
ദില്ലി: ഓപ്പണര്‍ കെ എല്‍ രാഹുല്‍(KL Rahul) ഏഷ്യാ കപ്പിലൂടെ(Asia Cup 2022) ഇന്ത്യന്‍ ടീമിലേക്ക്(Indian National Cricket Team) തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്. പരിക്കിന്‍റെ പിടിയിലായിരുന്ന മറ്റൊരു താരവും പേസറുമായ ദീപക് ചാഹറിനും(Deepak Chahar) സ്‌ക്വാഡില്‍ ഇടംപിടിക്കാനായേക്കും എന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു. ഓഗസ്റ്റ് എട്ടിനാണ് ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമിനെ പ്രഖ്യാപിക്കുക. ടി20 ഫോര്‍മാറ്റില്‍ ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 11 വരെയാണ് ഏഷ്യാ കപ്പ് ടൂര്‍ണമെന്‍റ്.
'കെ എല്‍ രാഹുലിന് ഒന്നും തെളിക്കേണ്ടതില്ല. അദ്ദേഹമൊരു ക്ലാസ് താരമാണ്. സ്‌പെഷ്യലിസ്റ്റ് ഓപ്പണറായാണ് രാഹുല്‍ ടി20യില്‍ കളിക്കാറ്, അത് തുടരും. സൂര്യകുമാര്‍ യാദവും റിഷഭ് പന്തും സ്‌പെഷ്യലിസ്റ്റ് മധ്യനിര താരങ്ങളായി തുടരും' എന്നും ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു. രാജ്യാന്തര ടി20യില്‍ 56 മത്സരങ്ങളില്‍ രണ്ട് സെഞ്ചുറികളോടെ 40.69 ശരാശരിയിലും 142.49 സ്‌ട്രൈക്ക് റേറ്റിലും 1831 റണ്‍സ് രാഹുലിനുണ്ട്. ഐപിഎല്‍ കരിയറില്‍ 190 മത്സരങ്ങളില്‍ 4 ശതകങ്ങളോടെ 3889 റണ്‍സും സ്വന്തം. ബാറ്റിംഗ് ശരാശരി 48.01 ഉം സ്‌ട്രൈക്ക് റേറ്റ് 136.22 ഉം.
ഫെബ്രുവരിക്ക് ശേഷം ഇന്ത്യക്കായി ഒരു മത്സരം പോലും രാഹുല്‍ കളിച്ചിട്ടില്ല. പരിക്കിനെ തുടര്‍ന്ന് സ്‌പോര്‍ട്‌സ് ഹെര്‍ണിയ ശസ്‌ത്രക്രിയക്ക് വിധേയനായ രാഹുല്‍ സുഖംപ്രാപിച്ചുവരുന്നതിനിടെ കൊവിഡ് ബാധിതനായതാണ് തിരിച്ചുവരവ് വൈകിപ്പിച്ചത്. നിലവിലെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ രാഹുല്‍ ടീമിനൊപ്പമില്ല. ഇന്ത്യയുടെ വരാനിരിക്കുന്ന സിംബാബ്‌വെ പര്യടത്തില്‍ രാഹുലുണ്ടാവുമെന്ന് പ്രതീക്ഷിച്ചെങ്കിലും പൂര്‍ണമായും ആരോഗ്യം വീണ്ടെടുക്കാത്തത് തിരിച്ചടിയായി. പൂര്‍ണമായും ഫിറ്റ്നസ് വീണ്ടെടുക്കാനാകാത്തതിനാലാണ് സിംബാബ്‍വെക്കെതിരായ പരമ്പരയിൽ നിന്നും വിട്ടുനിൽക്കുന്നതെന്ന് കെ എൽ രാഹുൽ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
ഈ മാസം 27ന് യുഎഇയില്‍ തുടങ്ങുന്ന ഏഷ്യാ കപ്പില്‍ ആറ് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍. ദുബായിയും ഷാര്‍ജയുമാണ് മത്സരങ്ങളുടെ വേദി. അയല്‍ക്കാരായ ഇന്ത്യയും പാക്കിസ്ഥാനും ബി ഗ്രൂപ്പിലാണ്. യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന ഒരു ടീം കൂടി ഈ ഗ്രൂപ്പിലുണ്ടാകും. ഹോങ്കോങ്, കുവൈത്ത്, സിംഗപ്പൂര്‍, യുഎഇ ടീമുകളാണ് യോഗ്യതാ പോരാട്ടത്തില്‍ മാറ്റുരക്കുന്ന ടീമുകള്‍. വൈരികളായ പാകിസ്ഥാനെതിരെ ദുബായിയില്‍ ഓഗസ്റ്റ് 28നാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഏഷ്യാ കപ്പിനുള്ള ടീമിനെ പാകിസ്ഥാന്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഏഷ്യാ കപ്പ് ടീമിനെ തന്നെയാവും ടി20 ലോകകപ്പില്‍ ഇന്ത്യ കളിപ്പിക്കുക എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 13-ാം തിയതിയാണ് ഏഷ്യാ കപ്പ് ഫൈനല്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!