ വിറപ്പിക്കാന്‍ കഴിയുന്ന മികവ് ബുമ്രയെ വേറിട്ടതാക്കും' എന്നും പീറ്റേഴ്‌സണ്‍ പറഞ്ഞു. 

വഴിത്തിരിവ് ബുമ്ര

ഓവല്‍ ടെസ്റ്റിന്‍റെ അഞ്ചാം ദിനത്തിലെ രണ്ടാം സെഷനില്‍ ബുമ്ര എറിഞ്ഞ സ്‌പെല്ലാണ് മത്സരം ഇന്ത്യയുടെ വരുതിയിലാക്കിയത്. ആദ്യ ഇന്നിംഗ്‌സിലെ ടോപ് സ്‌കോറര്‍ ഓലി പോപ്പിനെ രണ്ട് റണ്‍സിലും ജോണി ബെയര്‍സ്റ്റോയെ അക്കൗണ്ട് തുറക്കും മുമ്പും ബുമ്ര ബൗള്‍ഡാക്കി. 'മത്സരത്തില്‍ വഴിത്തിരിവായത് ബുമ്രയുടെ സ്‌പെല്ലാണ്. ബുമ്ര നന്നായി പന്തെറിഞ്ഞെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. അദേഹം ലോകോത്തര ബൗളറാണ്' എന്നും മത്സര ശേഷം ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് സമ്മതിച്ചിരുന്നു. 

ഹെഡിംഗ്‌ലെയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 76 റണ്‍സിനും പരാജയം രുചിച്ച ശേഷം ഓവലില്‍ ഇംഗ്ലണ്ടിനെ 157 റണ്‍സിന് കീഴടക്കി ശക്തമായി ടീം ഇന്ത്യ തിരിച്ചെത്തുകയായിരുന്നു. ഓവലിലെ ടെസ്റ്റുകളില്‍ വിജയിക്കാനുള്ള നീണ്ട 50 വര്‍ഷത്തെ ഇന്ത്യന്‍ കാത്തിരിപ്പാണ് ഇതോടെ അവസാനിച്ചത്. മാഞ്ചസ്റ്ററില്‍ സെപ്റ്റംബര്‍ 10ന് ഇംഗ്ലണ്ട്-ഇന്ത്യ അഞ്ചാം ടെസ്റ്റിന് തുടക്കമാകും. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ നിലവില്‍ 2-1ന് മുന്നിലാണ് വിരാട് കോലി നയിക്കുന്ന ടീം ഇന്ത്യ. 

തീ തുപ്പും സ്റ്റെയ്‌ന്‍

എക്കാലത്തെയും മികച്ച പേസര്‍മാരില്‍ ഒരാളാണ് കഴിഞ്ഞ ആഴ്‌ച വിരമിക്കല്‍ പ്രഖ്യാപിച്ച ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ഡെയ്‌ല്‍ സ്റ്റെയ്‌ന്‍. 2004ൽ ഇംഗ്ലണ്ടിനെതിരെ രാജ്യാന്തര അരങ്ങേറ്റം കുറിച്ച സ്റ്റെയ്ന്‍ 17 വര്‍ഷം നീണ്ട കരിയറില്‍ 93 ടെസ്റ്റുകളിലും 125 ഏകദിനങ്ങളിലും 47 ടി20 മത്സരങ്ങളിലും ദക്ഷിണാഫ്രിക്കക്കായി പന്തെറിഞ്ഞു. ടെസ്റ്റില്‍ 439 വിക്കറ്റും ഏകദിനത്തില്‍ 196 വിക്കറ്റും ടി20യില്‍ 64 വിക്കറ്റും നേടി. ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ നാനൂറ് വിക്കറ്റ് തികച്ച റെക്കോഡ് സ്റ്റെയിന്‍റെ പേരിലാണ്. 

ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്ന്‍ വിരമിച്ചു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!