ഹെല്‍മറ്റ് വച്ചതോണ്ടായില്ല, ബോധം വേണം; കോലിയുടെ വിക്കറ്റ് മാതൃകയായെടുത്ത് ഉത്തരാഖണ്ഡ് പൊലീസ്

By Web TeamFirst Published Mar 13, 2021, 1:45 PM IST
Highlights

നേരിട്ട അഞ്ചാം പന്തിലാണ് കോലി പുറത്തായത്. കോലി വിക്കറ്റ് നഷ്ടമാക്കിയ രീതില്‍ റോഡ് സുരക്ഷ ബോധവല്‍ക്കണത്തിന് ഉപയോഗിച്ചിരിക്കുകയാണ് ഉത്തരാഖണ്ഡ് പൊലീസ്.

അഹമ്മദാബാദ്: കരിയറിലെ ഏറ്റവും മോശം ഫോമിലാണ് വിരാട് കോലി. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയില്‍ രണ്ട് തവണ പൂജ്യത്തിന് പുറത്തായ കോലിക്ക് ഇന്നലെ ആദ്യ ടി20യിലും റണ്‍സെടുക്കാനായില്ല. നേരിട്ട അഞ്ചാം പന്തിലാണ് കോലി പുറത്തായത്. കോലി വിക്കറ്റ് നഷ്ടമാക്കിയ രീതില്‍ റോഡ് സുരക്ഷ ബോധവല്‍ക്കണത്തിന് ഉപയോഗിച്ചിരിക്കുകയാണ് ഉത്തരാഖണ്ഡ് പൊലീസ്.

ഉത്തരാഖണ്ഡ് പൊലിസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജാണ് കോലിയെ ട്രോളിയത്. ട്രോളില്‍ പറയുന്നതിങ്ങനെ... ''ഹെല്‍മറ്റ് വെച്ചത് കൊണ്ട് എല്ലാമായില്ല. പൂര്‍ണ ബോധത്തോടെ വാഹനമോടിക്കണം. അതല്ലെങ്കില്‍ കോലിയെ പോലെ പൂജ്യത്തിന് പുറത്താവും.'' ഇതായിരുന്നു ട്വീറ്റിന്റെ സാരം. കളിയില്‍ ആദില്‍ റഷീദാണ് കോലിയുടെ വിക്കറ്റ് വീഴ്ത്തിയത്.

മിഡ് ഓഫില്‍ ക്രിസ് ജോര്‍ദാന് ക്യാച്ച് നല്‍കിയാണ് കോലി മടങ്ങിയത്. മത്സരത്തില്‍ ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് ജയിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് മാത്രമാണ് കണ്ടെത്താനായത്. ഇംഗ്ലണ്ട് 27 പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം മറികടന്നു.

click me!