
ബെംഗളൂരു: കർണാടക പ്രീമിയർ ലീഗിലെ വാതുവെപ്പ് കേസിൽ രണ്ട് കർണാടക രഞ്ജി താരങ്ങൾ അറസ്റ്റിൽ. വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ സി എം ഗൗതം, സ്‌പിന്നർ അബ്രാർ കാസി എന്നിവരെയാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. രണ്ട് താരങ്ങളെയും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്‌തിട്ടുണ്ട്
കെപിഎല്ലിൽ നടന്നത് വ്യാപക ഒത്തുകളിയെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് രണ്ട് പ്രധാന താരങ്ങളുടെ അറസ്റ്റ്. കർണാടകത്തിന്‍റ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാനായിരുന്ന ഗൗതം ഇപ്പോൾ കളിക്കുന്നത് ഗോവക്ക് വേണ്ടിയാണ്. ഇടങ്കയ്യൻ സ്‌പിന്നറായ കാസി നിലവിൽ മിസോറാമിനൊപ്പവും. നാളെ തുടങ്ങുന്ന സയ്യിദ് മുഷ്താഖ് അലി ടൂർണമെന്‍റിനുളള ടീമിൽ അംഗമാണ് ഇരുവരും.
ഐപിഎല്ലിൽ ആർസിബി, മുംബൈ ഇന്ത്യൻസ്, ഡെൽഹി ഡെയർഡെവിൾസ് ടീമുകളിലും ഗൗതം ഉണ്ടായിരുന്നു. കെപിഎല്ലിൽ ബെല്ലാരി ടസ്‌കേഴ്‌സിന്‍റെ നായകനായ ഗൗതം ഹുബ്ബളളിക്കെതിരായ ഫൈനൽ തോറ്റുകൊടുക്കാൻ 20 ലക്ഷം വാങ്ങിയെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ബെലഗാവി ടീം ഉടമ അലി അഷ്‌ഫാഖ് പിടിയിലായതോടെയാണ് അന്വേഷണം കളിക്കാരിലേക്ക് നീണ്ടത്. നാല് ആഭ്യന്തര കളിക്കാരും രണ്ട് പരിശീലകരും ഇതിനോടകം അറസ്റ്റിലായി. കൂടുതൽ അറസ്റ്റുണ്ടാകാനാണ് സാധ്യത.
ഇരുപത് പന്തിൽ 10ൽ കുറവ് റൺസെടുത്താൻ നിശ്ചിത തുകയാണ് ബാറ്റ്സ്‌മാൻമാർക്ക് വാഗ്ദാനം ചെയ്തത്. ഒരോവറിൽ പത്ത് റൺസിലധികം വിട്ടുകൊടുത്താൽ അഞ്ച് ലക്ഷം രൂപ വരെ ബൗളർമാർക്ക് നല്‍കും. 2009ൽ തുടങ്ങിയ കർണാടക പ്രീമിയർ ലീഗിന്‍റെ അവസാന രണ്ട് സീസണുകളിലാണ് വ്യാപകമായി ഒത്തുകളി നടന്നത് എന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ കണ്ടെത്തൽ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!