
ചെന്നൈ: ഐപിഎല്ലില്‍ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ ചെന്നൈ സൂപ്പർ കിംഗ്‌സ് മാനേജ്‌മെന്റിനും താരങ്ങൾക്കുമെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ നായകനും ഇന്ത്യൻ ടീം ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. ചെന്നൈയുടെ ടീം കോമ്പിനേഷൻ അടിമുടി അബദ്ധമാണെന്നും ചില താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയത് തന്നെ തെറ്റാണെന്നും ശ്രീകാന്ത് തന്‍റെ യുട്യൂബ് ചാനലില്‍ തുറന്നടിച്ചു.
ആർസിബിക്കെതിരായ മത്സരത്തിൽ മൂന്ന് ഓവറിൽ 36 റൺസ് വഴങ്ങി വിക്കറ്റൊന്നും നേടാനാകാതെ പോയ ന്യൂസിലൻഡ് പേസർ മാറ്റ് ഹെൻറിക്കെതിരെയാണ് ശ്രീകാന്ത് പ്രധാനമായും വിരൽ ചൂണ്ടിയത്. സിഎസ്‌കെയുടെ ടീം കോമ്പിനേഷൻ തുടക്കം മുതൽക്കേ വലിയ അബദ്ധമാണ്. മാറ്റ് ഹെന്‍റിക്ക് പകരം അക്കീൽ ഹൊസൈനെ കളിപ്പിക്കണമെന്നത് ആർക്കും മനസിലാകുന്ന കാര്യമാണ്. എന്നാൽ എന്തിനാണ് മാറ്റ് ഹെൻറിയെ തന്നെ വീണ്ടും വീണ്ടും കളിപ്പിക്കുന്നത്. ഹെൻറിയെ ടീമിലെടുക്കേണ്ട കാര്യമില്ലായിരുന്നു. ആർസിബി അവനെ തല്ലിച്ചതച്ചു. ഇനി ഒരിക്കൽ പോലും ഹെന്‍റിയെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തരുതെന്നും പറഞ്ഞു.
ഈ സീസണിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് 13 ഇക്കോണമിയിൽ വെറും രണ്ട് വിക്കറ്റുകൾ മാത്രമാണ് ഹെൻറിക്ക് നേടാനായത്. 2 കോടി രൂപയ്ക്കാണ് ഈ ലേലത്തിൽ സിഎസ്‌കെ ഹെൻറിയെ സ്വന്തമാക്കിയത്. ബൗളർമാരെ മാത്രമല്ല, സിഎസ്‌കെയുടെ ബാറ്റിംഗ് നിരയെയും ശ്രീകാന്ത് വിമർശിച്ചു. പ്രത്യേകിച്ച് മലയാളി താരം സഞ്ജു സാംസണിന്‍റെ മോശം ഫോം അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സീസണിൽ രാജസ്ഥാൻ റോയൽസിൽ നിന്നും ട്രേഡിലൂടെ ചെന്നൈയിലെത്തിയ സഞ്ജുവിന് ഇതുവരെ തിളങ്ങാനായിട്ടില്ല. ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന് ശേഷം എത്തിയ സഞ്ജുവിന് മൂന്ന് മത്സരങ്ങളിൽ നിന്ന് വെറും 22 റൺസ് മാത്രമാണ് നേടാനായത് (ശരാശരി 7.33).
ബൗളർമാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ബാറ്റിംഗ് നിര റൺസ് കണ്ടെത്തണം. സഞ്ജു സാംസൺ റൺസ് നേടണം. ഇത് തുടർച്ചയായ മൂന്നാം മത്സരത്തിലാണ് സഞ്ജു പരാജയപ്പെടുന്നതെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി. ബാറ്റിംഗിനും ബൗളിംഗിനും പുറമെ ചെന്നൈയുടെ മോശം ഫീൽഡിംഗിനെയും അദ്ദേഹം പരിഹസിച്ചു. ഇത്തരം ഫീൽഡിംഗ് വെച്ച് ടൂർണമെന്‍റിൽ മുന്നോട്ട് പോകാൻ കഴിയില്ലെന്നും, നിലവിലെ അവസ്ഥയിൽ സിഎസ്‌കെ പ്ലേ ഓഫ് കാണാതെ പുറത്താകുമെന്നും ശ്രീകാന്ത് മുന്നറിയിപ്പ് നൽകി. നിലവിൽ കളിച്ച മൂന്ന് മത്സരങ്ങളിലും തോറ്റ ചെന്നൈ സൂപ്പർ കിംഗ്‌സ് പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനത്താണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!