കാര്യവട്ടം പോരിന് മുമ്പ് മലയാളികള്‍ക്ക് നിരാശവാര്‍ത്ത, കളി നിയന്ത്രിക്കാന്‍ അനന്തപത്മനാഭനില്ല

By Gopala krishnanFirst Published Sep 28, 2022, 5:48 PM IST
Highlights

കരിയറിലുടനീളം നിര്‍ഭാഗ്യത്തിന് ഇന്ത്യന്‍ ടീമിലെ സ്ഥാനം പോലും നഷ്ടമായ കളിക്കാരനായിരുന്നു അനന്തപത്മനാഭന്‍. അനില്‍ കുംബ്ലെയുടെ കാലഘട്ടത്തില്‍ കളിച്ചതുകൊണ്ട് രണ്ടാം ലെഗ് സ്പിന്നറായി അനന്തനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. രഞ്ജി ട്രോഫിയില്‍ കേരളത്തിനായി വിക്കറ്റ് കൊയ്ത്ത് നടത്തിയിട്ടും അനന്തന് അങ്ങനെ ഇന്ത്യന്‍ ടീമിലെ അര്‍ഹിക്കുന്ന സ്ഥാനം നഷ്ടമായി.

തിരുവനന്തപുരം: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേ‍ഡിയത്തിലെ പോരാട്ടത്തോടെ തുടക്കമാവുമ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ ഇല്ലെന്ന നിരാശയിലായിരുന്നു ആരാധകര്‍. ടീമില്‍ ഇല്ലെങ്കിലും കാര്യവട്ടത്ത് കളി കാണാന്‍ എത്തുമെന്ന് സഞ്ജു ഉറപ്പ് നല്‍കിയിട്ടുണ്ട്. അതിനിടെ മലയാളികള്‍ക്ക് മറ്റൊരു നിരാശ വാര്‍ത്ത കൂടി കാര്യവട്ടത്തു നിന്ന് വരുന്നുണ്ട്. ഇന്നത്തെ മത്സരത്തിലെ ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരിലൊരാളായി കളി നിയന്ത്രിക്കേണ്ട മലയാളികളുടെ പ്രിയപ്പെട്ട കെ എന്‍ അനന്തപത്മനാഭന് ഇന്ന് മത്സരം നിയന്ത്രിക്കാന്‍ ഇറങ്ങാനാവില്ല എന്നതാണത്.

മത്സരത്തിന് തൊട്ടു മുമ്പ് കൊവിഡ് ബാധിതനായ അനന്തപത്മനഭാന് സ്വന്തം നാട്ടില്‍ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ കളി നിയന്ത്രിക്കാന്‍ ലഭിച്ച അപൂര്‍വ അവസരമാണ് നിര്‍ഭാഗ്യത്തിന് നഷ്ടമായത്. ഓസ്ട്രേലിയക്കെതിരായ ഹൈദരാബാദ് ടി20ക്കുശേഷം അനന്തപത്മനാഭന്‍ ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ സ്പോര്‍ട്സ് എഡിറ്റര്‍ ജോബി ജോര്‍ജിനോട് സംസാരിച്ചപ്പോള്‍ സ്വന്തം നാട്ടില്‍ കളി നിയന്ത്രിക്കാന്‍ ഇറങ്ങുന്ന ആവേശത്തിലായിരുന്നു അനന്തന്‍. എന്നാല്‍ സഞ്ജുവിന് പിന്നാലെ അനന്തനും ഇന്ന് ഗ്രൗണ്ടിലുണ്ടാവില്ലെന്നത് മലയാളികള്‍ക്ക് ഇരട്ടി നിരാശയായി. അനന്തന്‍ ഇല്ലെങ്കിലും മറുനാടന്‍ മലയാളി അമ്പയറായ നിതിന്‍ മേനോന്‍ ആണ് ഇന്ന് മറ്റൊരു ഫീല്‍ഡ് അമ്പയര്‍.

ടി20 റാങ്കിംഗ്: വന്‍ കുതിപ്പുമായി അക്സര്‍, ബാബറിനെ മറികടന്ന് രണ്ടാം സ്ഥാനം തിരിച്ചുപിടിച്ച് സൂര്യകുമാര്‍

കരിയറിലുടനീളം നിര്‍ഭാഗ്യം പിന്തുടര്‍ന്ന കളിക്കാരനായിരുന്നു അനന്തപത്മനാഭന്‍. കരിയറില്‍ ഉച്ഛസ്ഥായിയില്‍ നില്‍ക്കുമ്പോള്‍ പോലും ഇന്ത്യന്‍ ടീമിലെ സ്ഥാനം പോലും അനന്തന് നിഷേധിക്കപ്പെട്ടു. അനില്‍ കുംബ്ലെയുടെ കാലഘട്ടത്തില്‍ കളിച്ചതുകൊണ്ട് രണ്ടാം ലെഗ് സ്പിന്നറായി അനന്തനെ ഇന്ത്യന്‍ ടീമിലേക്ക് സെലക്ടര്‍മാര്‍ പരിഗണിച്ചിരുന്നില്ല. രഞ്ജി ട്രോഫിയില്‍ കേരളത്തിനായി വിക്കറ്റ് കൊയ്ത്ത് നടത്തിയിട്ടും അനന്തന് അങ്ങനെ ഇന്ത്യന്‍ ടീമിലെ അര്‍ഹിക്കുന്ന സ്ഥാനം നഷ്ടമായി.

പിന്നീട് അമ്പയറിംഗ് കരിയര്‍ തെരഞ്ഞെടുത്തപ്പോഴും സ്വന്തം നാട്ടില്‍ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ഒരു മത്സരം നിയന്ത്രിക്കുക എന്നത് അനന്തന്‍റെ സ്വപ്നങ്ങളിലൊന്നായിരുന്നു. അതാണിപ്പോള്‍ കൊവിഡിന്‍റെ രൂപത്തില്‍ അനന്തന് നഷ്ടമായത്. അനന്തന് പകരം ഇന്നത്തെ മത്സരത്തിന്‍റെ ടിവി അമ്പയറായ അനില്‍ ചൗധരിയാകും ഓണ്‍ഫീല്‍ഡ് അമ്പയറാകുക. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിലും അനന്തന് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയില്ലെന്നാണ് സൂചന.

സഞ്ജുവിനെ കോലിക്കും രോഹിത്തിനും സൂര്യകുമാറിനും പകരക്കാരനായി കാണുന്നു, തഴഞ്ഞെന്ന വാദം തെറ്റ്: ജയേഷ് ജോർജ്

click me!