ഇന്ത്യയോട് 61 റൺസിന് പരാജയപ്പെട്ടതിനെ തുടർന്ന് പാകിസ്ഥാനിൽ ആരാധകരുടെ പ്രതിഷേധം ശക്തമായി. ഇഷാൻ കിഷന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും ഇന്ത്യൻ ബൗളർമാരുടെ മികച്ച പ്രകടനത്തിന്റെയും ബലത്തിൽ ഇന്ത്യ 175 റൺസ് നേടിയപ്പോൾ, പാകിസ്ഥാൻ 114 റൺസിന് പുറത്തായി. 

കൊളംബോ: ട്വന്‍റി 20 ലോകകപ്പ് പോരാട്ടത്തിൽ ഇന്ത്യയോട് പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാനിൽ ആരാധകരോഷം അണപൊട്ടുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്ന് ഏറ്റുവാങ്ങിയ പാക് ടീമിനോടുള്ള പ്രതിഷേധ സൂചകമായി ആരാധകർ ടെലിവിഷൻ സെറ്റുകൾ തല്ലിത്തകർക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. 61 റൺസിന്‍റെ പടുകൂറ്റൻ തോൽവി പാക് ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ്. 'നാണക്കേടും ആഘാതവും കൊണ്ട് സംസാരിക്കാൻ പോലും കഴിയുന്നില്ല' എന്നായിരുന്നു ടിവി തല്ലിത്തകർത്ത ഒരു പാക് ആരാധകന്റെ പ്രതികരണം.

നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ കളിയുടെ എല്ലാ മേഖലകളിലും പാകിസ്ഥാനെ ബഹുദൂരം പിന്നിലാക്കിയാണ് വിജയം നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി ഇഷാൻ കിഷൻ നടത്തിയ വെടിക്കെട്ട് പ്രകടനമാണ് (40 പന്തിൽ 77 റൺസ്) മത്സരത്തിന്‍റെ ഗതി മാറ്റിയത്. സ്ലോ പിച്ചിലും നിർഭയമായി പന്തുകളെ അതിർത്തി കടത്തിയ കിഷന്റെ ഇന്നിംഗ്സ് ഇന്ത്യക്ക് 175 എന്ന കരുത്തുറ്റ സ്കോർ സമ്മാനിച്ചു. ഇതിന് മറുപടിയായി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാനെ ജസ്പ്രീത് ബുംറയും ഹാർദിക് പാണ്ഡ്യയും ചേർന്ന് തുടക്കത്തിലേ തകർത്തു. ആദ്യ പവർപ്ലേയിൽ തന്നെ നായകൻ സൽമാൻ ആഗ ഉൾപ്പെടെയുള്ള മുൻനിര വിക്കറ്റുകൾ നഷ്ടപ്പെട്ടതോടെ പാകിസ്ഥാൻ പ്രതിരോധത്തിലായി.

നിരാശയോടെ ആരാധകര്‍

സ്റ്റേഡിയത്തിന് പുറത്ത് പാക് ആരാധകർ നിരാശയോടെയാണ് പ്രതികരിച്ചത്. "ഇതൊരു പതിവ് കാര്യമായി മാറിയിരിക്കുന്നു. ബുംറയെയും ഹാർദിക്കിനെയും നേരിടാൻ ഞങ്ങളുടെ പക്കൽ മറുപടിയില്ല. ടീം ഇന്ത്യ എപ്പോഴും മികച്ച രീതിയിൽ ഹോംവർക്ക് ചെയ്താണ് വരുന്നത്," എന്ന് സ്റ്റേഡിയം വിട്ടിറങ്ങിയ മക്ബൂൽ എന്ന ആരാധകൻ വാർത്താ ഏജൻസിയോട് പറഞ്ഞു. മുൻപ് ഇന്ത്യക്കെതിരെ ആധിപത്യം പുലർത്തിയിരുന്ന പാകിസ്ഥാന് കഴിഞ്ഞ 25 വർഷമായി ഇന്ത്യക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ പോലുമാകുന്നില്ലെന്ന നിരാശയും ആരാധകർ പങ്കുവെച്ചു.

ബാബർ അസം ഉൾപ്പെടെയുള്ള വമ്പൻ താരങ്ങൾ ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ കളി മറന്നതോടെ പാകിസ്ഥാൻ കേവലം 114 റൺസിന് ഓൾഔട്ടാവുകയായിരുന്നു. കുൽദീപ് യാദവ്, അക്സർ പട്ടേൽ തുടങ്ങിയവർ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ വിജയം അനായാസമാക്കി. ഈ വിജയത്തോടെ ലോകകപ്പ് ചരിത്രത്തിൽ പാകിസ്ഥാനെതിരായ ഇന്ത്യയുടെ ജയങ്ങളുടെ എണ്ണം 8-1 ആയി ഉയർന്നു. 2026-ലെ ഈ നിർണ്ണായക വിജയത്തോടെ ഇന്ത്യ തങ്ങളുടെ അപരാജിത കുതിപ്പ് തുടരുകയാണ്.