'അക്കാര്യത്തില്‍ തെറ്റ് പറ്റി'; ലോകകപ്പ് ഫൈനല്‍ നിയന്ത്രിച്ച അംപയറുടെ കുറ്റസമ്മതം

By Web TeamFirst Published Jul 22, 2019, 7:33 PM IST
Highlights

മാര്‍ട്ടിന്‍ ഗപ്‌റ്റിലിന്‍റെ ത്രോയില്‍ ആറ് റണ്‍സ് അനുവദിച്ച കുമാര്‍ ധര്‍മ്മസേനയുടെ തീരുമാനം വലിയ വിവാദമായിരുന്നു.

കൊളംബോ: ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് ലോകകപ്പ് കലാശപ്പോരില്‍ മാര്‍ട്ടിന്‍ ഗപ്‌റ്റിലിന്‍റെ ത്രോയില്‍ ആറ് റണ്‍സ് അനുവദിച്ച കുമാര്‍ ധര്‍മ്മസേനയുടെ തീരുമാനം വലിയ വിവാദമായിരുന്നു. മത്സരത്തിന്‍റെ ഗതിതന്നെ മാറ്റിമറിച്ച തീരുമാനത്തില്‍ നാളുകള്‍ക്ക് ശേഷം മൗനം വെടിഞ്ഞിരിക്കുകയാണ് ധര്‍മ്മസേന. 

തെറ്റുപറ്റിയെന്നും എന്നാല്‍ കുറ്റബോധമില്ലെന്നുമാണ് ധര്‍മ്മസേനയുടെ പ്രതികരണം. 'ഒരു റണ്‍സ് കുറവായിരുന്നു അനുവദിക്കേണ്ടിയിരുന്നത്. മൈതാനത്ത് വലിയ അത്യാധുനിക ടെലിവിഷന്‍ സ്‌ക്രീനുകള്‍ തങ്ങള്‍ക്കില്ല. അതിനാല്‍ തന്‍റെ തീരുമാനത്തില്‍ കുറ്റബോധമില്ല. ലെഗ് അംപയറുമായി സംസാരിച്ച ശേഷമാണ് താന്‍ ആറ് റണ്‍സ് അനുവദിക്കാനുള്ള തീരുമാനത്തിലെത്തിയത്. ഇത് മൂന്നാം അംപയറും മാച്ച് റഫറിയും കേട്ടിരുന്നതായും' അദേഹം പറഞ്ഞു. 

ഇംഗ്ലണ്ട് ഇന്നിംഗ്സിന്‍റെ അൻപതാം ഓവറിലെ നാലാം പന്തില്‍ മോര്‍ഗനും സംഘത്തിനും ജയിക്കാൻ വേണ്ടത് മൂന്ന് പന്തിൽ ഒൻപത് റൺസായിരുന്നു. ഗപ്റ്റിലിന്‍റെ ത്രോ സ്റ്റോക്സിന്‍റെ ബാറ്റിൽ തട്ടി ബൗണ്ടറിയിലേക്ക് പാഞ്ഞപ്പോൾ ഇംഗ്ലണ്ടിന് കിട്ടിയത് ആറ് റൺസ്. ഇതോടെ കിവീസിന്‍റെ ജയപ്രതീക്ഷ വഴിമാറുകയും മത്സരം സമനിലയിലേക്കും സൂപ്പര്‍ ഓവര്‍ സമനിലയിലേക്കും ലോര്‍ഡ്‌സിലെ ഭാഗ്യത്തണലില്‍ ഇംഗ്ലണ്ടിന്‍റെ ജയത്തിലേക്കും ചെന്നെത്തി. 

ഗപ്‌‌റ്റിലിന്‍റെ ത്രോയില്‍ ആറ് റണ്‍സ് അനുവദിച്ചത് അംപയറുടെ പിഴവാണെന്ന് പിന്നാലെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. അംപയറുടെ തീരുമാനം വലിയ പിഴവാണ് എന്ന് മുന്‍ ഐസിസി അംപയര്‍ സൈമണ്‍ ടോഫലും പ്രതികരിച്ചു. ഗപ്റ്റില്‍ ത്രോ എറിയുമ്പോള്‍ ഇംഗ്ലീഷ് ബാറ്റ്സ്‌മാന്‍മാര്‍ പരസ്‌പരം ക്രോസ് ചെയ്തിരുന്നില്ലെന്നും അതിനാല്‍ അഞ്ച് റണ്‍സ് അനുവദിക്കാനേ നിയമമുള്ളൂ എന്നുമാണ് ടോഫല്‍ വ്യക്തമാക്കിയത്. ഈ പിഴവാണ് ധര്‍മ്മസേന ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നത്. 

click me!