
ദില്ലി: ഇന്ത്യന്‍ ടീമിന്റെ ലോകകപ്പ് കിരീടം അഹമ്മദാബാദിലെ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കം മുറുകുന്നു. മുന്‍ ഇന്ത്യന്‍ താരം കീര്‍ത്തി ആസാദിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ഹെഡ് കോച്ച് ഗൗതം ഗംഭീറും താരം ഇഷാന്‍ കിഷനും രംഗത്തെത്തിയെങ്കിലും, തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് ആസാദ് വ്യക്തമാക്കി. ഇന്ത്യന്‍ ടീമിന്റെ മതപരമായ വൈവിധ്യം കണക്കിലെടുക്കുമ്പോള്‍ കിരീടവുമായി ക്ഷേത്രദര്‍ശനം നടത്തിയത് ഉചിതമല്ലെന്നായിരുന്നു കീര്‍ത്തി ആസാദിന്റെ വാദം.
കായികരംഗത്തെ മതത്തിന് മുകളില്‍ നിര്‍ത്തണമെന്നും ഈ വിജയം എല്ലാ സമുദായങ്ങളില്‍പ്പെട്ട ജനങ്ങളുടേതുമാണെന്നും 1983-ലെ ലോകകപ്പ് ടീം അംഗം കൂടിയായ ആസാദ് പറഞ്ഞു. ''ഇന്ത്യയുടെ വിജയത്തില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും സിഖുകാരും ക്രിസ്ത്യാനികളും ഉള്‍പ്പെടെ എല്ലാവരും ആവേശഭരിതരായിരുന്നു. ഒരു കായികതാരമോ കായിക വിനോദമോ ഏതെങ്കിലും പ്രത്യേക മതത്തിന്റെയോ ജാതിയുടെയോ ഭാഗമല്ല. നമ്മുടെ കളിക്കാര്‍ ഇന്ത്യക്ക് വേണ്ടിയാണ് വിജയം നേടിയത്.'' അദ്ദേഹം പറഞ്ഞു.
തന്റെ വാദത്തെ ശരിവെക്കാന്‍ മലയാളി താരം സഞ്ജു സാംസണെയാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. ''നമ്മുടെ ടീമില്‍ സഞ്ജു സാംസണുണ്ട്. അദ്ദേഹം ഒരു ക്രിക്കറ്റ് താരമായാണ് കളിച്ചത്, അല്ലാതെ ഒരു ക്രിസ്ത്യാനിയായല്ല. അദ്ദേഹം നേടിയ റണ്‍സ് ഇന്ത്യന്‍ ടീമിന് വേണ്ടിയായിരുന്നു, അല്ലാതെ ഒരു മതത്തിന് വേണ്ടിയല്ല. അതുകൊണ്ട് തന്നെ ഈ വിജയം എല്ലാ ഭാരതീയര്‍ക്കും അവകാശപ്പെട്ടതാണ്.'' ആസാദ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ കീര്‍ത്തി ആസാദിന്റെ പ്രസ്താവനകള്‍ക്കെതിരെ ഗൗതം ഗംഭീര്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. ഇത്തരം പ്രസ്താവനകള്‍ ടീമിന്റെ നേട്ടത്തെ ഇല്ലാതാക്കുമെന്ന് അദ്ദേഹം പറഞ്ഞു. 'ഇതൊന്നും മറുപടി പോലും അര്‍ഹിക്കാത്ത ചോദ്യങ്ങളാണ്. രാജ്യം മുഴുവന്‍ ആഘോഷിക്കുന്ന ഒരു നിമിഷമാണിത്. ഇത്തരം പ്രസ്താവനകള്‍ ആ 15 കളിക്കാരുടെ കഠിനാധ്വാനത്തെ വിലകുറച്ചു കാണിക്കാനേ സഹായിക്കൂ. അവര്‍ നേരിട്ട സമ്മര്‍ദ്ദങ്ങള്‍ ആലോചിച്ചു നോക്കൂ, അവരോട് ചെയ്യുന്നത് അനീതിയാണ്.'' ഗംഭീര്‍ വ്യക്തമാക്കി. അതേസമയം, ഇതേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ഇഷാന്‍ കിഷന്‍ തയ്യാറായില്ല. 'മറ്റെന്തെങ്കിലും ചോദിക്കൂ' എന്നായിരുന്നു താരത്തിന്റെ മറുപടി.
വിമര്‍ശനങ്ങള്‍ ഉണ്ടെങ്കിലും, ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കണമെന്നും തന്റെ നിലപാടില്‍ മാറ്റമില്ലെന്നും കീര്‍ത്തി ആസാദ് ആവര്‍ത്തിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!