നെതര്‍ലന്‍ഡ്‌സിനിനെതിരെയും ഏഷ്യാ കപ്പിലും ഇറങ്ങുന്ന സ്‌ക്വാഡുകള്‍ തമ്മില്‍ അഞ്ച് വ്യത്യാസമാണുള്ളത്
ലാഹോര്‍: നെതര്‍ലന്‍ഡ്‌സിന് എതിരായ ഏകദിന പരമ്പരയ്‌ക്കും(Pak squad for Netherlands ODIs), ഏഷ്യാ കപ്പ് ടി20യ്‌ക്കും(Pak squad for Asia Cup 2022) ശക്തമായ സ്‌ക്വാഡുകളെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍. സ്റ്റാര്‍ ബാറ്റര്‍ ബാബര്‍ അസമാണ്(Babar Azam) ഇരു ടീമിന്‍റേയും നായകന്‍. പരിചയസമ്പന്നനായ പേസര്‍ ഹസന്‍ അലിക്ക്(Hasan Ali dropped) പകരം വൈറ്റ് ബോളില്‍ ഇതുവരെ അരങ്ങേറിയിട്ടില്ലാത്ത പത്തൊമ്പതുകാരന്‍ നസീം ഷാ(Naseem Shah) ഇരു സ്‌ക്വാഡിലും ഇടംപിടിച്ചതാണ് ഏറ്റവും ശ്രദ്ധേയം. പാകിസ്ഥാനെ 13 ടെസ്റ്റില്‍ നസീം ഷാ പ്രതിനിധീകരിച്ചിട്ടുണ്ട്.
ഏകദിന പരമ്പരയ്‌ക്ക് 16 ഉം ഏഷ്യാ കപ്പിന് 15 ഉം താരങ്ങളടങ്ങിയ സ്‌ക്വാഡാണ് പ്രഖ്യാപിച്ചത്. നെതര്‍ലന്‍ഡ്‌സിനിനെതിരെയും ഏഷ്യാ കപ്പിലും ഇറങ്ങുന്ന സ്‌ക്വാഡുകള്‍ തമ്മില്‍ അഞ്ച് വ്യത്യാസമാണുള്ളത്. നെതര്‍ലന്‍ഡ്‌സിനെതിരായ സ്‌ക്വാഡിലുള്ള അബ്‌ദുള്ള ഷഫീഖ്, ഉമാം ഉള്‍ ഹഖ്, മുഹമ്മദ് ഹാരിസ്, സല്‍മാന്‍ അലി അഗ, സാഹിദ് മെഹ്‌മൂദ് എന്നിവര്‍ക്ക് പകരം ആസിഫ് അലി, ഹൈദര്‍ അലി, ഇഫ്‌തിഖര്‍ അഹമ്മദ്, ഉസ്‌മാന്‍ ഖാദിര്‍ എന്നീ താരങ്ങളാണ് ഏഷ്യാ കപ്പില്‍ അണിനിരക്കുക. ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ ഓഗസ്റ്റ് 28-ാം തിയതിയാണ് പാകിസ്ഥാന്‍റെ ആദ്യ മത്സരം. ദുബായിയാണ് ഈ ആവേശപ്പോരാട്ടത്തിന് വേദിയാവുക.
നെതര്‍ലന്‍ഡ്‌സിനെതിരായ പാക് സ്‌ക്വാഡ്: ബാബര്‍ അസം(ക്യാപ്റ്റന്‍), ഷദാബ് ഖാന്‍, അബ്‌ദുള്ള ഷഫീഖ്, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഇമാം ഉള്‍ ഹഖ്, ഖുഷ്‌ദില്‍ ഷാ, മുഹമ്മദ് ഹാരിസ്, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്‌വാന്‍, മുഹമ്മദ് വസീം, നസീം ഷാ, സല്‍മാന്‍ അലി അഗ, ഷഹീന്‍ ഷാ അഫ്രീദി, ഷാനവാസ് ദഹാനി, സാഹിദ് മെഹ്‌മൂദ്.
ഏഷ്യാ കപ്പിനുള്ള പാക് സ്‌ക്വാഡ്: ബാബര്‍ അസം(ക്യാപ്റ്റന്‍), ഷദാബ് ഖാന്‍, ആസിഫ് അലി, ഫഖര്‍ സമാന്‍, ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഇഫ്‌തിഖര്‍ അഹമ്മദ്, ഖുസ്‌ദില്‍ ഷാ, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്‌വാന്‍, മുഹമ്മദ് വസീം, നസീം ഷാ, ഷഹീന്‍ ഷാ അഫ്രീദി, ഷാനവാസ് ദഹാനി, ഉസ്‌മാന്‍ ഖാദിര്‍.
ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഇന്ത്യ-പാക് പോരാട്ടം
ഈ മാസം 27ന് യുഎഇയില്‍ തുടങ്ങുന്ന ഏഷ്യാ കപ്പില്‍ ആറ് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടായിരിക്കും മത്സരങ്ങള്‍ നടത്തുക. ദുബായിയും ഷാര്‍ജയുമാണ് മത്സരങ്ങള്‍ക്ക് വേദിയാവുക. ഇന്ത്യയും പാക്കിസ്ഥാനും ബി ഗ്രൂപ്പിലാണ്. യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന ഒരു ടീം കൂടി ഈ ഗ്രൂപ്പിലുണ്ടാകും. ഹോങ്കോങ്, കുവൈത്ത്, സിംഗപ്പൂര്‍, യുഎഇ ടീമുകളാണ് യോഗ്യതാ പോരാട്ടത്തില്‍ മാറ്റുരക്കുന്ന ടീമുകള്‍.
പ്രാഥമിക റൗണ്ടുകള്‍ക്ക് ശേഷം സെപ്റ്റംബര്‍ മൂന്നിന് തുടങ്ങുന്ന സൂപ്പര്‍ ഫോര്‍ റൗണ്ടില്‍ ആദ്യ മത്സരത്തില്‍ ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനത്താക്കാരും രണ്ടാം സ്ഥാനക്കാരും തമ്മില്‍ ഏറ്റുമുട്ടും. നാലിന് എ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും ഏറ്റുമുട്ടും. ആറിന് എ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും തമ്മില്‍ മത്സരിക്കും. ഏഴിന് എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും തമ്മിലുള്ള പോരാട്ടം നടക്കും. എട്ടിന് എ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും തമ്മില്‍ മത്സരിക്കും. ഒമ്പതിന് ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും തമ്മില്‍ മത്സരിക്കും. 13-ാം തിയതിയാണ് ഫൈനല്‍.
