സിംബാബ്‌വേ പര്യടനം: ടീം ഇന്ത്യയെ നയിക്കുക രോഹിത് ശര്‍മ്മയല്ല, കെ എല്‍ രാഹുല്‍- റിപ്പോര്‍ട്ട്

By Jomit JoseFirst Published Jul 21, 2022, 10:32 AM IST
Highlights

ഐപിഎല്‍ 2022 സീസണിന് ശേഷം പരിക്കിനെ തുടര്‍ന്ന് രാജ്യാന്തര മത്സരങ്ങള്‍ കെ എല്‍ രാഹുല്‍ കളിച്ചിട്ടില്ല

മുംബൈ: മൂന്ന് ഏകദിനങ്ങളുടെ സിംബാബ്‌വേ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ(Team India) സ്ഥിരം നായകന്‍ രോഹിത് ശര്‍മ്മയ്‌ക്ക്(Rohit Sharma) പകരം കെ എല്‍ രാഹുല്‍(KL Rahul) നയിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലുള്ള സീനിയര്‍ താരങ്ങളില്‍ ചിലര്‍ക്ക് സിംബാബ്‌വേയ്ക്കെതിരായ പരമ്പരയില്‍ വിശ്രമം അനുവദിച്ചേക്കും. വിന്‍ഡീസിനെതിരെ കളിക്കാത്ത വിരാട് കോലി തിരിച്ചെത്തുമോ എന്നത് ആകാംക്ഷയാണ്. 

പരിക്ക് മാറി, പൊളിക്കാന്‍ രാഹുല്‍, തയ്യാറെടുപ്പ് ഗംഭീരം 

ഐപിഎല്‍ 2022 സീസണിന് ശേഷം രാജ്യാന്തര മത്സരങ്ങള്‍ കെ എല്‍ രാഹുല്‍ കളിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ പരിക്കിനെ തുടര്‍ന്ന് താരത്തെ ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനവും രാഹുലിന് നഷ്ടമായി. വിന്‍ഡീസ് പര്യടനത്തിനുള്ള ടി20 സ്‌ക്വാഡില്‍ രാഹുലിന്‍റെ പേരുണ്ടെങ്കിലും ഫിറ്റ്‌നസ് പരീക്ഷയില്‍ വിജയിച്ചാല്‍ മാത്രമേ ടീമിലുള്‍പ്പെടുത്തൂ. പരിക്കിനെ തുടര്‍ന്നുള്ള ശസ്‌ത്രക്രിയക്ക് ശേഷം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികില്‍സയും പരിശീലനവും നടത്തിവരികയാണ് രാഹുല്‍ ഇപ്പോള്‍. ജര്‍മ്മനിയില്‍ രാഹുല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. തുടര്‍ന്ന് ബിസിസിഐയുടെ നിര്‍ദേശപ്രകാരമാണ് താരം എന്‍സിഎയില്‍ എത്തിയത്. 

വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 സ്‌ക്വാഡ്: രോഹിത് ശര്‍മ്മ, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍(ഫിറ്റ്‌നസ് നിര്‍ണായകം), സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്(ഫിറ്റ്‌നസ് നിര്‍ണായകം), ഭുവനേശ്വര്‍ കുമാര്‍, ആവേഷ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്. 

സഞ്ജു സാംസണിന് അവസരം തെളിയുമോ?

വിന്‍ഡീസിനെതിരെ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക. ഇതിന് ശേഷമാണ് സിംബാബ്‌വേയ്‌ക്കെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പര. തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ഓഗസ്റ്റ് 18, 20, 22 തീയതികളിലായിരിക്കും മത്സരങ്ങള്‍ എന്നാണ് സൂചന. ഐസിസി വണ്‍ഡേ സൂപ്പര്‍ ലീഗിന്‍റെ ഭാഗമായാണ് പരമ്പര നിശ്ചയിച്ചിരിക്കുന്നത്. അടുത്ത ഏകദിന ലോകകപ്പിന് യോഗ്യത ഉറപ്പാക്കാന്‍ സിംബാബ്‌വേയ്ക്ക് ഈ പരമ്പര നിര്‍ണായകമാണ്. 2016ലാണ് ഇന്ത്യ അവസാനമായി സിംബാബ്‌വേയില്‍ കളിച്ചത്. അന്ന് എം എസ് ധോണിക്ക് കീഴിലുള്ള ഇന്ത്യന്‍ ടീം സിംബാബ്‌വെയില്‍ മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളും കളിച്ചു. 

പരമ്പര ഇന്ത്യയെ സംബന്ധിച്ച് ഏറെ നിര്‍ണായകമല്ലാത്തതിനാല്‍ സിംബാബ്‌വേയിലേക്ക് രണ്ടാംനിര ടീമിനെ അയക്കാനായിരിക്കാം ബിസിസിഐയുടെ തീരുമാനം. അതുകൊണ്ടുതന്നെ വിന്‍ഡീസിനെതിരെ കളിക്കുന്ന ഏകദിന ടീമിനെ നിലനിര്‍ത്താനും സാധ്യതയേറെയാണ്. സിംബാബ്‌വെയിലേക്കും ഈ അയക്കാന്‍ തീരുമാനിച്ചാല്‍ മലയാളി താരം സഞ്ജു സാംസണിന് വീണ്ടും അവസരം തെളിയും.

നെറ്റ്‌സില്‍ കെ എല്‍ രാഹുലിന് പന്തെറിഞ്ഞ് വനിതാ താരം ജുലന്‍ ഗോസ്വാമി- വൈറല്‍ വീഡിയോ കാണാം

click me!