തകർത്തടിച്ച് പൊള്ളാർഡ്, എറിഞ്ഞിട്ട് ബ്രാവോ; ദക്ഷിണാഫ്രിക്കക്കെതിരെ വിൻഡീസിന് ജയം

By Web TeamFirst Published Jul 2, 2021, 5:25 PM IST
Highlights

ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് പൊള്ളാർഡിന്റെയും ലെൻഡൽ സിമൺസിന്റെയും ബാറ്റിം​ഗ് മികവിൽ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തപ്പോൾ ദക്ഷിണാഫ്രിക്കയുടെ മറുപടി 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 146 റൺസിലൊതുങ്ങി.

ആന്റി​ഗ്വ: ക്യാപ്റ്റനൊത്ത പ്രകടനവുമായി കീറോൺ പൊള്ളാർഡ് മുന്നിൽ നിന്ന് നയിച്ചപ്പോൾ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് 21 റൺസിന്റെ ഉജ്ജ്വല വിജയം. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് പൊള്ളാർഡിന്റെയും(25 പന്തിൽ 51 നോട്ടൗട്ട്), ലെൻഡൽ സിമൺസിന്റെയും (34 പന്തിൽ 47) ബാറ്റിം​ഗ് മികവിൽ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തപ്പോൾ ദക്ഷിണാഫ്രിക്കയുടെ മറുപടി 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 146 റൺസിലൊതുങ്ങി. ജയത്തോടെ അഞ്ച് മത്സര പരമ്പരയിൽ വിൻഡീസ് ദക്ഷിണാഫ്രിക്കക്ക് ഒപ്പമെത്തി(2-2).

നാലോവറിൽ 19 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്ത ഡ്വയിൻ ബ്രാവോയാണ് ദക്ഷിണാഫ്രിക്കയുടെ കുതിപ്പിന് കടിഞ്ഞാണിട്ടത്. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം അഞ്ചിന് നടക്കും. സ്കോർ വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ 167-6, ദ​ക്ഷിണാഫ്രിക്ക 20 ഓവറിൽ 146-9.

Sit back, relax and enjoy the skipper Kieron Pollard as today's . | pic.twitter.com/WIbZ9UWTz3

— Windies Cricket (@windiescricket)

ടോസ് നഷ്ടമായി ബാറ്റിം​ഗിനിറങ്ങിയ വിൻഡീസിനായി ലെൻഡൽ സിമൺസ് മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും മറ്റാർക്കും കാര്യമായ സംഭാവന നൽകാനായില്ല. എൽവിൻ ലൂയിസ്(7), ക്രിസ് ​ഗെയ്ൽ(5), ഹെറ്റ്മെയർ(7), നിക്കൊളാസ് പുരാൻ(16), ആന്ദ്രെ റസൽ(9) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ അഞ്ച് സിസ്കുകളുടെ അകമ്പടിയോടെയാണ് പൊള്ളാർഡ് 25 പന്തിൽ 51 റൺസുമായി പുറത്താകാതെ നിന്നത്. 13 പന്തിൽ 19 റൺസെടുത്ത ഫാബിയൻ അലനും പൊള്ളാർഡിന് മികച്ച പിന്തുണ നൽകി.

മറുപടി ബാറ്റിം​ഗിൽ 43 പന്തിൽ 60 റൺസെടുത്ത ക്വിന്റൺ ഡീ കോക്ക് മാത്രമെ ദക്ഷിണാഫ്രിക്കക്കായി തിളങ്ങിയുള്ളു. ക്യാപ്റ്റൻ ബാവുമ എഴ് റൺസെടുത്ത് പുറത്തായപ്പോൾ മാർക്രം(20), മില്ലർ(12), ഹെൻഡ്രിക്കസ്(2) എന്നിവർ നിരാശപ്പെടുത്തി. വിൻഡീസിനായി ബ്രാവോ നാല് വിക്കറ്റെടുത്തപ്പോൾ റസൽ രണ്ട് വിക്കറ്റെടുത്തു.

click me!