
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എം എസ് ധോണിയുടെ പിന്‍ഗാമിയായി മൂന്ന് ഫോര്‍മാറ്റിലും ഋഷഭ് പന്ത് സ്ഥാനം ഉറപ്പിച്ചെങ്കിലും മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ മറ്റൊരു യുവതാരത്തെയും പരീക്ഷിക്കുമെന്ന സൂചന നല്‍കി ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദ്. ആന്ധ്രാപ്രദേശിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ കെ എസ് ഭരത് ആണ് ടെസ്റ്റ് ടീമില്‍ അരങ്ങേറ്റത്തിനായി കാത്തിരിക്കുന്നതെന്ന് പ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യ എക്കായി ഭരത് പുറത്തെടുത്ത മികച്ച പ്രകടനമാണ് യുവതാരത്തിന് ടെസ്റ്റ് ടീമിലേക്കുള്ള വഴി തുറക്കാന്‍ കാരണമാകുന്നതെന്നും പ്രസാദ് പറഞ്ഞു. ഇന്ത്യ എക്കായി കളിച്ച കഴിഞ്ഞ 11 മത്സരങ്ങളില്‍ 686 റണ്‍സാണ് ഭരത് അടിച്ചുകൂട്ടിയത്. ഇതില്‍ മൂന്ന് സെഞ്ചുറികളും രണ്ട് അര്‍ധസെഞ്ചുറികളും ഉള്‍പ്പെടും. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഋഷഭ് പന്തിനെയും വൃദ്ധിമാന്‍ സാഹയയെയും ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ ഭാവിയില്‍ ഭരത് ആകും ഋഷഭ് പന്തിനൊപ്പം ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കപ്പെടുക.പരിക്കുമൂലം ടീമില്‍ നിന്ന് പുറത്തുപോയ വൃദ്ധിമാന്‍ സാഹയക്ക് തിരിച്ചുവരാന്‍ അവസരമൊരുക്കേണ്ടതാണ് എന്നതിനാലാണ് അദ്ദേഹത്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഇന്ത്യ എക്കായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുന്ന ഭരത് അധികം വൈകാതെ ടെസ്റ്റ് ടീമിലെത്തുമെന്നും പ്രസാദ് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!