IPL 2022 : റസ്സല്‍ കൊടുങ്കാറ്റില്‍ പഞ്ചാബ് കിംഗ്‌സ് നിലംപൊത്തി; കൊല്‍ക്കത്തയുടെ ജയം ആറ് വിക്കറ്റിന്

Published : Apr 01, 2022, 11:41 PM IST
IPL 2022 : റസ്സല്‍ കൊടുങ്കാറ്റില്‍ പഞ്ചാബ് കിംഗ്‌സ് നിലംപൊത്തി; കൊല്‍ക്കത്തയുടെ ജയം ആറ് വിക്കറ്റിന്

Synopsis

മുന്‍നിര താരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ 31 പന്തില്‍ 70 റണ്‍സുമായി പുറത്താവാതെ നിന്ന് റസ്സല്‍ കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് കിംഗ്‌സ് 18.2 ഓവറില്‍ 137ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 14.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

മുംബൈ: ഐപിഎല്ലില്‍ ആന്ദ്രേ റസ്സലിന്റെ വെടിക്കെട്ടില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് രണ്ടാം ജയം. പഞ്ചാബ് കിംഗ്‌സിനെ ആറ് വിക്കറ്റിനാണ് കൊല്‍ക്കത്ത തകര്‍ത്തത്. മുന്‍നിര താരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ 31 പന്തില്‍ 70 റണ്‍സുമായി പുറത്താവാതെ നിന്ന് റസ്സല്‍ കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് കിംഗ്‌സ് 18.2 ഓവറില്‍ 137ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 14.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സാം ബില്ലംഗിസ് (24) റസ്സലിനൊപ്പം പുറത്താവാതെ നിന്നു. നാല് വിക്കറ്റ് നേടിയ കൊല്‍ക്കത്ത പേസര്‍ ഉമേഷ് യാദവാണ് മാന്‍ ഓഫ് ദ മാച്ച്. 

രണ്ടാം ഓവറില്‍ തന്നെ കൊല്‍ക്കത്തയ്ക്ക് രഹാനെയെ നഷ്ടമായി. മൂന്ന് ബൗണ്ടറികള്‍ നേടി ആത്മവിശ്വാസത്തിലായിരുന്നു താരം. എന്നാല്‍ റബാദയുടെ പന്തില്‍ അനാവശ്യമായി ബാറ്റ് വച്ച് ക്യാച്ച് നല്‍കുകയായിരുന്നു രഹാനെ. അഞ്ചാം ഓവറില്‍ വെങ്കടേഷും മടങ്ങി. മൂന്ന് റണ്‍സ് മാത്രമെടുത്ത താരത്തെ സ്മിത്ത് ഹര്‍പ്രീത് ബ്രാറിന്റെ കൈകളിലെത്തിച്ചു. ഐപിഎല്‍ 15-ാം സീസണിലെ മൂന്ന് മത്സരങ്ങളും താരം നിരാശപ്പെടുത്തി. ശ്രേയസ് അയ്യര്‍ (26) രാഹുല്‍ ചാഹറിന്റെ പന്തില്‍ കഗിസോ റബാദയ്ക്ക് ക്യാച്ച് നല്‍കി. അഞ്ച് ബൗണ്ടറികള്‍ ഉള്‍പ്പെടുത്തന്നതാണ് ശ്രേയസിന്റെ ഇന്നിംഗ്‌സ്. അതേ ഓവറില്‍ നിതീഷ് റാണ (0) വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഏഴ് ഓവറില്‍ നാലിന് 51 എന്ന നിലയില്‍ തോല്‍വി മുന്നില്‍ കണ്ടിരിക്കുകയായിരുന്നു കൊല്‍ക്കത്ത

പിന്നീടാണ് രക്ഷകന്‍ റസ്സലിന്റെ രൂപത്തില്‍ അവതരിച്ചത്. എട്ട് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു റസ്സലിന്റെ ഇന്നിംഗ്‌സ്. ഒഡെയ്ന്‍ സ്മിത്ത് എറിഞ്ഞ 12-ാം ഓവറില്‍ ഒരു എക്‌സ്ട്രാ ഉള്‍പ്പെടെ 30 റണ്‍സാണ് ബില്ലിംഗ്‌സ്- റസ്സല്‍ സഖ്യം അടിച്ചെടുത്തത്. നാല് സിക്‌സും ഒരു ഫോറും ആ ഓവറിലുണ്ടായിരുന്നു. ഇരുവരും 90 റണ്‍സാണ് കൊല്‍ക്കത്തയുടെ ടോട്ടലിനൊപ്പം കൂട്ടിചേര്‍ത്തത്. ബില്ലിംഗ്‌സിന്റെ ഇന്നിംഗ്‌സില്‍ ഓരോ സിക്‌സും ഫോറുമുണ്ടായിരുന്നു. കൊല്‍ക്കത്തയുടെ രണ്ടാം ജയമാണിത്. പഞ്ചാബിന്റെ ആദ്യ തോല്‍വിയും. 

നേരത്തെ പഞ്ചാബിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 31 റണ്‍സെടുത്ത ഭാനുക രജപക്‌സയാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. കഗിസോ റബാദ 25 റണ്‍സെടുത്തു. ആദ്യ ഓവറില്‍ തന്നെ പഞ്ചാബിന് ക്യാപ്റ്റന്‍ മായങ്കിനെ (Mayank Agarwal) നഷ്ടമായി. ഉമേഷ് യാദവിന്റെ (Umesh Yadav) പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. നാലാം ഓവറില്‍ ശിഖര്‍ ധവാനും മടങ്ങി. 16 റണ്‍സെടുത്ത ധവാനെ ടിം സൗത്തി വിക്കറ്റ് കീപ്പര്‍ സാം ബില്ലിംഗ്‌സിന്റെ കൈകളിലെത്തിച്ചു. പവര്‍ പ്ലേ തീരുന്നതിന് മുമ്പ് രജപക്‌സയും മടങ്ങി. ഒരു ചെറിയ വെടികെട്ട് നടത്തിയാണ് ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ മടങ്ങിയത്. കേവലം ഒമ്പത് പന്തില്‍ നിന്നാണ് രജപക്‌സ 31 റണ്‍സെടുത്തു. ഇതില്‍ മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടും. 

ലിവിംഗ്‌സറ്റണ്‍ വീണ്ടും നിരാശപ്പെടുത്തി. ഉമേഷിന്റെ പന്തില്‍ ലോംഗ് ഓഫില്‍ സൗത്തിക്ക് ക്യാച്ച്. രാജ് ബാവ (11) സുനില്‍ നരെയ്ന്‍ ബൗള്‍ഡാക്കി. ഷാരുഖ് ഖാന് (0) അഞ്ച് പന്ത് മാത്രമായിരുന്നു ആയുസ്. സൗത്തിയുടെ പന്തില്‍ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച് നിതീഷ് റാണയ്ക്ക് ക്യാച്ച് നല്‍കി. 14 റണ്‍സുമായി അല്‍പനേരം പിടിച്ചുനിന്ന ഹര്‍പ്രീത് ബ്രാര്‍ ഉമേഷിന്റെ പന്തില്‍ ബൗള്‍ഡായി. അതേ ഓവറില്‍ രാഹുല്‍ ചാഹറും (0) മടങ്ങി. 

പിന്നീട് ക്രീസിലെത്തിയ റബാദ പഞ്ചാബിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചു. 16 പന്തില്‍ നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയാണ് താരം 25 റണ്‍സെടുത്തത്. 19-ാം ഓവറില്‍ ആന്ദ്രേ റസ്സലിനെതിരെ സിക്‌സടിക്കാന്‍ ശ്രമിക്കുമ്പോല്‍ സൗത്തിക്ക് ക്യാച്ച് നല്‍കുകയായിരുന്നു താരം. അര്‍ഷദീപ് അതേ ഓവറില്‍ റണ്ണൗട്ടായതോടെ പഞ്ചാബിന്റെ സ്‌കോര്‍ 137ന് അവസാനിച്ചു. ഒഡെയ്ന്‍ സ്മിത്ത് (9) പുറത്താവാതെ നിന്നു. ശിവം മാവി, ആന്ദ്രേ റസ്സല്‍, സുനില്‍ നരെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 

ഓരോ മാറ്റം വരുത്തിയാണ് ഇരു ടീമുകളും ഇറങ്ങിയത്. കൊല്‍ക്കത്തയുടെ വിക്കറ്റ് കീപ്പര്‍ ഷെല്‍ഡന്‍ ജാക്‌സണിന് പകരം ശിവം മാവിയെ ടീമിലെത്തി. സാം ബില്ലിംഗ്‌സ് വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിഞ്ഞത്. പഞ്ചാബിന് വേണ്ടി ദക്ഷിണാഫ്രിക്കന്‍ താരം കഗിസോ റബാദ സീസണിലെ ആദ്യ മത്സരം കളിക്കും. സന്ദീപ് ശര്‍മയാണ് പുറത്തായത്.

പഞ്ചാബ് കിംഗ്‌സ് : മായങ്ക് അഗര്‍വാള്‍, ലിയാം ലിവിംഗ്‌സറ്റണ്‍, ഭാനുക രജപക്‌സ, ഷാരുഖ് ഖാന്‍, ഒഡെയ്ന്‍ സ്മിത്ത്, രാജ് ബാവ, അര്‍ഷ്ദീപ് സിംഗ്, ഹര്‍പ്രീത് ബ്രാര്‍, കഗിസോ റബാദ, രാഹുല്‍ ചാഹര്‍. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് : അജിന്‍ക്യ രഹാനെ, വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ, ശ്രേയസ് അയ്യര്‍, സാം ബില്ലിംഗ്‌സ്, ആന്ദ്രേ റസ്സല്‍, സുനില്‍ നരെയ്ന്‍, ടിം സൗത്തി, ഉമേഷ് യാദവ്,  ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി. 

PREV
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്