'നിങ്ങളെ തല്ലിപ്പുറത്താക്കിയ ആ 15-കാരനെ ഒന്ന് അഭിനന്ദിക്കാമായിരുന്നില്ലെ'; പാറ്റ് കമിൻസിനെതിരെ വിമര്‍ശനവുമായി ശ്രീകാന്ത്

Published : May 28, 2026, 12:40 PM ISTUpdated : May 28, 2026, 12:43 PM IST
Vaibhav Sooryavanshi-Pat Cummins

Synopsis

പാറ്റ് കമിൻസ് വൈഭവ് സൂര്യവംശിയെക്കുറിച്ച് ഒരു നല്ല വാക്ക് പോലും പറയാതിരുന്നത് ശരിയായില്ല. ബൗളിങ്ങിൽ പിഴവുകൾ വരുത്താൻ പാടില്ലായിരുന്നു എന്നും, അതുകൊണ്ടാണ് അവൻ റൺസ് നേടിയത് എന്നുമാണ് കമിൻസ് പറയുന്നത്.

ന്യൂ ചണ്ഡീഗഡ്: ഐപിഎൽ എലിമിനേറ്റർ പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ തകർത്തെറിഞ്ഞ രാജസ്ഥാൻ റോയൽസിന്റെ കൗമാര താരം വൈഭവ് സൂര്യവംശിയെ പ്രശംസിക്കാൻ മടി കാണിച്ച ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെതിരെ മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. 15 വയസ് മാത്രം പ്രായമുള്ള ഒരു കുട്ടി തങ്ങളെ തല്ലിച്ചതച്ച് ടൂർണമെന്‍റിൽ നിന്ന് പുറത്താക്കിയിട്ടും അവനെക്കുറിച്ച് നല്ലൊരു വാക്ക് പറയാൻ ഓസ്ട്രേലിയൻ നായകന്‍ കൂടിയായ കമിൻസ് തയ്യാറാകാതിരുന്നത് മോശമായിപ്പോയെന്ന് ശ്രീകാന്ത് തുറന്നടിച്ചു.

ബുധനാഴ്ച മുള്ളൻപൂരിൽ നടന്ന മത്സരത്തിൽ 29 പന്തിൽ 97 റൺസുമായി വൈഭവ് സൂര്യവംശി ഒറ്റയ്ക്ക് സൺറൈസേഴ്‌സ് ബൗളിംഗ് നിരയെ തരിപ്പണമാക്കിയിരുന്നു. വൈഭവിന്‍റെ ഇന്നിംഗ്സിന്‍റെ കരുത്തിൽ രാജസ്ഥാൻ ഉയർത്തിയ 243 റൺസ് പിന്തുടർന്ന ഹൈദരാബാദിന് 196 റൺസെടുക്കാനേ സാധിച്ചുള്ളൂ. 47 റൺസിന്‍റെ തോൽവിയോടെ ഹൈദരാബാദ് ടൂർണമെന്‍റിൽ നിന്ന് പുറത്തായിരുന്നു. എന്നാൽ മത്സരശേഷമുള്ള പ്രതികരണത്തിൽ, വൈഭവിന്‍റെ അസാധാരണ ബാറ്റിംഗ് മികവിനെ അംഗീകരിക്കുന്നതിന് പകരം തങ്ങളുടെ ബൗളർമാർക്ക് പിഴവ് പറ്റിയതുകൊണ്ടാണ് അവൻ റൺസ് അടിച്ചുകൂട്ടിയത് എന്ന രീതിയിലാണ് കമിൻസ് പ്രതികരിച്ചത്. ഇതിനെതിരെയാണ് ശ്രീകാന്ത് തന്‍റെ യൂട്യൂബ് ചാനലിലൂടെ രംഗത്തെത്തിയത്.

 

പാറ്റ് കമിൻസ് വൈഭവ് സൂര്യവംശിയെക്കുറിച്ച് ഒരു നല്ല വാക്ക് പോലും പറയാതിരുന്നത് ശരിയായില്ല. ബൗളിങ്ങിൽ പിഴവുകൾ വരുത്താൻ പാടില്ലായിരുന്നു എന്നും, അതുകൊണ്ടാണ് അവൻ റൺസ് നേടിയത് എന്നുമാണ് കമിൻസ് പറയുന്നത്. അതിന് പകരം, ഇത്രയും അവിശ്വസനീയമായി കളിച്ച ആ 15-കാരനെ കമിന്‍സ് അഭിനന്ദിക്കുകയായിരുന്നു വേണ്ടത്. ഒരു 15 വയസ്സുകാരൻ വന്ന് നിങ്ങളെ തല്ലിച്ചതച്ച് ടൂർണമെന്‍റിൽ നിന്ന് പുറത്താക്കിയിരിക്കുന്നു. അവന് അർഹിക്കുന്ന പ്രശംസ നൽകാനുള്ള കായിക മര്യാദ കാണിക്കണമായിരുന്നുവെന്നും ശ്രീകാന്ത് പറഞ്ഞു.

ഹൈദരാബാദിനെതിരെയുള്ള ഇന്നിംഗ്സോടെ ഐ.പി.എൽ പ്ലേഓഫ് ചരിത്രത്തിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ (12 സിക്സറുകൾ) നേടുന്ന താരമെന്ന റെക്കോർഡ് വൈഭവ് സ്വന്തമാക്കിയിരുന്നു. നിലവിൽ 15 മത്സരങ്ങളിൽ നിന്ന് 680 റൺസോടെ ഓറഞ്ച് ക്യാപും വൈഭവിന്‍റെ കൈകളിലാണ്. പാറ്റ് കമിൻസിന്‍റെ ക്യാപ്റ്റൻസിയെയും ശ്രീകാന്ത് ചോദ്യം ചെയ്തു. കമിൻസിന് പകരം ഇഷാൻ കിഷനെ ഹൈദരാബാദ് സ്ഥിരം ക്യാപ്റ്റനാക്കണമെന്നാണ് ശ്രീകാന്തിന്‍റെ പക്ഷം. സീസണിന്‍റെ തുടക്കത്തിൽ പരിക്കേറ്റ് കമിൻസ് മാറിനിന്ന ആദ്യ 7 മത്സരങ്ങളിൽ ഇഷാൻ കിഷനാണ് സൺറൈസേഴ്സിനെ നയിച്ചിരുന്നത്.

ഹൈദരാബാദ് മാനേജ്‌മെന്റ് ഇനി ചില വലിയ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. ഇത്തവണ സൺറൈസേഴ്‌സ് പ്ലേഓഫ് വരെ എത്തിയത് ഇഷാൻ കിഷന്‍റെ ക്യാപ്റ്റൻസി മികവ് കൊണ്ടാണ്, അല്ലാതെ കമിൻസ് വന്നതുകൊണ്ടല്ല. സാക്കിബ് ഹുസൈൻ, പ്രഫുൽ ഹിംഗെ തുടങ്ങിയ യുവ ബൗളർമാരെ കൃത്യമായി ഉപയോഗിച്ച് ടീമിനെ സെറ്റ് ചെയ്തത് കിഷനാണ്. കിഷൻ തന്നെ ക്യാപ്റ്റനായി തുടർന്നിരുന്നെങ്കിൽ ഹൈദരാബാദ് ഇതിലും മികച്ച പ്രകടനം നടത്തുമായിരുന്നു. കമിൻസിന് സ്പിന്നർമാരെ ഉപയോഗിക്കാൻ ഇപ്പോഴും മടിയാണെന്നും ശ്രീകാന്ത് വ്യക്തമാക്കി. 2024 സീസണിൽ ഹൈദരാബാദിനെ ഫൈനലിൽ എത്തിച്ചെങ്കിലും, കഴിഞ്ഞ സീസണിൽ കമിന്‍സിന് കീഴില്‍ ഹൈദരാബാദ് പ്ലേഓഫ് കാണാതെ പുറത്തായി. ഇത്തവണ രാജസ്ഥാനോട് എലിമിനേറ്ററിൽ തോറ്റ് പുറത്തായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'അവൻ ചെയ്യുന്നത് മറ്റാർക്കും ചിന്തിക്കാൻ പോലുമാകില്ല'; വൈഭവിനെ റിച്ചാർഡ്സിനോടും കപിലിനോടും ഉപമിച്ച് ശ്രീകാന്ത്
'അവന്‍റെ ബാറ്റ് പരിശോധിക്കാൻ ബൗളർമാർ ഒരുമിച്ച് പരാതി നൽകേണ്ടിവരും'; വൈഭവിന്‍റെ വെടിക്കെട്ടിനെക്കുറിച്ച് മുന്‍ ഇന്ത്യൻ താരം