അണ്ടര്‍ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ വെറും 80 പന്തിൽ 175 റൺസ് അടിച്ചുകൂട്ടിയ വൈഭവിനെ ഇന്ത്യൻ ടീമിലടുക്കണമെന്ന് മുൻ താരങ്ങള്‍ അടക്കം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബിസിസിഐ ആഗ്രഹിച്ചാലും അത് ഉടൻ നടക്കില്ലെന്നാണ് യാഥാര്‍ത്ഥ്യം.

ഹരാരെ: അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ അടിച്ചുതകർത്ത വൈഭവ് സൂര്യവന്‍ഷി ആരാധകരെ അമ്പരപ്പിക്കുമ്പോള്‍ എന്തുകൊണ്ട് വൈഭവിനെ ടി20 ലോകകപ്പില്‍ കളിപ്പിക്കുന്നില്ലെന്ന ചോദ്യമാണ് ആരാധകരില്‍ നിന്നുയരുന്നത്. പതിനാലുകാരന്‍ വൈഭവും അഭിഷേക് ശര്‍മയും ചേര്‍ന്നുള്ള ഓപ്പണിംഗ് സഖ്യം അതൊരു ഒന്നൊന്നര കൂട്ടുകെട്ടാവില്ലെ എന്നും ആരാധകര്‍ ചോദിക്കുന്നു. അണ്ടര്‍ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ വെറും 80 പന്തിൽ 175 റൺസ് അടിച്ചുകൂട്ടിയ വൈഭവിനെ ഇന്ത്യൻ ടീമിലടുക്കണമെന്ന് മുൻ താരങ്ങള്‍ അടക്കം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബിസിസിഐ ആഗ്രഹിച്ചാലും അത് ഉടൻ നടക്കില്ലെന്നാണ് യാഥാര്‍ത്ഥ്യം.

ഐസിസി കടമ്പ

വൈഭവ് സൂര്യവന്‍ഷിയെ സീനിയർ ടീമിലെടുക്കുന്നതിന് മുന്നിലുള്ള ഏറ്റവും വലിയ തടസം ഐസിസിയുടെ പ്രായപരിധി നിയമമാണ്. 2020-ൽ ഐസിസി നടപ്പിലാക്കിയ നിയമമനുസരിച്ച്, അന്താരാഷ്ട്ര തലത്തിൽ സീനിയർ ടീമിനായി അരങ്ങേറ്റം കുറിക്കാൻ ഒരു താരത്തിന് ഏറ്റവും കുറഞ്ഞത് 15 വയസ് തികയണം. വൈഭവ് സൂര്യവൻഷി ജനിച്ചത് 2011 മാർച്ച് 27-നാണ്. അതുകൊണ്ട് തന്നെ 2026 മാര്‍ച്ച് 27നുശേഷം മാത്രമെ വൈഭവിനെ ഇന്ത്യയുടെ സീനിയര്‍ ടീമിലേക്ക് പരിഗണിക്കാനാവു എന്നതാണ് വസ്തുത. അതുവരെ വരെ വൈഭവിനെ സീനിയര്‍ ടീമിലേക്ക് പരിഗണിക്കാൻ സെലക്ടർമാർക്ക് നിയമപരമായി കഴിയില്ല.

അണ്ടർ-19 ലോകകപ്പിലും കളിക്കാനാവില്ല

പ്രായം വെച്ചുനോക്കിയാല്‍ വൈഭവിന് ഇനിയും രണ്ട് അണ്ടർ-19 ലോകകപ്പുകൾ കൂടി കളിക്കാനുള്ള അവസരമുണ്ട് (2028, 2030). എന്നാൽ ബിസിസിഐയുടെ 'വൺ-ടൂർണമെന്റ്' നിബന്ധന ഇവിടെ വൈഭവിന് മുന്നിൽ വില്ലനാകും. ബിസിസിഐ നയമനുസരിച്ച് ഒരു താരം ഒരു തവണ അണ്ടർ-19 ലോകകപ്പിൽ കളിച്ചാൽ പിന്നീട് അതേ ടൂർണമെന്‍റിലേക്ക് ആ കളിക്കാരനെ വീണ്ടും പരിഗണിക്കില്ല. ജൂനിയർ തലത്തിൽ വ്യാപകമായിരുന്ന പ്രായത്തട്ടിപ്പ് അവസാനിപ്പിക്കാനാണ് ബിസിസിഐ 2016 മുതൽ ഇത്തരമൊരു നിബന്ധന കര്‍ശനമായി നടപ്പാക്കിയത്. കൂടുതല്‍ താരങ്ങള്‍ക്ക് അവസരം നല്‍കുകയെന്നതും പുതിയ പ്രതിഭകളെ കണ്ടെത്തുകയെന്നതും ബിസിസിഐയുടെ ലക്ഷ്യമായിരുന്നു. അണ്ടർ 19 തലത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന താരങ്ങളെ സൃഷ്ടിക്കുന്നതിന് പകരം, അവരെ സീനിയർ തലത്തിലേക്ക് വളരാൻ പ്രേരിപ്പിക്കുകയും ബോർഡിന്‍റെ ലക്ഷ്യമായിരുന്നു. അതുകൊണ്ട് തന്നെ 2028ല്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പില്‍ വൈഭവിന് ടീമിലിടം ലഭിക്കില്ല. 2016 മുതലാണ് ബിസിസിഐ ഈ നിയമം കർശനമായി നടപ്പിലാക്കി തുടങ്ങിയത്.

ഇന്നലെ നടന്ന അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 80 പന്തിൽ 175 റൺസ് നേടിയ വൈഭവ് ഫൈനലിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. ഇന്നലെ ഫൈനലില്‍ മാത്രം 15 സിക്സുകള്‍ പറത്തിയ വൈഭവ് ടൂര്‍ണമെന്‍റിലാകെ 30 സിക്സുകള്‍ അടിച്ച് അണ്ടര്‍ 19 ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്സ് അടിക്കുന്ന താവുമായി.