
കൊളംബോ: ക്രിക്കറ്റ് നിയമങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്ന മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബിന്‍റെ(എംസിസി) ക്യാപ്റ്റനാവാന്‍ ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാര. ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യന്‍മാരായ എസെക്‌സിനെതിരെ ലങ്കയില്‍ നടക്കുന്ന മത്സരത്തിലാണ് എംസിസി ടീമിനെ സംഗക്കാര നയിക്കുക.
ഗോളില്‍ മാര്‍ച്ച് 24 മുതല്‍ 27 വരെയാണ് മത്സരം നടക്കുക. ഇംഗ്ലീഷ് ആഭ്യന്തര സീസണിന്‍റെ പരമ്പരാഗത കര്‍ട്ടണ്‍-റൈസര്‍ എന്ന നിലയ്‌ക്കാണ് മത്സരം സംഘടിപ്പിക്കുന്നത്. 1970ലാണ് ഇത്തരത്തില്‍ എംസിസി ടീമും നിലവിലെ കൗണ്ടി ചാമ്പ്യന്‍മാരും തമ്മില്‍ മത്സരം തുടങ്ങിയത്. 2011 മുതല്‍ ഇംഗ്ലണ്ടിന് പുറത്താണ് മത്സരങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ സീസണിലെ മത്സരത്തിന് ദുബായ് ആണ് വേദിയായത്.
ചരിത്ര മത്സരത്തിനുള്ള വേദിയായി ലങ്കയെ തെരഞ്ഞെടുക്കാന്‍ ചില കാരണങ്ങള്‍ കൂടിയുണ്ട്. എംസിസിയുടെ ലോക ക്രിക്കറ്റ് കമ്മിറ്റി മീറ്റിംഗ് മാര്‍ച്ച് മാസത്തില്‍ ലങ്കയില്‍ നടക്കുന്നുണ്ട്. ലങ്കന്‍ പര്യടനത്തിനായി ഇംഗ്ലീഷ് ടീമും ഈ സമയം രാജ്യത്തുണ്ടാകും.
പതിനഞ്ച് വര്‍ഷം നീണ്ട കരിയറില്‍ 134 ടെസ്റ്റും 404 ഏകദിനങ്ങളും സംഗക്കാര കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 12400 റണ്‍സും ഏകദിനത്തില്‍ 14234 റണ്‍സും സംഗക്കാരയുടെ പേരിലുണ്ട്. ഒക്‌ടോബര്‍ ഒന്നിനാണ് എംസിസിയുടെ ആദ്യ വിദേശ പ്രസിഡന്‍റായി 42കാരനായ സംഗക്കാര ചുമതലയേറ്റത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!