ശസ്ത്രക്രിയ വിജയകരമെന്നും സുഖംപ്രാപിച്ചു വരികയാണെന്നും രാഹുല്‍ ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചു

ബെർലിന്‍: പരിക്കിനെ തുടർന്ന് ജർമനിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ ഇന്ത്യ ഓപ്പണർ കെ എല്‍ രാഹുല്‍(KL Rahul) സുഖംപ്രാപിച്ചുവരുന്നു. ആരാധകരുടെ സന്ദേശങ്ങള്‍ക്ക് രാഹുല്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ നന്ദി പറഞ്ഞു. പുഞ്ചിരിക്കുന്ന ചിത്രത്തോടെയാണ് രാഹുലിന്‍റെ ട്വീറ്റും ഇന്‍സ്റ്റഗ്രാം പോസ്റ്റും. പരിക്കിനെ തുടർന്ന് ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്ന് രാഹുലിനെ നേരത്തെ ഒഴിവാക്കിയിരുന്നു.

ഈ മാസാദ്യമേറ്റ പരിക്കിനെ തുടർന്ന് ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ രാഹുലിനെ കളിപ്പിക്കേണ്ടതില്ലെന്ന് ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മെഡിക്കല്‍ സംഘം ഇന്ത്യന്‍ സെലക്ടർമാരോട് നിർദേശിക്കുകയായിരുന്നു. എഡ്‍ജ്ബാസ്റ്റണില്‍ നാളെ ഇംഗ്ലണ്ടിനെതിരെ ടീം ഇന്ത്യ ഇറങ്ങും. രാഹുല്‍ ഇല്ലാത്തതിനാലും രോഹിത് ശർമ്മ കൊവിഡ് ആശങ്കയില്‍ തുടരുകയാണ് എന്നതിനാലും ആരെയൊക്കെ ഓപ്പണറാക്കണം എന്ന ആശങ്കയിലാണ് ഇന്ത്യന്‍ ടീം. 

View post on Instagram

കഴിഞ്ഞ വർഷം നടന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ അവസാന മത്സരം ഇന്ത്യന്‍ ക്യാമ്പിലെ കൊവിഡ് ഭീതിയെ തുടർന്ന് പുനക്രമീകരിച്ചതാണ് എഡ്‍ജ്ബാസ്റ്റണില്‍ ജൂലൈ 1 മുതല്‍ നടക്കാന്‍ പോകുന്ന മത്സരം. പരമ്പരയില്‍ നിലവില്‍ ടീം ഇന്ത്യ 2-1ന് മുന്നിലാണ്. അതേസമയം ലോക ടെസ്റ്റ് ചാമ്പ്യന്‍മാരായ ന്യൂസിലന്‍ഡിനെ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്താണ് ബെന്‍ സ്റ്റോക്സും സംഘവും ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. രോഹിത് ശർമ്മ കളിക്കുമോ എന്നറിയാന്‍ ഇന്നത്തെ ഫിറ്റ്നസ് ടെസ്റ്റ് നിർണായകമാണ്. 

ഇന്ത്യന്‍ ടെസ്റ്റ് സ്ക്വാഡ്: രോഹിത് ശർമ്മ(ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യർ, ഹനുമ വിഹാരി, ചേതേശ്വർ പുജാര, റിഷഭ് പന്ത്(വിക്കറ്റ് കീപ്പർ), കെ എസ് ഭരത്(വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ. ആർ അശ്വിന്‍. ഷർദ്ദുല്‍ ഠാക്കൂർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പ്രസിദ്ധ് കൃഷ്ണ, മായങ്ക് അഗർവാള്‍.

ENG vs IND : ഇംഗ്ലണ്ടിനെതിരെ ടി20 കളിക്കാന്‍ സഞ്ജു സാംസണും? നിർണായക സൂചന പുറത്ത്