'പ്രകടനം നോക്കു, ഞാന്‍ ദേശീയ ടീമില്‍ സ്ഥാനമര്‍ഹിക്കുന്നു'; അവകാശവാദവുമായി നിതീഷ് റാണ

By Web TeamFirst Published May 18, 2021, 5:13 PM IST
Highlights

ശിഖര്‍ ധവാനോ, ഹാര്‍ദിക് പാണ്ഡ്യയോ ആയിരിക്കും ടീമിനെ നയിക്കുക. പരിക്ക് മാറി തിരിച്ചെത്തുകയാണെങ്കില്‍ ശ്രേയാസ് അയ്യരേയും നായകസ്ഥാനത്തേക്ക് പരിഗണിക്കും.
 

മുംബൈ: ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും. സീനിയര്‍ താരങ്ങള്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനും ഇംഗ്ലണ്ട് പര്യടനത്തിനും പോകുന്ന സാഹചര്യത്തില്‍ പുത്തന്‍നിരയുമായിട്ടായിരിക്കും ഇന്ത്യ ലങ്കയിലേക്ക് തിരിക്കുക. ശിഖര്‍ ധവാനോ, ഹാര്‍ദിക് പാണ്ഡ്യയോ ആയിരിക്കും ടീമിനെ നയിക്കുക. പരിക്ക് മാറി തിരിച്ചെത്തുകയാണെങ്കില്‍ ശ്രേയാസ് അയ്യരേയും നായകസ്ഥാനത്തേക്ക് പരിഗണിക്കും.

മലയാളി താരം സഞ്ജു സാംസണ്‍, ചേതന്‍ സക്കറിയ, റിതുരാജ് ഗെയ്കവാദ്, ദേവ്ദത്ത് പടിക്കല്‍, പൃഥ്വി ഷാ എന്നിവരെയെല്ലാം ടീമിലേക്ക് പരിഗണിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ടീമില്‍ ഉള്‍പ്പെടാന്‍ കഴിയുമെന്നുള്ള പ്രതീക്ഷയിയിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓപ്പണര്‍ നിതീഷ് റാണയും. തന്റെ പ്രതീക്ഷ പങ്കുവെക്കുകയാണ് റാണ. ''ശ്രീലങ്കന്‍ പര്യടനത്തിനുള്ള സംഘത്തില്‍ ഉള്‍പ്പെടുമെന്നാണ് ഞാന്‍ കരുതുന്നത്. ഞാന്‍ തയ്യാറായികൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ എന്റെ റെക്കോഡ് നോക്കൂ. 

ആഭ്യന്തര സീസണോ ഐപിഎല്ലോ ഏതുമാകട്ടെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. അതിനുള്ള പ്രതിഫലം എനിക്ക് കിട്ടുമെന്നാണ് ഞാന്‍ കരുതുന്നത്. ഞാന്‍ ദേശീയ ടീമിലേക്കുള്ള വിളിക്ക് വേണ്ടി കാത്തിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാന്‍ മാനസികമയായി ഞാന്‍ പ്രാപ്തനായി കഴിഞ്ഞു. ദേശീയ ജേഴ്‌സിയണിയാന്‍ ഞാന്‍ കാത്തിരിക്കുകയാണ്.'' റാണ പറഞ്ഞുനിര്‍ത്തി. 

27-കാരനായ റാണ പാതിവഴിയില്‍ നിര്‍ത്തിവച്ച ഐപിഎല്‍ കൊല്‍ക്കത്തയുടെ ഓപ്പണറായിരുന്നു. ഏഴ് മത്സരങ്ങള്‍ കളിച്ച ഇടങ്കയ്യന്‍ 201 റണ്‍സാണ് നേടിയത്.

click me!