
മുംബൈ: ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ്പിനുള്ള പോരില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരം സായ് സുദര്‍ശന് ഇന്ന് ആര്‍സിബിയുടെ വിരാട് കോലിയെ മറികടക്കാന്‍ സാധിച്ചേക്കും. നിലവില്‍ ഒന്നാം സ്ഥാനത്തുള്ള കോലിക്ക് 11 മത്സരങ്ങളില്‍ 505 റണ്‍സാണുള്ളത്. കോലിയേക്കാള്‍ ഒരു റണ്‍ മാത്രം പിറകിലാണ് സായ്. 10 മത്സരങ്ങളില്‍ 504 റണ്‍സ്. ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഒരു റണ്ണില്‍ കൂടുതല്‍ നേടിയാല്‍ തന്നെ സായിക്ക് കോലിയെ മറികടക്കും. എന്നാല്‍ മൂന്നാം സ്ഥാനത്തുള്ള മുംബൈയുടെ സൂര്യകുമാര്‍ യാദവിനെ പേടിക്കേണ്ടി വരും. 11 മത്സരങ്ങളില്‍ 475 റണ്‍സുണ്ട് സൂര്യക്ക്.
രാജസ്ഥാന്‍ റോയല്‍സിന്റെ യശസ്വി ജയ്‌സ്വാള്‍ നാലാം സ്ഥാനത്തുണ്ട്. 12 മത്സരങ്ങളില്‍ 473 റണ്‍സാണ് ജയ്‌സ്വാളിന്റെ സമ്പാദ്യം. അഞ്ചാം സ്ഥാനത്തുള്ള ജോസ് ബട്‌ലര്‍ക്കും ആറാമതുള്ള ശുഭ്മാന്‍ ഗില്ലിനും ഒന്നാം സ്ഥാനത്തേക്ക് കയറാനുള്ള അവസരമുണ്ട്. 10 മത്സരങ്ങളില്‍ 470 റണ്‍സാണ് ബട്‌ലര്‍ നേടിയത്. ഇത്രയും മത്സരങ്ങള്‍ കളിച്ച ഗില്ലിന് 465 റണ്‍സുണ്ട്. ഇരുവരും ഇന്ന് മിന്നുന്ന പ്രകടനം പുറത്തെടുത്താല്‍ ഓറഞ്ച് ക്യാപ്പിനുള്ള പോരില്‍ ഇരുവരും മുന്നിലെത്തും. പഞ്ചാബ് കിംഗ്‌സിന്റെ പ്രഭ്‌സിമ്രാന്‍ സിംഗാണ് ഏഴാം സ്ഥാനത്ത്. 11 മത്സരങ്ങില്‍ 437 റണ്‍സ് നേടി പ്രഭ്‌സിമ്രാന്‍. നിക്കോളാസ് പുരാന്‍ (410), ശ്രേയസ് അയ്യര്‍ (405), കെ എല്‍ രാഹുല്‍ (381) എന്നിവര്‍ യഥാക്രമം എട്ട് മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളില്‍.
അതേസമയം, പോയിന്റ് പട്ടികയില്‍ ആര്‍സിബി ഒന്നാമത് തുടരുന്നു. 11 മത്സരങ്ങളില്‍ 16 പോയിന്റാണ് അവര്‍ക്ക്. എട്ട് ജയവും മൂന്ന് തോല്‍വിയും. പിന്നില്‍ പഞ്ചാബ് കിംഗ്‌സ്. 11 മത്സരങ്ങളില്‍ പൂര്‍ത്തിയാക്കിയ അവര്‍ക്ക് 15 പോയിന്റാണുള്ളത്. മുംബൈ ഇന്ത്യന്‍സാണ് മൂന്നാം സ്ഥാനത്ത്. 11 മത്സരങ്ങളില്‍ 14 പോയിന്റാണ് മുംബൈക്ക്. 10 മത്സരങ്ങളില്‍ 14 പോയിന്റുള്ള ഗുജറാത്ത് ടൈറ്റന്‍സ് നാലാം സ്ഥാനത്ത്. ഇരുവരും ഇന്ന് നേര്‍ക്കുനേര്‍ വരുന്നുണ്ട്. മുംബൈ, വാംഖഡെ സ്‌റ്റേഡിയത്തില്‍ ഇന്ന് ജയിക്കുന്നവര്‍ക്ക് ഒന്നാമതെത്താം. തുടര്‍ച്ചയായ ഏഴാം ജയം തേടിയാണ് മുംബൈ ഇറങ്ങുന്നത്.
നിലവില്‍ അഞ്ചാം സ്ഥാനത്താണ് ഡല്‍ഹി. 11 മത്സരങ്ങളില്‍ 13 പോയിന്റാണ് അവര്‍ക്ക്. അവശേഷിക്കുന്ന എല്ലാ മത്സരങ്ങളും ഡല്‍ഹിക്ക് ഇനി ജീവന്മരണ പോരാട്ടങ്ങളാണ്. മിന്നും ഫോമിലുള്ള പഞ്ചാബ് കിംഗ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകളുമായാണ് മത്സരങ്ങളുള്ളത്.