
റാഞ്ചി: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയുടെ ഏകദിന ടീമിലേക്ക് തിരിച്ചെത്തിയ റുതുരാജ് ഗെയ്കവാദിനെ പ്രശംസിച്ച് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍. ഓപ്പണിംഗ് സ്ഥാനത്തേക്കാണ് റുതുരാജിനെ പരിഗണിക്കുക. എന്നാല്‍ നാളെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കുമോ എന്നുള്ള കാര്യം ഉറപ്പില്ല. രോഹിത്തിനൊപ്പം ഇടങ്കയ്യന്‍ ഓപ്പണറായ യശസ്വി ജയ്‌സ്വാളിനെ കളിപ്പിക്കാനാണ് കൂടുതല്‍ സാധ്യത. 2023 ലെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാണ് 28 കാരനായ ഗെയ്ക്വാദ് അവസാനമായി ഏകദിനം കളിച്ചത്.
ഇതിനിടെയാണ് റുതുരാജിനെ കുറിച്ച് രാഹുല്‍ സംസാരിച്ചത്. ''റുതുരാജ് ഒരു ലോകോത്തര താരമാണ്. അദ്ദേഹത്തിന് ലഭിച്ച പരിമിതമായ അവസരങ്ങള്‍ നന്നായി ഉപയോഗിക്കാന്‍ റുതുരാജിന് സാധിച്ചിരുന്നു. അതൊക്കെ നമുക്കെല്ലാം അറിയുന്നതുമാണ്. നിര്‍ഭാഗ്യവശാല്‍ ഏകദിനങ്ങളില്‍ ആദ്യ അഞ്ച് അല്ലെങ്കില്‍ ആറ് സ്ഥാനക്കാര്‍ സ്ഥിരതയുള്ളവരും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരുമാണ്. അതുകൊണ്ടുതന്നെ മതിയായ അവസരങ്ങള്‍ ലഭിക്കാത്ത താരങ്ങളെ കുറിച്ചോര്‍ത്ത് വിഷമം തോന്നും.'' രാഹുല്‍ പറഞ്ഞു.
രാഹുല്‍ തുടര്‍ന്നു... ''ഏതെങ്കിലും ഘട്ടത്തില്‍ അദ്ദേഹത്തിന് അവസരം ലഭിക്കും. ആ അവസരം നന്നായി മുതലാക്കാന്‍ റുതുരാജിന് കഴിയുമെന്നാണ് വിശ്വാസം. അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ച് ഒരിക്കലും ഒരു ചോദ്യത്തിന്റേയും ആവശ്യമില്ല. ശരിയായ അവസരത്തെയും സമയവും വരും. ഈ പരമ്പരയില്‍ അദ്ദേഹത്തിന് കൡക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.'' രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ടീമിന് സ്ഥിരതയുള്ള ടോപ്പ് ഓര്‍ഡര്‍ ഉള്ളതിനാല്‍, റുതുരാജിനെ പോലെയുള്ള താരങ്ങള്‍ക്ക് പലപ്പോഴും കാത്തിരിക്കേണ്ടിവരുമെന്നും രാഹുല്‍ വ്യക്തമാക്കി.
ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ആദ്യ ഏകദിന മത്സരത്തില്‍ 117 റണ്‍സ് നേടിയിരുന്നു റുതുരാജ്. രണ്ടാം മത്സരത്തില്‍ പുറത്താകാതെ 68 റണ്‍സ് നേടിയ താരം, അവസാന ഏകദിനത്തില്‍ 25 റണ്‍സും നേടി. അതിന് പിന്നാലെയാണ് താരത്തെ ടീമിലേക്ക് തിരിച്ചുവിളിച്ചത്.