
മുംബൈ: ഐപിഎല്ലില്‍ (IPL 2022) ഡല്‍ഹി കാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 216 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഡല്‍ഹിക്ക് ഡേവിഡ് വാര്‍ണര്‍ (61), പൃഥ്വി ഷാ (51) എന്നിവരുടെ ഇന്നിംഗ്‌സാണ് തുണയായത്. സുനില്‍ നരെയ്ന്‍ (Sunil Narine) കൊല്‍ക്കത്തയ്ക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി.
മോഹിപ്പിക്കുന്ന തുടക്കാണ് വാര്‍ണര്‍- പൃഥ്വി സഖ്യം ഡല്‍ഹിക്ക് നല്‍കിയത്. ആദ്യ വിക്കറ്റില്‍ 84 റണ്‍സ് പിറന്നു. ഒമ്പാതാം ഓവറിലാണ് കൂട്ടുകെട്ട് പിരിയുന്നത്. 29 പന്തില്‍ 51 റണ്‍സെടുത്ത പൃഥ്വിയെ വരുണ്‍ ചക്രവര്‍ത്തി ബൗള്‍ഡാക്കി. രണ്ട് സിക്‌സും ഏഴ് ഫോറും അടങ്ങുന്നതാണ് പൃഥ്വിയുടെ ഇന്നിംഗ്‌സ്.
മൂന്നാമനായി ക്രീസിലെത്തിയ റിഷഭ് പന്തും നിര്‍ണായക സംഭാവന നല്‍കി. 14 പന്ത് മാത്രം നേരിട്ട ക്യാപ്റ്റന്‍ നേടിയത് 27 റണ്‍സ്. രണ്ട് വീതം സിക്‌സും ഫോറും ഇതിലുണ്ടായിരുന്നു. 55 റണ്‍സാണ് വാര്‍ണര്‍ക്കൊപ്പം പന്ത് കൂട്ടിചേര്‍ത്തത്. എന്നാല്‍ ആന്ദ്രേ റസ്സലിന്റെ ബൗണ്‍സര്‍ കട്ട് ചെയ്യാനുള്ള ശ്രമത്തില്‍ തേര്‍ഡ്മാനില്‍ ഉമേഷിന് ക്യാച്ച് നല്‍കി.
പിന്നീടെത്തിയവരില്‍ ലളിത് യാദവ് (1), റോവ്മാന്‍ പവല്‍ (8) എന്നിവര്‍ നിരാശപ്പെടുത്തി. കൂടാതെ വാര്‍ണറും മടങ്ങി. ഇതോടെ അഞ്ചിന് 166 എന്ന നിലയിലായി ഡല്‍ഹി. എന്നാല്‍ ക്രീസില്‍ ഒത്തുചേര്‍ന്ന അക്‌സര്‍ പട്ടേല്‍ (14 പന്തില്‍ 22), ഷാര്‍ദുല്‍ ഠാക്കൂര്‍ (11 പന്തില്‍ 29) സഖ്യം ഡല്‍ഹിയെ മികച്ച സ്‌കോറിലേക്ക് നയിച്ചു. ഇരുവരും 49 റണ്‍സാണ് ടോട്ടലിനൊപ്പം ചേര്‍ത്തത്. ഇതോടെ സ്‌കോര്‍ 215ലെത്തി. ഉമേഷ്, വരുണ്‍, റസ്സല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തെ മാറ്റമില്ലാതെയാണ് കൊല്‍ക്കത്ത ഇറങ്ങിയത്. ഡല്‍ഹി ഒരു മാറ്റം വരുത്തി ആന്റിച്ച നോര്‍ക്യക്ക് പകരം ഖലീല്‍ അഹമ്മദ് പ്ലേയിംഗ് ഇലവനിലെത്തി. ടീം വിട്ടതിന് ശേഷം ശ്രേയസ് അയ്യര്‍ ഡല്‍ഹിക്കെതിരെ ഇറങ്ങുന്ന ആദ്യ മത്സരമാണിത്. കൊല്‍ക്കത്ത തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിടുമ്പോള്‍ തുടര്‍ തോല്‍വിയില്‍ നിന്ന് കരകയറാനാണ് ഡല്‍ഹിയിറങ്ങുന്നത്. ഇരു ടീമും 29 കളിയില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. കൊല്‍ക്കത്ത പതിനാറിലും ഡല്‍ഹി പന്ത്രണ്ടിലും ജയിച്ചു.
കഴിഞ്ഞ സീസണില്‍ പ്ലേ ഓഫിലടക്കം മൂന്ന് തവണയാണ് ഡല്‍ഹിയും കൊല്‍ക്കത്തയും ഏറ്റുമുട്ടിയത്. രണ്ട് കളിയില്‍ കൊല്‍ക്കത്തയും ഒരു കളിയില്‍ ഡല്‍ഹിയും ജയിച്ചു. ഈ സീസണില്‍ മികച്ച പ്രകടനമാണ് ശ്രേയസിന്റെ ക്യാപ്റ്റന്‍സിയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പുറത്തെടുക്കുന്നത്. നാലില്‍ മൂന്നും ജയിച്ച കെകെആര്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നു. അതേസമയം മൂന്ന് കളികളില്‍ ഒരു ജയം മാത്രമുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് ഏഴാം സ്ഥാനത്താണ്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: അജിന്‍ക്യ രഹാനെ, വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍(ക്യാപ്റ്റന്‍), സാം ബില്ലിംഗ്‌സ്(ക്യാപ്റ്റന്‍), നിതീഷ് റാണ, ആന്ദ്രേ റസല്‍, സുനില്‍ നരെയ്ന്‍, പാറ്റ് കമ്മിന്‍സ്, ഉമേഷ് യാദവ്, റാസിഖ് സലാം, വരുണ്‍ ചക്രവര്‍ത്തി.
ഡല്‍ഹി ക്യാപിറ്റല്‍സ്: പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, റിഷഭ് പന്ത്(ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റോവ്മാന്‍ പവല്‍, സര്‍ഫറാസ് ഖാന്‍, ലളിത് യാദവ്, അക്‌സര്‍ പട്ടേല്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, മുസ്തഫിസൂര്‍ റഹ്മാന്‍, ഖലീല്‍ അഹമ്മദ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!