
ബെർലിന്‍: സ്പോർട്സ് ഹെർണിയ സർജറിക്ക് വിധേയനായ ഇന്ത്യന്‍ ഓപ്പണർ കെ എല്‍ രാഹുലിന്(KL Rahul) ഏഷ്യാകപ്പ്(Asia Cup 2022) ക്രിക്കറ്റ് ടൂർണമെന്‍റ് നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. രാഹുലിന് പൂർണമായി ഭേദമാകാന്‍ കുറച്ച് മാസങ്ങള്‍ വേണ്ടിവന്നേക്കും.
'നാട്ടിലെത്തിയ ശേഷം കെ എല്‍ രാഹുല്‍ കുറച്ചുദിവസം വിശ്രമിക്കും. അതിന് ശേഷം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ താരത്തിന്‍റെ തുടർ ചികില്‍സകള്‍ ആരംഭിക്കും. ഇതിനായി കുറച്ച് ആഴ്ചകള്‍ വേണ്ടിവരും. ശേഷമാകും നെറ്റ് സെഷനിലേക്ക് പ്രവേശിക്കുക. ഏഷ്യാകപ്പില്‍ രാഹുലിന് കളിക്കാനാകുമോ എന്നത് കാത്തിരുന്ന് അറിയാം. എങ്കിലും സാധ്യതകള്‍ വിരളമാണ്' എന്നും പേര് വെളിപ്പെടുത്താത്ത ബിസിസിഐ വൃത്തങ്ങള്‍ വാർത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. സ്പോർട്സ് ഹെർണിയ ശസ്ത്രക്രിയക്ക് ശേഷം തെറാപ്പിയും പരിശീലനവും പൂർത്തിയാക്കി മൈതാനത്തേക്ക് മടങ്ങിയെത്താന്‍ ആറ് മുതല്‍ 12 ആഴ്ചകള്‍ താരങ്ങള്‍ക്ക് എടുക്കാറുണ്ട് എന്നാണ് ഇഎസ്‍പിഎന്‍ ക്രിക്ഇന്‍ഫോയുടെ റിപ്പോർട്ട്.
ശ്രീലങ്കയില്‍ ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബർ 11 വരെയാണ് ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ് നടക്കേണ്ടത്. എന്നാല്‍ മത്സരക്രമത്തില്‍ മാറ്റമുണ്ടെന്നും ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബർ 7 വരെയാവും മത്സരങ്ങളെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും സ്ഥിരീകരണമായിട്ടില്ല.
രോഹിത് ശർമ്മയ്ക്ക് വിശ്രമം അനുവദിച്ചതിനാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അഞ്ച് ടി20കളുടെ പരമ്പരയില്‍ കെ എല്‍ രാഹുലിനെ ക്യാപ്റ്റനാക്കിയിരുന്നെങ്കിലും താരത്തിന് പരിക്കുമൂലം കളിക്കാനായിരുന്നില്ല. ഇതോടെ റിഷഭ് പന്തായിരുന്നു ടീമിനെ നയിച്ചത്. അടുത്തിടെ അവസാനിച്ച അയർലന്‍ഡിനെതിരായ രണ്ട് ടി20കളുടെ പരമ്പരയും രാഹുലിന് നഷ്ടമായി. ഹാർദിക് പാണ്ഡ്യയായിരുന്നു ടീം ക്യാപ്റ്റന്‍. ഒരു ടെസ്റ്റും മൂന്ന് വീതം ഏകദിനങ്ങളും ടി20കളുമുള്ള ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്നും രാഹുലിനെ ബിസിസിഐ ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം ജർമനിയിലെ ശസ്ത്രക്രിയക്ക് ശേഷം കെ എല്‍ രാഹുല്‍ സുഖംപ്രാപിച്ചുവരികയാണ്. ഏറ്റവും പുതിയ ചിത്രം രാഹുല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ആരാധകരുടെ സന്ദേശങ്ങള്‍ക്ക് രാഹുല്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ നന്ദി പറഞ്ഞു.
KL Rahul : ശസ്ത്രക്രിയ വിജയകരം, കെ എല്‍ രാഹുല്‍ സുഖംപ്രാപിക്കുന്നു; പുഞ്ചിരിയോടെ ചിത്രം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!